താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ക്യാമറയോ, സ്പെക്ട്രോമീറ്ററോ ഇല്ല. തെളിഞ്ഞ മാനത്ത് നല്ല ഇരുട്ടുള്ളപ്പോൾ, കഷ്ടിച്ച് 3000-3500 നക്ഷത്രങ്ങളെ ഒരാൾക്ക് കാണാൻ കഴിയും എന്നാൽ ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് സ്വയം കറങ്ങുന്നതുകൊണ്ട് നക്ഷത്രങ്ങൾ പതുക്കെ കിഴക്കു നിന്ന് പടിഞ്ഞാറോട്ടു സഞ്ചരിച്ച് ചക്രവാളത്തിൽ മറയുകയും പുതിയവ കിഴക്കുദിച്ചു വരികയും ചെയ്യുന്നു. ഇപ്രകാരം രാത്രി മുഴുവൻ നോക്കിയിരുന്നാൽ ഏതാണ്ട് ഏഴായിരത്തോളം നക്ഷത്രങ്ങളെവരെ നമുക്ക് കാണാം.

ഗലീലിയോ: ഭാവന മാത്രം എത്തിനോക്കിയിരുന്ന ഇടങ്ങളിൽ കണ്ണുകളെ എത്തിച്ച മഹാനായ ശാസ്ത്രജ്ഞൻ
ഗലീലിയോ സ്വന്തം കൈകൊണ്ടു നിർമിച്ച രണ്ടു ദൂരദർശിനികൾ
ഗലീലിയോ ടെലിസ്കോപ്പിലൂടെ നോക്കി വരച്ച ചന്ദ്രന്റെ ചിത്രം

സൂര്യന്റെ ഇരുവശത്തുമുള്ള നക്ഷത്രങ്ങളെ അപ്പോഴും നമുക്കു കാണാൻ കഴിയില്ല. കാരണം സൂര്യന്റെ തീക്ഷണമായ പ്രഭ തന്നെ. സൂര്യനു താഴെയും മുകളിലും ഏകദേശം 20 ഡിഗ്രിയോളം വരുന്ന ആകാശഭാഗത്തെ നക്ഷത്രങ്ങളാണ് ഇങ്ങിനെ കാണാൻ കഴിയാതെ പോകുന്നത്. അതായത്, സൂര്യൻ അസ്തമിച്ചശേഷവും പടിഞ്ഞാറെ മാനത്ത് 20 ഡിഗ്രിയോളം വരുന്ന ഭാഗത്തെ നക്ഷത്രങ്ങളെ സന്ധ്യാവെളിച്ചം കാരണം കാണാൻ പറ്റില്ല. സൂര്യൻ ചക്രവാളത്തിൽ അത്രയും ഡിഗ്രി താഴ്ന്ന ശേഷമേ പടിഞ്ഞാറ് നക്ഷത്രങ്ങൾ പ്രത്യക്ഷമാകൂ. ഇതിന് ഒരു മണിക്കൂറിലധികം സമയം വേണം. അതുപോലെ പ്രഭാതത്തിൽ സൂര്യൻ ഉദിക്കുന്നതിന് അത്രയും സമയം മുമ്പെ കിഴക്കൻ ചക്രവാളത്തിലെ നക്ഷത്രങ്ങൾ അപ്രത്യക്ഷമാകുകയുംചെയ്യും. ചുരുക്കത്തിൽ, സൂര്യസമീപത്തെ 40-50 ഡിഗ്രി ഒഴികെയുള്ള ആകാശഭാഗങ്ങൾ നമുക്ക് ഒരു രാത്രികൊണ്ടു കാണാം. സൂര്യൻ ഒരുദിവസം ഒരു ഡിഗ്രി വീതം സ്ഥാനം മാറുന്നതുകൊണ്ട് (ഇതു പിന്നീട് വിശദമാക്കാം) ഏകദേശം 40-50 ദിവസം കഴിയുമ്പോൾ മുമ്പു കാണാതിരുന്ന ഭാഗം കൂടി കാണുമാറാകും. (അപ്പോൾ മുമ്പുകണ്ട ചിലഭാഗങ്ങൾ കാണാതെയുമാകും). അവിടെയുള്ള നക്ഷത്രങ്ങളെക്കൂടി ചേർത്താൽ എണ്ണായിരത്തിൽ ചുവടെ നക്ഷത്രങ്ങളാണ് ഒരാൾക്ക് നഗ്നദൃഷ്ടികൊണ്ട് ദൃശ്യമാവുക. ഇതുകൂടാതെ ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിങ്ങനെ അഞ്ചു ഗ്രഹങ്ങളേയും (പ്രാചീനർ ഇവയെ താരാഗ്രഹങ്ങൾ എന്നാണ് വിളിച്ചത്) സൂര്യചന്ദ്രൻമാരേയും വല്ലപ്പോഴും മാത്രം വന്നണയുന്ന കുറെ ധൂമകേതുക്കളെയും നമുക്ക് കാണാം. ഇവയെ എല്ലാം കുറിച്ചുള്ള പഠനമാണ് പ്രാചീന ജ്യോതിശ്ശാസ്ത്രം അഥവാ ജ്യോതിഷം.

1609-ഓടെ കഥയാകെ മാറി ഗലീലിയോ ദൂരദർശിനി നിർമിച്ചു മാനത്തേക്കു നോക്കി (അതിനു മുമ്പുതന്നെ ലപ്പർഷെ എന്നൊരാൾ ദൂരദർശിനി ഉണ്ടാക്കിയിരുന്നെങ്കിലും മാനത്തേക്കു നോക്കാൻ അദ്ദേഹത്തിനു തോന്നിയില്ല) ചന്ദ്രനിലെ ഗർത്തങ്ങളും വ്യാഴത്തിന്റെ ഉപഗ്രഹങ്ങളും സൂര്യനിലെ കളങ്കങ്ങളും മുമ്പ് അദൃശ്യമായിരുന്ന അനേക താരങ്ങളും ഗലീലിയോ കണ്ടു