താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എല്ലാ പ്രാചീന ശാസ്ത്രങ്ങളെയും പോലെ അതിലും ശാസ്ത്രവും അന്ധവിശ്വാസങ്ങളും കൂടിക്കുഴഞ്ഞുകിടക്കുകയാണ്. രോഗചികിൽസയിൽ മരുന്നും മന്ത്രവും പോലെ, രസതന്ത്രത്തിൽ രസായനവിദ്യയും ആൽക്കെമിയും പോലെ, പ്രാചീന ജ്യോതിശാസ്ത്രത്തിൽ (ജ്യോതിഷത്തിൽ) ശാസ്ത്രവും അശാസ്ത്രീയ ധാരണകളും കെട്ടുപിണഞ്ഞു കിടക്കുന്നു.

ഹബിൾ ടെലിസ്കോപ്പ്: വായുമണ്ഡലത്തിന്റെ തടസ്സം പോലുമില്ലാതെ പ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്ക് എത്തിനോക്കാൻ ഇതു സഹായിക്കുന്നു. ഹബിൾ ടെലിസ്കോപ് നിരവധി പുതിയ പ്രതിഭാസങ്ങൾ വെളിവാക്കിയിട്ടുണ്ട്
ടൈക്കോബ്രാഹെ: ടെലിസ്കോപ്പുകൾക്കു മുമ്പ് ജീവിച്ച മഹാനായ ജ്യോതിശ്ശാസ്ത്രജ്ഞൻ. നിരീക്ഷണ ഉപകരണങ്ങൾ നിർമിക്കുന്നതിൽ ഇത്രയേറെ പാടവവും ഭാവനയും പ്രദർശിപ്പിച്ച മറ്റൊരു ജ്യോതിശ്ശാസ്ത്രജ്ഞൻ അതിനു മുമ്പ് ജീവിച്ചിരുന്നിട്ടില്ല.

ഗലീലിയോക്കു മുൻപുള്ള മിക്ക ജ്യോതിശാസ്ത്രജ്ഞരും ജ്യോത്സ്യന്മാർ കൂടിയായിരുന്നു. വരാഹമിഹിരനും ബ്രഹ്മഗുപ്തനും ടൈക്കൊബ്രാഹെയും കെപ്ലറും എല്ലാം അക്കൂട്ടത്തിൽ പെടും. കെപ്ലറുടെ പ്രശസ്തമായ പ്രസ്താവനയുണ്ട് “എല്ലാ ജീവികൾക്കും വയറ്റിപ്പിഴപ്പിനുള്ള മാർഗം ദൈവം നൽകിയിട്ടുണ്ട്. ജ്യോതിശാസ്ത്രജ്ഞർക്കു ദൈവം നൽകിയത് ജ്യോതിഷമാണ്“. കെപ്ലറുടെ കാലമായപ്പോഴേയ്ക്കും (1571 - 1630) ജ്യോതിഷം ഏതാണ്ട് പൂർണ്ണമായും ഫലഭാഗമായി മാറിക്കഴിഞ്ഞിരുന്നു. “ബുദ്ധിമതിയായ ജ്യോതിശാസ്ത്രം എന്ന അമ്മയുടെ വിഡ്ഢിയായ മകളാണ് ജ്യോതിഷം” (Astrology is the foolish daughter of wise mother Astronomy) എന്നു പറഞ്ഞ കെപ്ലർ, വല്ലൻ‌സ്റ്റൈൻ രാജാവിന്റെ കൊട്ടാര ജ്യോത്സ്യനായിരുന്നു എന്നുകൂടി അറിയുമ്പോഴാണ് ഈ വയറ്റിപ്പിഴപ്പു പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ നമുക്കു ശരിയ്ക്കും മനസിലാകുക.

പ്രാചീന ജ്യോതിശാസ്ത്രത്തിൽ‌ നിന്ന് നെല്ലും പതിരും വേർതിരിയ്ക്കുക അത്ര എളുപ്പമല്ലെന്നു സാരം. എങ്കിലും അതിനു ശ്രമിച്ചേ പറ്റൂ. ജ്യോതിഷത്തെ വേദാംഗങ്ങളിൽ ഒന്നായാണ് പ്രാചീന ഭാരതീയർ ഗണിച്ചത്. ലോകത്തെല്ലായിടത്തും ജ്യോതിഷത്തിനു വലിയ പ്രാധാന്യം കൽ‌പ്പിയ്ക്കപ്പെട്ടിരുന്നു. എന്തായിരിയ്ക്കാം ഈ പ്രാധാന്യത്തിനു കാരണം? ജ്യോതിർപഠനങ്ങൾക്കായി ഉഴിഞ്ഞുവച്ച നിരവധി ജീവിതങ്ങൾ അക്കലത്തുണ്ടായിരുന്നു എന്നു കാണാം. ആര്യഭടനും, വരാഹമിഹിരനും, ബ്രഹ്മഗുപ്തനും മറ്റും രാത്രി മുഴുവൻ നിരീക്ഷണങ്ങൾ നടത്തുകയും പകൽ ജ്യോതിർഗണിതവുമായി മല്ലിടുകയും ചെയ്തവരാണ്. അതിനും മുൻപ് ജ്യോതിഷം ചില ഗോത്രങ്ങളുടെയോ കുടുംബങ്ങളുടെയോ പാരമ്പര്യത്തൊഴിലുമായിരുന്നു. അത്രിയുടെയും പുലസ്ത്യന്റെയും വസിഷ്ഠന്റെയും മറ്റും കുലങ്ങൾ ജ്യോതിഷം കുലത്തൊഴിലാക്കിയവരായിരുന്നു. (നിരവധി അത്രിമാരും വസിഷ്ഠന്മാരും മറ്റും പരമ്പരയായുണ്ടായി എന്നു വേണം ഊഹിയ്ക്കാൻ. ദിലീപ രാജാവിന്റെ ഉപദേശകനായിരുന്ന വസിഷ്ഠനും തലമുറകൾ പലതു കഴിഞ്ഞു ശ്രീരാമന് നിർദ്ദേശങ്ങൾ നൽ‌കിയ വസിഷ്ഠനും ഒരാളാകാൻ തരമില്ലല്ലോ.) നക്ഷത്ര - ഗ്രഹ സ്ഥാനങ്ങൾ വെച്ചുകൊണ്ട് ശുഭാശുഭങ്ങൾ പറയുക, മുഹൂർത്തങ്ങൾ തീരുമാനിയ്ക്കുക എന്നിവയൊഴിച്ച്, ഗ്രഹനില