താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെല്ലുക ധ്രുവനിലേക്കാണ്.

സപ്തർഷിഗണം: എല്ലാവരും പ്രാചീനകാലത്തെ മഹർഷിമാർ. വസിഷ്ഠന്റെ സഹധർമ്മിണി അരുന്ധതി അദ്ദേഹത്തിന്റെ സമീപത്തുണ്ട്. പുലഹനും ക്രതുവും യോജിപ്പിച്ചു നീട്ടിയാൽ ധ്രുവനക്ഷത്രത്തിൽ ചെന്നു ചേരും.
വൻകരടി: നമ്മുടെ സപ്തർഷികൾ യൂറോപ്യൻമാർക്ക് വൻകരടി (Ursa Major) ആണ്. കരടിയുടെ വാല് ഉദിച്ചു വരുമ്പോൾ കിഴക്കോട്ടും ഏതാനും മണിക്കൂർ കഴിയുമ്പോൾ തെക്കോട്ടും പിന്നെ പടിഞ്ഞാറോട്ടും ആകും. ഈ രൂപമാറ്റമാകാം ഈ ഗണത്തെ കരടിയായി ചിത്രീകരിക്കാൻ പ്രേരിപ്പിച്ചുതുതന്നെ.
തെക്കൻ കുരിശും ത്രിശങ്കുവും: തെക്കേ അർധഗോളത്തിലുള്ളവർക്ക് ദിക്കു കാണിച്ചുതരാൻ തെക്കൻ കരിശുണ്ട്. ഭാരതീയർ ആ ഗണത്തെ മൂന്നു കുറ്റികൾ ആയാണ് ചിത്രീകരിച്ചത്. കഥയിൽ സ്വർഗത്തിൽ നിന്നു ഭൂമിയിലേക്കു പതിക്കുന്ന ത്രിശങ്കു രാജകുമാരനായും.

തെക്കേ ആകാശത്തും ദിക്ക് കാണിച്ചു തരുന്ന നക്ഷത്രങ്ങളുണ്ട്. തെക്കൻ കുരിശ് (Southern Crux) ആണ് അതിൽ പ്രധാനം. നാലു നക്ഷത്രങ്ങൾ ഒരു കുരിശിന്റെ രൂപത്തിൽ. ബാബിലോണിയയിൽ കുറ്റവാളികളെ കുരിശിലേറ്റിക്കൊല്ലുന്ന രീതി നിലവിലുണ്ടായിരുന്നതുകൊണ്ടാകാം അവരതിനു കുരിശു രൂപം സങ്കല്പിച്ചത്. കുരിശിന്റെ മൂടും തലയും ചേർത്ത് ഒരു രേഖ വരച്ചു നീട്ടിയാൽ ഉത്തര - ദക്ഷിണ ധ്രുവങ്ങളിലൂടെ കടന്നു പോകും.

ഭാരതീയർക്കും പണ്ടേ പരിചയമുള്ള ഗണമാണിത്. പക്ഷേ, കുരിശു നമുക്കു പരിചിതമല്ല. അതുകൊണ്ട് ആകാശത്ത് നാട്ടിയ 3 കുറ്റികൾ ആയി നാമതിനെ സങ്കൽപിച്ചു. ശങ്കു എന്നാൽ കുറ്റി, ആണി എന്നെല്ലാമാണർത്ഥം. അപ്പോൾ മൂന്നു കുറ്റി = ത്രിശങ്കു. പുരാണത്തിൽ, വിശ്വാമിത്ര മഹർഷി ഉടലോടെ സ്വർഗ്ഗത്തിലേക്കയച്ച രാജകുമാരനാണ് ത്രിശങ്കു. കഥ എന്തായാലും ധ്രുവനെയും സപ്തർഷികളെയും കാണാൻ കഴിയാത്ത ദക്ഷിണാർധഗോള നിവാസികൾക്ക് (തെക്കേ ആഫ്രിക്ക, ആസ്ത്രേലിയ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലുള്ളവർക്ക്) ദിക്കറിയാൻ മുഖ്യാശ്രയമായിരുന്നു തെക്കൻ കുരിശ്.

തെക്കും വടക്കും ഉള്ളവർക്ക് ഒരുപോലെ ദിക്കു കാണിച്ചുതരുന്ന ഒരു നക്ഷത്രഗണമാണ് വേട്ടക്കാരൻ. ജനുവരി - ഫെബ്രുവരി മാസങ്ങളിൽ സന്ധ്യക്കുതന്നെ തലയ്ക്കു മുകളിലെത്തുന്ന ഈ ഗണത്തിന്റെ രൂപം ബാബിലോണിയൻ - ഗ്രീക്കു സങ്കല്പമനുസരിച്ച് ഒരു വേട്ടക്കാരന്റേതാണ് - ഓറിയോൺ എന്ന വേട്ടക്കാരൻ (Orion the Hunter). വടക്കോട്ടാണ് അയാളുടെ തല (നമ്മുടെ മകീര്യം അഥവാ മൃഗശീർഷം നക്ഷത്രങ്ങൾ). കിഴക്കെ തോളിലെ ചുവന്ന താരം തിരുവാതിരയും (ആർദ്ര - Betelgeuse) പടിഞ്ഞാറേ തോൾ ബെല്ലാട്രിക്സ് (Bellatrix) നക്ഷത്രവുമാണ്. തെക്ക് രണ്ട് കാൽപാദങ്ങളിൽ പടിഞ്ഞാറെ വശത്തുള്ളത് റീഗൽ (Rigel) നക്ഷത്രമാണ്. സൂര്യന്റെ അമ്പതിനായിരം ഇരട്ടിയോളം പ്രകാശം പൊഴിക്കുന്ന ഈ നക്ഷത്രം 830 പ്രകാശവർഷം അകലെയാണ്. ഗണത്തിന്റെ മധ്യഭാഗത്തായി ഒരേ ശോഭയുള്ള മൂന്നു നക്ഷത്രങ്ങൾ ഒറ്റവരിയായി നിൽക്കുന്നത് വേട്ടക്കാരന്റെ അരയിലെ ബെൽറ്റാണത്രെ. ബെൽറ്റിലെ മധ്യതാരത്തിൽ നിന്ന് തെക്കോട്ട് ഏതാനും മങ്ങിയ നക്ഷത്രങ്ങൾ വരിയായി നിൽക്കുന്നത് ബെൽറ്റിൽ നിന്നു തൂക്കിയിട്ട വാളും. ഈ വാളാണ് സർവ്വപ്രധാനം. വാളും ബെൽറ്റിലെ മധ്യ നക്ഷത്രവും തലയും ചേർത്ത് വരച്ചാൽ ശരിയായ തെക്കു വടക്കു ദിശ കിട്ടും.