താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓറിയൺ നക്ഷത്ര ഗണം. മകീര്യവും തിരുവാതിരയും ഈ ഗണത്തിലാണ്. തൊട്ടടുത്ത് വലിയ നായ (Canis Major)യും ഉണ്ട്.
ഓറിയൺ എന്ന വേട്ടക്കാരൻ

നവമ്പർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ ഏറെ ഇരുട്ടും മുമ്പെ മാനത്ത് എത്തുന്ന ഈ ഗണം ഒരു ദിക് സൂചകം എന്ന നിലയിൽ പണ്ടു കാലത്ത് വലിയ സേവനമാണ് ചെയ്തിട്ടുള്ളത്. ക്രീറ്റിൽ നിന്നും ബാബിലോണിയയിൽ നിന്നും എത്യോപ്യയിൽ നിന്നുമുള്ള വ്യാപാരി സംഘങ്ങളെ ഏഷ്യയിലേക്കും യൂറോപ്പിലേക്കും അതു നയിച്ചു. പിന്നീട്, പായ്ക്കപ്പലുകളുമായി അറബികളും ഗ്രീക്കുകാരും റോമക്കാരും യാത്രതിരിച്ചപ്പോഴും അവർക്കു വഴികാട്ടിയായി ഓറിയോൺ ഉണ്ടായിരുന്നു (ഒപ്പം ധ്രുവനും ത്രിശങ്കുവും). പിന്നെയും ഏറെക്കാലത്തിനു ശേഷമാണ് വടക്കു നോക്കിയന്ത്രം പ്രചാരത്തിലാവുന്നത്. (ചൈനക്കാർ ക്രി.മു. രണ്ടായിരത്തിനടുത്ത് കാന്തം കണ്ടുപിടിച്ചെങ്കിലും അതു മറ്റിടങ്ങളിൽ പ്രചാരത്തിലാകാൻ ആയിരത്താണ്ടുകളെടുത്തു.) ഇപ്പോൾപോലും പട്ടാളത്തിലും നേവിയിലും മർച്ചന്റ് നേവിയിലും ജോലിചെയ്യുന്ന ഓഫീസർമാരെ നക്ഷത്രഗണം നോക്കിയുള്ള ദിക്നിർണയം പരിശീലിപ്പിക്കുന്നു എന്നത് ദിക് നിർണയത്തിൽ നക്ഷത്രങ്ങൾക്കുണ്ടായിരുന്ന സ്ഥാനം വിളിച്ചോതുന്നു.

വേട്ടക്കാരന്റെ വാളും മൃഗവേധനെയ്ത അമ്പും

എല്ലാ മാനം നോക്കികൾക്കും വേട്ടക്കാരന്റെ രൂപം ഹൃദിസ്ഥമാണ്. അരയിലൊരു ബെൽറ്റും അതിൽ നിന്ന് തൂങ്ങിക്കിടക്കുന്ന വാളും ധരിച്ച ആൾരൂപം ആരും മറക്കില്ല. എന്നാൽ പ്രാചീന ഭാരതത്തിൽ അതേ നക്ഷത്രങ്ങൾക്ക് മറ്റൊരു രൂപമാണ് സങ്കൽപിച്ചിരുന്നത്. വേട്ടക്കാരന്റെ തോളുകളും കാലുകളും നമ്മുടെ രൂപത്തിലില്ല. അയാളുടെ തല നമുക്കു മാനിന്റെ തലയാണ് (മൃഗശീർഷം അഥവാ മകീര്യം). ബെൽറ്റിലെ 3 നക്ഷത്രങ്ങൾ ത്രിമൂർത്തികളാണ് (ബ്രഹ്മാവിഷ്ണു മഹേശ്വരന്മാർ). വാള് നമുക്ക് അമ്പാണ്. വേട്ടക്കാരന്റെ നായ (ബൃഹത് ശ്വാനൻ- Canis Major)യുടെ കണ്ണ് ആയ സിറിയസ് നക്ഷത്രം മൃഗവേധനാണ് (കാട്ടാളൻ). കഥയിതാണ് : ഇന്ദ്രൻ മാനിന്റെ വേഷം ധരിച്ച് മാനത്തുകൂടി പോവുകയാണ്. രോഹിണിയെ പ്രാപിക്കാനാണ് പോക്ക്. മാനണെന്നു ധരിച്ച് മൃഗവേധൻ അമ്പെയ്യുന്നു. തലയ്ക്കു നേരെയാണ് അമ്പ് പോകുന്നത്. ദേവലോകത്തിനു നാഥനില്ലാതാകുമെന്ന് തീർച്ച. തടഞ്ഞേ മതിയാകൂ. ത്രിമൂർത്തികൾ ഇടയ്ക്കു കയറി നിന്നു തടുക്കുകയാണ്.

മനോഹരമായ ഈ കഥയിലും ഉദ്ദേശ്യം ദിക്കു തിരിച്ചറിയൽ തന്നെ. അമ്പും വിഷ്ണുവും മൃഗശീർഷവും ചേർത്തു വരച്ചാൽ നേരെ വടക്ക് ധ്രുവനക്ഷത്രത്തിലാണ് ചെന്നു മുട്ടുക. മൃഗവേധന്റെ അമ്പു കണ്ടാൽ തെക്കു വടക്കു ദിശ കിട്ടുമെന്നർഥം.