താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നിഴൽഘടികാരം ഉപയോഗിച്ച് കൃത്യമായി തെക്കു - വടക്കു നിർണയിക്കുന്ന ഒരു രീതി കാത്യായന സൂൽബസൂത്രത്തിലും പിന്നീട് സൂര്യസിദ്ധാന്തത്തിലും പറയുന്നുണ്ട്. വെയിൽ വീഴുന്ന ഒരു സ്ഥാനത്ത് 12 അംഗുലം വ്യാസാർധമുള്ള ഒരു വൃത്തം വരച്ച് അതിന്റെ നടുക്ക് 12 അംഗുലം നീളമുള്ള ഒരു വടി കുത്തനെ നാട്ടുക. അതിന്റെ നിഴലിന്റെ അറ്റം രണ്ടു സമയങ്ങളിൽ, ഒന്ന് ഉച്ചയ്ക്കുമുമ്പും ഒന്ന് ഉച്ചയ്ക്കുശേഷവും, വൃത്തത്തെ സ്പർശിക്കും. ആ രണ്ടു നിഴലുകൾക്കിടയിലുള്ള കോണിനെ സമഭാഗം ചെയ്യുന്ന രേഖ നേർ തെക്കു വടക്കായിരിക്കും.

സന്ധ്യക്ക് ഉദിക്കുന്ന ഒരു നക്ഷത്രത്തിന്റെയോ നക്ഷത്ര ഗണത്തിന്റെയോ കൃത്യമായ ഉദയ സമയം അറിയാമെങ്കിൽ പിന്നെ രാത്രിയിൽ സമയം പറയാൻ എളുപ്പമാണ്. നക്ഷത്രം 4 മിനുട്ട് കൊണ്ട് 1 ഡിഗ്രി വീതം പടിഞ്ഞാറോട്ടു നീങ്ങും (ഭൂമിക്കു സ്വന്തം അക്ഷത്തിൽ 1 ഡിഗ്രി കറങ്ങാൻ വേണ്ട സമയമാണിത്). എത്ര ഡിഗ്രി നീങ്ങിപ്പോയി എന്നളക്കുകയേ വേണ്ടൂ സമയം പറയാൻ. ഡിഗ്രി അളക്കാൻ പറ്റിയ പല 'യന്ത്രങ്ങളും' അന്ന് ഉപയോഗിച്ചിരുന്നതായി പ്രാചീന ജ്യോതിശ്ശാസ്ത്ര ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്.

സമയഗണനയും പൂജാദി കർമങ്ങളും തമ്മിലുള്ള ഈ ബന്ധം മൂലമാകാം, പ്രാചീന കാലത്ത് ജ്യോതിശ്ശാസ്ത്രം (ജ്യോതിഷം) വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത് പുരോഹിതരായിരുന്നു.

1.4. ജ്യോതിഷം ദിക്കറിയാൻ

ദിക്കുകളെക്കുറിച്ചുള്ള അറിവ് നാമറിയാതെതന്നെ നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് അല്പം ആലോചിച്ചാൽ മനസ്സിലാകും. ദിക്കറിയാതെ യാത്ര ചെയ്യാനോ ഭരണം നടത്താനോ വീടുണ്ടാക്കാനോ ദൈവത്തോടു യഥാവിധി പ്രാർത്ഥിക്കാൻ പോലുമോ പ്രയാസമാണ്. സ്വാഭാവികമായും സൂര്യനെ ആശ്രയിച്ചായിരുന്നു ആദ്യകാലത്ത് ദിക്കു നിർണയിച്ചിരുന്നത്. സൂര്യൻ ഉദിക്കുന്ന ദിക്കാണ് കിഴക്ക് (കീഴ് അർക്കനാണത്രെ കിഴക്ക്). സൂര്യൻ (ഞായർ) പടിയുന്ന ദിക്ക് പടിഞ്ഞാറ്. ഉദയസൂര്യനെ നോക്കി നിൽക്കുന്ന ആളുടെ വലതുഭാഗം തെക്ക്. ഇടതുഭാഗം വടക്ക്. ഇങ്ങനെയായിരുന്നു ദിക്‌നിർണയം. റോഡുകളും വടക്കുനോക്കിയന്ത്രങ്ങളും ഇല്ലാതിരുന്ന ആദ്യകാലത്ത് സൂര്യനാണ് എല്ലാവരെയും വഴികാട്ടിയത്. അടുത്ത ഗ്രാമത്തിലേക്കു പോലും റോഡുണ്ടാവില്ല. ജനസംഖ്യ നന്നെ കുറവായിരുന്ന അക്കാലത്ത് ഗ്രാമങ്ങൾ തമ്മിൽ നല്ല ദൂരമുണ്ടാകും. ദിവസങ്ങൾ തന്നെ വേണ്ടി വരും ഒരു ഗ്രാമത്തിൽനിന്ന് മറ്റൊന്നിലേക്ക് പോകാൻ. ദിക്കു നോക്കി വേണം യാത്ര. അതുപോലെ, ആടുമാടുകളുമായി അലയുന്ന ഇടയന്മാർക്കും മറ്റും താവളത്തിൽ തിരിച്ചെത്തണമെങ്കിലും ദിക്കറിയണം. യാഗത്തറ കെട്ടാൻ ദിക്കറിയണം. ക്ഷേത്രവും വീടും കൊട്ടാരവും നിർമിക്കാൻ ദിക്കറിയണം. സൂര്യൻ ഊർജദാതാവു മാത്രമായിരുന്നില്ല, വഴികാട്ടികൂടിയായിരുന്നു എന്നർഥം.

പ്രാചീന മനുഷ്യൻ ക്രമേണ ഒരു കാര്യം മനസ്സിലാക്കി. സൂര്യൻ വർഷത്തിൽ രണ്ടേ രണ്ടു ദിവസം മാത്രമേ നേർ കിഴക്ക് ഉദിക്കുന്നുള്ളൂ. ആറു മാസക്കാലം മധ്യരേഖയ്ക്ക് വടക്കുമാറിയും തുടർന്ന് ആറുമാസക്കാലം തെക്കു മാറിയുമാണ് സൂര്യോദയം.