സ്തമിക്കും അതിനിടയ്ക്ക് അതിന്റെ സ്ഥാനം എവിടെയാണെന്നു നോക്കി സമയം പറയാം. ഇന്നും മീൻപിടിക്കാൻ കടലിൽ പോകുന്നവർക്കും അലഞ്ഞു നടക്കുന്ന ഗോത്രവർഗക്കാർക്കും മറ്റും ഈ "ആകാശക്ലോക്ക്" പരിചിതമാണ്.
നക്ഷത്രം നോക്കി സമയം കണക്കാക്കുന്നതിൽ വരാവുന്ന ഒരു പ്രശ്നം ഓരോ കാലത്തും നക്ഷത്രങ്ങളുടെ ഉദയസമയത്തിൽ വരുന്ന മാറ്റമാണ്. എല്ലാ നക്ഷത്രങ്ങളുടെയും ഉദയസമയം ദിവസേന നാലു മിനുട്ട് വീതം നേരത്തേയാകും. (ഇത് എന്തുകൊണ്ടാണെന്ന് പിന്നീട് വ്യക്തമാക്കും) അതുകൊണ്ട് ഇന്നു സന്ധ്യയ്ക്ക് 7 മണിക്ക് ഉദിക്കുന്ന നക്ഷത്രം 3 മാസം കഴിയുമ്പോൾ ഉച്ചയ്ക്ക് ഉദിച്ച് സന്ധ്യയാകുമ്പോൾ തലയ്ക്കു മുകളിൽ എത്തിയിട്ടുണ്ടാകും. അപ്പോൾ സന്ധ്യയ്ക്ക് കിഴക്കുദിക്കുന്നത് സ്വാഭാവികമായും വേറൊരു നക്ഷത്രമായിരിക്കും ഈ മാറ്റം നിശ്ചയമുള്ളവർക്കേ നക്ഷത്രം നോക്കി സമയം കണക്കാക്കാൻ പറ്റൂ. ചുരുക്കത്തിൽ, രാത്രിയിൽ സമയമളക്കാൻ ആകാശം പരിചിതമായിരിക്കണം. അഥവാ ജ്യോതിഷഗണന അറിയണം. പുരോഹിതർ "നക്ഷത്ര പാഠകർ" കൂടിയായിരിക്കണം എന്ന് വേദം അനുശാസിക്കുന്നത് അതുകൊണ്ടാണ്.