Jump to content

താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബാബിലോണിയ: യൂഫ്രട്ടീസ്, ടൈഗ്രിസ് നദികൾ ഒഴുകുന്ന സമതലഭൂമിയാണ് പണ്ട് മെസൊപ്പൊട്ടേമിയ എന്നറിയപ്പെട്ടത്. അതിൽ ഭൂരിഭാഗവും ഇപ്പോഴത്തെ ഇറാക്കിൽപ്പെടും. രണ്ട് വ്യത്യസ്ത ജന വിഭാഗങ്ങൾ അവിടെ അധിവസിച്ചിരുന്നു. വടക്കേ ഭാഗമായ അക്കാദിൽ സെമിറ്റിക്കുകളും തെക്ക് സുമേറിയരും. ഭാഷയിലും ആചാരത്തിലും അവർ വ്യത്യസ്തരായിരുന്നു. ക്രിസ്തുവിന് മുമ്പ് 3000 മുതൽ സുമേറിയൻ നാഗരികത വികസിച്ചു തുടങ്ങി. എറിദു, ഉർ, ഉറുക്ക്, ലഘാഷ്, നിപ്പൂർ, ലാർസ എന്നീ നഗരങ്ങൾ അവിടെ വളർന്നു വന്നു. ഏറെക്കഴിയും മുമ്പ് വടക്കും അഗാദി, സിപ്പാർ, ബോർസിപ്പാ, ബാബിലോൺ എന്നീ നഗരങ്ങൾ ഉയർന്നു വന്നു. ക്രി മു 2500 ഓടെ സെമറ്റുകൾ മോസൊപ്പൊട്ടേമിയയിലാകെ ആധിപത്യം നേടിയെങ്കിലും ഓഫീസർമാരും എഴുത്തുകാരും (രേഖകൾ സൂക്ഷിക്കുന്നവർ) സുമേറിയരായിരുന്നു. ക്യൂണിഫോം ലേഖനരീതി അവരുടെ സംഭാവനയാണ്.

പിന്നീട് പല ഘട്ടങ്ങളിലും മെസൊപ്പൊട്ടേമിയയുടെ ആധിപത്യം രണ്ടു കൂട്ടരും മാറി മാറി കയ്യാളി. ഹമൂറബിയുടെ കാലത്ത് ബാബിലോൺ ഒരു വലിയ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിത്തീർന്നു. പിന്നീട് അധികാരവും തലസ്ഥാനവും പലവട്ടം മാറിയെങ്കിലും ബാബിലോണിയയുടെ പ്രാധാന്യത്തിന് കുറവുണ്ടായില്ല.

പിന്നീട് മണ്ണടിഞ്ഞുപോയ മോസൊപ്പൊട്ടേമിയൻ സംസ്കാരത്തെക്കുറിച്ച് നാമറിയുന്നത് നിനവേ നഗരാവശിഷ്ടങ്ങളിൽ ഹെന്റി ലയാർഡ് നടത്തിയ ഉൽഖനനത്തോടെയാണ്. അസുർ ബാനിപാൽ രാജാവിന്റെ ലൈബ്രറി 1846 ൽ കണ്ടെത്തി. അതിലെ കളിമൺ ഫലകങ്ങൾ ജോർജ് സ്മിത്ത് വായിച്ചെടുത്തു. അസീറിയോളജി എന്നൊരു പഠന ശാഖ തന്നെ ജന്മമെടുത്തു.

ബാബിലോണിയൻ ജ്യോതിശാസ്ത്രത്തെ സംബന്ധിച്ച നമ്മുടെ എല്ലാ അറിവും മൂന്ന് ജസ്യൂട്ട് പാതിരിമാരുടെ സംഭാവനയാണ്. അസീറിയോളജിസ്റ്റായ ജെ.എൻ.സ്റ്റ്റാസ്മയർ , ജ്യോതിശാസ്ത്രജ്ഞരായ ജെ.എപ്പിംഗ്, എഫ്.എക്സ്. കുഗ്ലർ എന്നിവരാണവർ.

14