താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിൽക്കുന്നത് അതായിരിക്കും കുഞ്ഞിന്റെ ജന്മനാൾ അഥവാ ജന്മനക്ഷത്രം. കുഞ്ഞു ജനിക്കുമ്പോൾ ചന്ദ്രൻ ചോതി (സ്വാതി) നാളിൽ നിന്നാൽ ജന്മനക്ഷത്രം ചോതിയായി. (തിരുവിതാംകൂർ രാജകുടുംബത്തിലാണു പിറക്കുന്നതെങ്കിൽ ആ കുഞ്ഞ് സ്വാതി തിരുനാളായി) ജനിക്കുന്ന സമയത്ത് ചന്ദ്രനെ കാണുന്നില്ലെങ്കിലും ചന്ദ്രനുള്ള നാൾ ഗണിച്ചു കണ്ടുപിടിക്കാൻ എളുപ്പമാണ്.

ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത് ദീർഘവൃത്തത്തിലായതുകൊണ്ട് ഓരോ നാളിലും സഞ്ചരിക്കേണ്ട ദൂരം വ്യത്യസ്തമായിരിക്കും. ഭൂമിയിൽ നിന്ന് അകലെയായിരിക്കുമ്പോൾ സഞ്ചരിക്കേണ്ട ദൂരം കൂടുകയും ചന്ദ്രന്റെ ചലനവേഗത കുറയുകയും ചെയ്യും. തന്മൂലം നാളിന്റെ ദൈർഘ്യം കൂടും. ഭൂമിയോടടുത്തായിരിക്കുമ്പോൾ നാളിനു നീളം കുറവായിരിക്കും. 28 മണിക്കൂർ മുതൽ 20 1/2 മണിക്കൂർ വരെ നാളിന്റെ നീളം വ്യത്യാസപ്പെടാം.

ബാബിലോണിയരുടെ മാസങ്ങളുടെ പേരുകൾ ഇപ്രകാരമായിരുന്നു. നിസാനു, അയ്‌രു, സിമന്നു, ദൂസു, അബു, ഉലുലു, തിഷ്റുതു, അറാഖ് - സമ്മ, കിസ്ലിമു, തെബിതു, സബാതു, അദാരു. അദാരുവാണ് ഇടയ്ക്കിടെ അധികമാസമായി ചേർത്ത് വർഷത്തെ കാലാവസ്ഥയുമായി ബന്ധിപ്പിച്ചത്. ചില വർഷങ്ങളിൽ തുടർച്ചയായി രണ്ടു മാസം അദാരുവായിരിക്കും എന്നർഥം. വിളവു പാകമാന്നതുമായി ബന്ധപ്പെടുത്തിയാണ് എപ്പോൾ അധിവർഷം വേണമെന്നു തീരുമാനിച്ചത്. ഇതോടൊപ്പം കൃഷിക്കാർക്കുവേണ്ടി ഡക്കനൽ വ്യവസ്ഥയും അവർ വികസിപ്പിച്ചെടുത്തു.

നാൾ അഥവാ ജന്മനക്ഷത്രം എന്ന ആശയം ചെറിയ കാലയളവുകൾ പറയാൻ വളരെ സൗകര്യപ്രദമാണ്. വീട്ടിലൊരു കുഞ്ഞുപിറന്നാൽ, പിറന്നിട്ടെത്ര ദിവസമായി എന്നു കണക്കാക്കാൻ ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്നത് 'ആഴ്ച' എന്ന ആശയമാണല്ലോ. കുഞ്ഞുപിറന്നത് തിങ്കളാഴ്ചയും ഇന്നത്തെ ദിവസം ശനിയാഴ്ചയും ആണെങ്കിൽ പിറന്നിട്ട് ആറാം ദിവസമാണിന്ന് എന്നു വ്യക്തം. പ്രാചീന ഭാരതീയ ജ്യോതിഷത്തിൽ 'ആഴ്ച' ഉണ്ടായിരുന്നില്ല. പ്രപഞ്ച സൃഷ്ടിയുമായി ബന്ധപ്പെട്ട് സെമറ്റിക് ജനവിഭാഗങ്ങളുടെ കഥകളിലാണ് (ഉദാ: ബൈബിൾ, പഴയ നിയമം) ഏഴു ദിവസങ്ങൾ ചേർന്ന ആഴ്ച പ്രത്യക്ഷപ്പെടുന്നത്. 'സിദ്ധാന്തകാല'ത്താണ് 'ആഴ്ച' ഇന്ത്യയിൽ എത്തുന്നത്. അതിനുമുമ്പ് ദിവസം കണക്കാക്കാൻ ഭാരതീയർ ഉപയോഗിച്ചിരുന്നത് 'നാൾ' ആണ്. ഉദാ: കുഞ്ഞു ജനിച്ച നാൾ കാർത്തികയും, ഇന്ന് മകവും ആണെങ്കിൽ എട്ടാം ദിവസമാണിന്ന് എന്ന് എളുപ്പം കണക്കു കൂട്ടാം. 27 ദിവസം വരെ ഇപ്രകാരം എണ്ണാം. 27 കഴിഞ്ഞാൽ കുഞ്ഞിന്റെ അരയിൽ '28 കെട്ടും' (ഒരു ചരടാണത്) കഴിഞ്ഞുപോയ സംഭവങ്ങളും വരാനിരിക്കുന്ന സംഭവങ്ങളും സൂചിപ്പിക്കാൻ നാൾ പ്രയോജനപ്പെടുത്താം. ഉദാ: എന്റെ ഗൃഹപ്രവേശം അടുത്ത വിശാഖം നാളിലാണെന്നോ ചേച്ചിയുടെ വിവാഹം അനിഴം നാളിലാണെന്നോ പറഞ്ഞാൽ ഇനി എത്ര ദിവസമുണ്ട് എന്നു കണക്കു കൂട്ടാൻ പ്രയാസമില്ല (ഇന്നത്തെ നാൾ അറിയാമെങ്കിൽ)


1.7 നാളും ഞാറ്റുവേലയും

ഇനി നമുക്കു ഞാറ്റുവേല എന്താണെന്നു നോക്കാം. ഒരു ദിവസം സൂര്യന്റെ ഒപ്പം പ്രഭാതത്തിൽ അശ്വതി നക്ഷത്രഗണം ഉദിക്കുന്നു എന്നിരിക്കട്ടെ. (മേടം ഒന്നാം തിയ്യതിയാണിതു സംഭവിക്കുക. അന്നാണ് വിഷു. സൂര്യപ്രകാശം കാരണം അശ്വതിയെ അന്നു കാണില്ല. അശ്വതിക്കു മുമ്പ് ഉദിക്കേണ്ട ഉത്രട്ടാതിയുടെയോ രേവതിയുടെയോ ഉദയസമയം വെച്ച് കണക്കുകൂട്ടി വേണം സൂര്യന്റെ ഒപ്പം ഉദിക്കുന്നത് അശ്വതിയാണെന്നു തീരുമാനിക്കാൻ) അന്നു മുതൽ അശ്വതി ഞാറ്റുവേല തുടങ്ങി എന്നു നമ്മൾ പറയും. അന്ന് അശ്വതിയും സൂര്യനും ഒപ്പം അസ്തമിക്കുകയും ചെയ്യും. പിറ്റെന്നാൾ അശ്വതി 4 മിനുട്ടു നേരത്തെ ഉദിക്കും (കാരണം പിന്നീടു വ്യക്തമാക്കാം). മൂന്നാം ദിവസം 8 മിനുട്ടു നേരത്തെ, നാലാം ദിവസം 12 മിനുട്ടു നേരത്തെ. ഇങ്ങനെ നക്ഷത്രോദയം നേരത്തെ നേരത്തെ