താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യാകും നക്ഷത്രം ഒരു ദിവസം ഒരു ഡിഗ്രിവീതം സൂര്യനിൽനിന്ന് (പടിഞ്ഞാറോട്ട്) അകന്നു പോകുന്നു എന്നാണ് ഇതിനർഥം. തിരിച്ച് സൂര്യൻ നക്ഷത്രത്തിൽനിന്ന് ഒരു ഡിഗ്രിവീതം കിഴക്കോട്ട് നീങ്ങിപ്പോകുന്നു എന്നും പറയാം. ഈ രണ്ടാമത്തെ സങ്കൽപനമാണ് ജ്യോതിഷികൾക്ക് സ്വീകാര്യമായിത്തോന്നിയത്. കാരണം, നക്ഷത്രങ്ങൾ പരസ്പരം അകലുന്നില്ല. പക്ഷേ, സൂര്യൻ എല്ലാ നക്ഷത്രങ്ങളിൽനിന്നും ഇപ്രകാരം അകന്നകന്നു പോകുന്നു. അതുകൊണ്ടു സൂര്യനാകണം സഞ്ചാരി.

സൂര്യന്റെ നക്ഷത്രചാരവും ഞാറ്റുവേലയും

കേരളത്തിലെ കർഷകന്റെ 'ഞാറ്റുവേല' ജ്യോതിഷിക്ക് 'സൂര്യന്റെ നക്ഷത്രചാര'മാണ്. എല്ലാ പഞ്ചാംഗങ്ങളിലും അതതു വർഷത്തെ സൂര്യന്റെ നക്ഷത്രചാരം (ഒരു നക്ഷത്രത്തിൽ അഥവാ നാളിൽ സൂര്യൻ ചരിക്കുന്ന കാലം) കൊടുത്തിരിക്കും. ഉദാഹരണത്തിന്, കൊല്ലവർഷം 1177 (ക്രി.വ. 2001-02)ലെ നക്ഷത്രചാരം തുടങ്ങുന്നത് ഇപ്രകാരമാണ്.

ചിങ്ങം 14ന് (2000 ആഗസ്റ്റ് 30) 28 നാഴിക 58 വിനാഴികയ്ക്ക് സൂര്യൻ മകത്തിൽ നിന്ന് പൂരത്തിലേക്ക് (അതായത്, പൂരം ഞാറ്റുവേല ആരംഭം) ചിങ്ങം 28ന് 13 നാഴിക 27 വിനാഴികയ്ക്ക് ഉത്രത്തിലേക്ക്...

'നക്ഷത്രചാരം' ഇന്ത്യൻ ജ്യോതിഷത്തിൽ എല്ലായിടത്തും ഉണ്ടെങ്കിലും ഞാറ്റുവേല എന്ന പേരിന് കേരളത്തിലാണ് പ്രചാരം.

സൂര്യനെപ്പോലെ മറ്റു (ജ്യോതിഷ) ഗ്രഹങ്ങൾക്കും നക്ഷത്രചാരമുണ്ട്. എന്നാൽ അവയ്ക്കൊന്നും കാലാവസ്ഥയും കൃഷിയുമായി ബന്ധമില്ല.

ഏകദേശം രണ്ടാഴ്ചകൊണ്ട് സൂര്യൻ അശ്വതി നാളിലൂടെ 13⅓ ഡിഗ്രി സഞ്ചരിച്ചുതീർക്കും. അതോടെ അശ്വതി ഞാറ്റുവേല കഴിഞ്ഞു. സൂര്യൻ ഭരണി നാളിൽ പ്രവേശിക്കുന്നു. ഭരണി ഞാറ്റുവേലയായി. പിന്നെ, കാർത്തിക, രോഹിണി എന്നിങ്ങനെ 27 ഞാറ്റുവേലകളിലൂടെ സൂര്യൻ സഞ്ചരിച്ച് 365 ¼ ദിവസം കഴിയുമ്പോൾ വീണ്ടും അശ്വതിയിൽ വന്നു ചേരുന്നു. 2001--മാണ്ടിലെ ഞാറ്റുവേലയുടെ വിശദാംശങ്ങൾ - ജ്യോതിഷഭാഷയിൽ സൂര്യന്റെ നക്ഷത്രചാരം - പട്ടികയിൽ കൊടുത്തിരിക്കുന്നതു കാണുക.

ഞാറ്റുവേലയറിയാൻ സൂര്യനുദിക്കും മുമ്പു നോക്കണമെന്നു നിർബന്ധമില്ല. പ്രാദേശിക അർധരാത്രിക്കു തലയ്ക്കു മുകളിൽ കാണുന്ന നാൾ (നക്ഷത്രം) നോക്കിയാൽ, നേരെ എതിരെ സൂര്യന്റെ ഒപ്പമുള്ള നക്ഷത്രം ഏതെന്ന് ഊഹിക്കാം. ഞാറ്റുവേല നോക്കിയായിരുന്നു പണ്ടുകാലത്തെ കൃഷി. അശ്വതി ഞാറ്റുവേല തുടങ്ങിയാൽ പിന്നെ 1½ മാസം കഴിയുമ്പോൾ കേരളത്തിൽ കാലവർഷം തുടങ്ങും. നെൽകൃഷി ചെയ്യുന്നവർ വിത്ത് ഉണക്കി, ഭൂമി ഉഴുത് ഒരുക്കി, തയ്യാറാകും. ഭരണിയുടെ ഒടുവിലോ കാർത്തികയിലോ വിത്തു പാകി ഞാറു മുളപ്പിക്കാം. രോഹിണിയിൽ കാലവർഷം തുടങ്ങും. രോഹിണിയിലോ മകീര്യത്തിന്റെ തുടക്കത്തിലോ ഞാറു പാകും. തിരുവാതിരയ്ക്ക് തിരിമുറിയാതെ മഴ പെയ്യും. പിന്നെ കളപറിക്കലും വളം ചേർക്കലും കൊയ്ത്തും എല്ലാം ഞാറ്റുവേല നോക്കി ചെയ്യാം.

നക്ഷത്രങ്ങൾക്കു പേരിട്ടതുപോലും കൃഷിയുമായി ബന്ധിപ്പിച്ചാണെന്നു കാണാൻ പ്രയാസമില്ല. കേരളത്തിൽ രോഹിണിയിൽ തുടങ്ങുന്ന മഴ ഒരു മാസം കഴിഞ്ഞ് തിരുവാതിര ഞാറ്റുവേലയുടെ തുടക്കത്തിലാണ് ഗംഗാതടത്തിൽ എത്തുക. അവിടെയാണല്ലോ പ്രാചീന വൈദിക സംസ്കാരം വികസിച്ചത്. മഴ തരുന്ന ഞാറ്റുവേലയായതുകൊണ്ട് അവർ ആ നക്ഷത്രത്തിന് ആർദ്ര (നനവുള്ളത്) എന്നു പേരിട്ടു. ആർദ്രയാണ് മലയാളികൾ ആതിരയും തിരുവാതിരയും ഒക്കെ ആക്കിയത്. ഗംഗാതടത്തിൽ ആർദ്രയിൽ വിതച്ച വിത്ത് മുളച്ച് സമൃദ്ധിയുടെ വാഗ്ദാനമായി വളർന്നു വരുന്ന കാലമാണ് പുണർതം ഞാറ്റുവേല.