താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യില്ലല്ലോ, പിന്നെങ്ങനെ സൂര്യന്റെ സഞ്ചാരം തിരിച്ചറിയും? അതിനു രണ്ടു മാർഗ്ഗങ്ങളുണ്ട് ഒന്ന്, പ്രഭാതത്തിൽ ഉണർന്നു നോക്കുക. സൂര്യനുദിക്കുന്നതിനു 1-2 മണിക്കൂർ മുമ്പ് കിഴക്കെ ചക്രവാളത്തിൽ കാണുന്ന നക്ഷത്രഗണം ഏതാണെന്നു നോക്കുക. അതിൽനിന്ന് സൂര്യൻ നിൽക്കുന്ന ഗണം ഏതെന്ന് കണക്കാക്കാം. ഇങ്ങനെ കുറേദിവസം തുടർച്ചയായി നോക്കിയാൽ നക്ഷത്രഗണത്തിന്റെ ഉദയം നേരത്തേയാകുന്നതും കാണാം.

ഭൂമി A1-ൽ ആയിരിക്കുമ്പോൾ സൂര്യന്റെ പരഭാഗത്തുള്ള നക്ഷത്രഗണം C1 നമുക്കു കാണാൻ കഴിയില്ല. എന്നാൽ 6 മാസം കഴിയുമ്പോൾ (ഭൂമി A2-ൽ എത്തുമ്പോൾ) C1 അർധരാത്രിക്കു നമ്മുടെ തലയ്ക്കു മുകളിലെത്തും.
സൂര്യൻ ഭൂമിക്കു ചുറ്റും ഒരുവർഷം കൊണ്ടു പൂർത്തിയാക്കുന്നതായി അനുഭവപ്പെടുന്ന പഥമാണ് ക്രാന്തിവൃത്തം. ഇതു പടിഞ്ഞാറു നിന്ന് കിഴക്കോട്ടാണ് ഇതിനു പറുമേ സൂര്യൻ നിത്യേന കിഴക്കു നിന്നും പടിഞ്ഞാറോട്ടു സഞ്ചരിക്കുന്നതായി കാണുന്നു.

രണ്ടാമത്തെ മാർഗം കുറെക്കൂടി ക്ഷമ ആവശ്യമുള്ളതാണ്. ഇന്ന് സൂര്യപശ്ചാത്തലത്തിലുള്ള നക്ഷത്രഗണം (ഉദാ C1) 6 മാസം കഴിഞ്ഞ്, ഭൂമി A2-ൽ എത്തുമ്പോൾ പാതിരാസമയത്ത് നമ്മുടെ തലയ്ക്കു മീതെ നിൽപുണ്ടാവും എന്നു വ്യക്തം. അങ്ങനെ, ഏതു കാലത്തും സൂര്യ പശ്ചാത്തലത്തിലുള്ള നക്ഷത്രത്തെ 6 മാസം കഴിഞ്ഞാൽ നമുക്ക് അർധരാത്രി ഉച്ചിയിൽ കാണാം. ഒരു വർഷം തുടർച്ചയായി ഓരോ ദിവസവും അർധരാത്രിയിൽ തലക്കുമീതേക്കൂടി കടന്നുപോവുന്ന നക്ഷത്രം (transiting star) ഏതെന്നു നിരീക്ഷിക്കുന്ന ഒരാൾക്ക് ഓരോ ദിവസവും സൂര്യൻ ഏതു നക്ഷത്രസമീപം നിൽക്കുന്നു എന്നു പറയാൻ കഴിയും.

പ്രാചീന ജ്യോതിഷികൾ ശ്രദ്ധയോടും താൽപര്യത്തോടും കൂടി സൂര്യന്റെ പശ്ചാത്തല നക്ഷത്രങ്ങൾ മാറി മാറി വരുന്നതു ശ്രദ്ധിച്ചു. പക്ഷേ, ഭൂമിയുടെ ചലനമാണിതിനു കാരണം എന്നവർക്കു മനസ്സിലായില്ല. സൂര്യൻ തന്നെ നക്ഷത്രമണ്ഡലത്തിലൂടെ പടിഞ്ഞാറുനിന്നു കിഴക്കോട്ടു പതുക്കെ (ഒരു ദിവസം ഒരു ഡിഗ്രി വീതം) സഞ്ചരിക്കുകയാണെന്നാണ് അവർ കരുതിയത്. (ഇതിലപ്പുറം അന്ന് ഊഹിക്കുവാൻ കഴിയുമായിരുന്നില്ല. ആയിരത്താണ്ടുകൾക്കു ശേഷം പോലും ഭൂമിയാണ് സൂര്യനെ ചുറ്റുന്നത് എന്ന സിദ്ധാന്തം കോപ്പർ നിക്കസ് മുന്നോട്ടു വച്ചപ്പോൾ അതു സ്വീകരിക്കാൻ ഏറെപ്പേരുണ്ടായില്ല എന്നോർക്കണം)

സൂര്യന്റെ (ഭൂമിക്കു ചുറ്റുമുള്ള സാങ്കല്പിക) സഞ്ചാരപഥത്തെ പ്രാചീനർ ക്രാന്തിവൃത്തം (ecliptic) എന്നു വിളിച്ചു. ക്രാന്തിവൃത്തത്തിന് ഇരു വശത്തുമായി ആകാശത്തിൽ 18 ഡിഗ്രി വീതിയുള്ള ഒരു നാട സങ്കല്പിച്ചാൽ അതാണ് രാശി ചക്രം, അതായത് പടിഞ്ഞാറുനിന്ന് കിഴക്കോട്ട്, ഭൂമിക്കു ചുറ്റും, മധ്യാകാശത്തിലൂടെ ഒരു നാട അതിനെ 12 തുല്യ ഭാഗങ്ങളാക്കിയാൽ (30 ഡിഗ്രി വീതം) 12 രാശികൾ കിട്ടും.

നാളുകൾക്ക് പേരിട്ട അതേ രീതി തന്നെയാണ് രാശികൾക്കു പേരിടാനും ഉപയോഗിച്ചത്. 30 ഡിഗ്രി വരുന്ന ഒരു രാശിക്കുള്ളിൽ ധാരാളം നക്ഷത്രങ്ങളുണ്ടാകുമല്ലോ അവയെ യോജിപ്പിച്ച്