താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ച്ചെത്തുമ്പോൾ തലയ്ക്കുമുകളിൽ സൂര്യനെത്തിയിട്ടുണ്ടാവില്ല (ചിത്രം B). ഭൂമി സ്വയം 1 ഡിഗ്രി കൂടി കറങ്ങിയാലേ സൂര്യൻ തലയ്ക്കു മുകളിലെത്തൂ (ചിത്രം C). അതിന് ഏകദേശം 4 മിനുട്ടു കൂടി വേണം. അതുംകൂടി ചേർത്താൽ 24 മണിക്കൂറായി. അതാണ് ഒരു സൗരദിനം (Solar day). അതായത്, ഒരു ദിവസം (സൗരദിനം) എന്നത് ഭൂമിക്ക് 361 ഡിഗ്രി കറങ്ങാൻ വേണ്ട സമയമാണ്.

JJ-38-1.jpeg
സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ കറക്കം പ്രാചീന ജ്യോതിഷികൾ സൂര്യനിലാരോപിച്ചു. ഭൂമി A1ൽ നിന്ന് A2ൽ എത്തുമ്പോൾ സൂര്യന്റെ സ്ഥാനം C1 എന്ന നക്ഷത്രഗണത്തിൽ നിന്ന് C2വിലേക്ക് പോയതായി നാം കാണുന്നു. സൂര്യൻ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ഒരു ദിവസം ഒരു ഡിഗ്രി വെച്ച്, ചലിക്കുന്നതായി അനുഭവപ്പെടുന്നു.

നക്ഷത്രത്തെ നോക്കിയാണ് ഒരാൾ ദിവസം കണക്കാക്കുന്നതെങ്കിലോ? ഉദാഹരണത്തിന്, ചിത്രം A-യിൽ, P3-യിൽ നിൽക്കുന്ന ഒരാൾ തലയ്ക്കു മുകളിൽ ഒരു നക്ഷത്രത്തെ കാണുന്നുവെന്നിരിക്കട്ടെ. 23 മണിക്കൂറും 56 മിനുട്ടും കഴിയുമ്പോൾ അയാൾ P3 യിൽത്തന്നെ തിരിച്ചെത്തുമല്ലോ (ചിത്രം B). അപ്പോഴും ആ നക്ഷത്രം തലയ്ക്കു മുകളിൽത്തന്നെയുണ്ടാവും. കാരണം നക്ഷത്രത്തിലേക്കുള്ള അനന്ത ദൂരവുമായി താരതമ്യപ്പെടുത്തുമ്പോൾ ഭൂമി ഒരു ദിവസംകൊണ്ടു സഞ്ചരിച്ച ദൂരം തീർത്തും നിസ്സാരമാണ്, നക്ഷത്രം സ്ഥാനം മാറിയതായി തോന്നുകയേയില്ല. ചുരുക്കത്തിൽ നക്ഷത്രത്തെ നോക്കി ദിനദൈർഘ്യം നിശ്ചയിക്കുന്ന ഒരാൾക്ക് 23 മണിക്കൂർ 54 മിനുട്ട് 4.09 സെക്കന്റ് എന്നു കിട്ടും. ഇതിനെയാണ് ഒരു നാക്ഷത്രദിനം (Sidereal day) എന്നു വിളിക്കുന്നത്. ഇന്നു സൂര്യന്റെ ഒപ്പം ഉദിച്ച നക്ഷത്രം നാളെ നാലുമിനുട്ടു നേരത്തെ ഉദിക്കും എന്നാണ് ഇതിനർഥം. എല്ലാ നക്ഷത്രങ്ങളും ഇപ്രകാരം, സൂര്യോദയവുമായി നോക്കുമ്പോൾ, നിത്യേന 4 മിനുട്ടു വീതം നേരത്തെയാകും ഉദിക്കുക. അഥവാ സൂര്യൻ ഓരോ ദിവസവും നക്ഷത്രങ്ങളെ അപേക്ഷിച്ച് നാലു മിനുട്ടു വീതം വൈകിയാവും ഉദിക്കുക. സൂര്യൻ ഒരു ദിവസം 1 ഡിഗ്രി വീതം നക്ഷത്രമണ്ഡലത്തിലൂടെ കിഴക്കോട്ടു നീങ്ങിപ്പോകുന്നു എന്നും പറയാം. ഇതാണ് സൂര്യന്റെ വാർഷിക ചലനമായി അനുഭവപ്പെടുന്നത്.

ഇതേകാര്യം നമുക്കു മറ്റൊരു വിധത്തിൽകൂടി മനസ്സിലാക്കാൻ ശ്രമിക്കാം. ചിത്രം നോക്കൂ. മേടമാസത്തിൽ ഭൂമിയുടെ സ്ഥാനമാണ് A1 എന്നിരിക്കട്ടെ. S സൂര്യനും C1 സൂര്യപശ്ചാത്തലത്തിൽ കാണുന്ന നക്ഷത്രഗണവും ആണ്. ഒരു മാസം കഴിയുമ്പോൾ ഭൂമി 30 ഡിഗ്രി സഞ്ചരിച്ച് A2-ൽ എത്തും. സൂര്യന്റെ പശ്ചാത്തല നക്ഷത്രം അപ്പോൾ C2 ആയിരിക്കും. രണ്ടു മാസം കഴിയുമ്പോൾ ഭൂമി A3-ൽ; പശ്ചാത്തല നക്ഷത്രം C3. ഇങ്ങനെ ഭൂമിയുടെ സ്ഥാനമാറ്റം നമുക്കനുഭവപ്പെടുക സൂര്യന്റെ പശ്ചാത്തല നക്ഷത്രം മാറുന്നതിലൂടെയാണ്. അഥവാ, നക്ഷത്രമണ്ഡലത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി നാം കാണുന്നു, ഒരു ദിവസം ഒരു ഡിഗ്രിവെച്ച്, ഒരു മാസംകൊണ്ട് 30 ഡിഗ്രി

സൂര്യനുള്ളപ്പോൾ പശ്ചാത്തല നക്ഷത്രത്തെ കാണാൻ കഴി