താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നക്ഷത്രങ്ങൾ കോടിക്കണക്കിനുണ്ടെന്നു മനസ്സിലായി.

കോപ്പർ നിക്കസ്: സൗരകേന്ദ്രസിദ്ധാന്തത്തിന്റെ ആവിഷ്കർത്താവ്
കോപ്പർനിക്കസ്: വരച്ച സൗരകേന്ദ്രമാതൃക. ഗ്രഹപഥങ്ങൾക്കെല്ലാം വൃത്താകാരമാണ്
റേഡിയോ ടെലിസ്കോപ്പ്

അന്നുവരെ മനുഷ്യന് (ചുരുങ്ങിയത് യൂറോപ്യന്മാർക്കെങ്കിലും) ഭൂമി പരന്നതായിരുന്നു. ആകാശത്തിലെ സകല വസ്തുക്കളും ഭൂമിയെ ചുറ്റുകയായിരുന്നു. വ്യത്യസ്തമായ സിദ്ധാന്തങ്ങൾ ലോകത്ത് പലയിടത്തും പലപ്പോഴായി പ്രത്യക്ഷപ്പെട്ടിരുന്നു എന്നത് നേരാണ്. ഉരുണ്ട ഭൂമിയേയും സൂര്യനേയും കുറിച്ച് ഐതരേയ ബ്രാഹ്മണത്തിലും മറ്റും സൂചനകളുണ്ട്. ആര്യഭടനും ഭൂമിയടക്കം എല്ലാ ആകാശഗോളങ്ങളും ഉരുണ്ടതാണെന്നും ഭൂമി സ്വയം കറങ്ങുന്നതുകൊണ്ടാണ് ആകാശഗോളങ്ങളുടെ ദിന ചലനങ്ങൾ ഉണ്ടാകുന്നതെന്നും സിദ്ധാന്തിക്കുകയുണ്ടായി. ഗ്രീസിൽ അരിസ്റ്റാർക്കസും (ക്രി.മു.മൂന്നാം നൂറ്റാണ്ട്) സമാന ചിന്താഗതിക്കാരനായിരുന്നു. എന്നാൽ ഇതൊന്നും വ്യാപകമായി അംഗീകരിക്കപ്പെടുകയോ നിരീക്ഷണങ്ങൾ വഴി തെളിയിക്കപ്പെടുകയോ ഉണ്ടായില്ല. ഗലീലിയോക്ക് മുമ്പ് കോപ്പർനിക്കസ് സൂര്യനെ കേന്ദ്രമാക്കിക്കൊണ്ടുള്ള സൗരയൂഥ സിദ്ധാന്തം വ്യക്തതയോടെ ആവിഷ്ക്കരിച്ചെങ്കിലും അതിനും സ്വീകാര്യത കൈവരാൻ ദൂരദർശിനിയുടെ കാലം വരെ കാത്തിരിക്കേണ്ടിവന്നു. ഈ കൊച്ചു ഭൂമിയെ ചുറ്റിസഞ്ചരിക്കാൻ മാത്രം ചെറുതല്ല സൂര്യനും ഗ്രഹങ്ങളും നക്ഷത്രങ്ങളുമെന്ന് അപ്പോഴേ മനുഷ്യന് ബോധ്യമായുള്ളു. വ്യാഴത്തിന് ഉപഗ്രഹങ്ങളുണ്ടെന്ന ഗലീലിയോയുടെ കണ്ടെത്തൽ തികച്ചും വിപ്ലവകരമായിരുന്നു.

ഗലീലിയോക്കു ശേഷം കൂടുതൽ വലിയ ദൂരദർശിനികളുണ്ടായി. ദൃശ്യപ്രകാശത്തിനു പുറമെ ഇൻഫ്രാറെഡ് തരംഗങ്ങളും റേഡിയോ തരംഗങ്ങളും എക്‌സ്റേയും സ്വീകരിച്ച് വിദൂര പ്രപഞ്ച സീമകളുടെ ചിത്രം കാണിച്ചു തരുന്ന ദൂരദർശിനികളും ഉണ്ടായി. നക്ഷത്രങ്ങളുടെ പ്രകാശ സ്പെക്ട്രം പഠിക്കാൻ ഉതകുന്ന സ്പെക്ട്രോമീറ്ററുകൾ, ദൂരദർശിനികളുടെ സഹായത്തോടെ എത്ര മങ്ങിയ വിദൂര വസ്തുക്കളുടേയും ചിത്രങ്ങൾ മണിക്കൂറുകളോ ദിവസങ്ങളോ കൊണ്ട് രൂപീകരിച്ചെടുക്കുവാൻ കഴിയുന്ന ക്യാമറകൾ.... ഇങ്ങനെ നിരവധി സംവിധാനങ്ങൾ നിലവിൽ വന്നു. വായുവിന്റെ തടസ്സം പോലുമില്ലാതെ ബഹിരാകാശത്തേക്കു നോക്കാൻ ബഹിരാകാശ വാഹനങ്ങളുടെ വരവോടെ സാധ്യമായി. നവഗ്രഹങ്ങളേയും ഉപഗ്രഹങ്ങളെയും നേരിട്ടു സന്ദർശിക്കുവാനുള്ള കഴിവും മനുഷ്യൻ പിന്നീടു നേടി.

ഇതൊക്കെ ആധുനിക ജ്യോതിശ്ശാസ്ത്രത്തിന്റെ സംഭാവനകളാണ്. ഗലീലിയോ ആരംഭിച്ച വിപ്ലവം നമ്മളെ ബഹുദൂരം മുന്നോട്ടു കൊണ്ടു പോയിരിക്കുന്നു. 1609 എന്ന വർഷം ആധുനിക ജ്യോതിശ്ശാസ്ത്രം പിറന്ന വർഷമായി കണക്കാക്കാം.

1609 വരെയുള്ള ജ്യോതിശ്ശാസ്ത്രത്തിന് ഒരു തുടർച്ചയുണ്ട്.