താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആദ്യകാല ടെലെസ്കോപ്.PNG

നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനവും സ്ഥാനമാറ്റവും അളക്കാൻ ആദ്യകാലത്ത് നേർത്ത കുഴലിലൂടെ നോക്കുകയായിരുന്നു പതിവ്.

അധ്യായം 1
ജ്യോതിഷത്തിന്റെ ആരംഭവും വികാസവും


1.1 ജ്യോതിശാസ്ത്രം: പഴയതും പുതിയതും.

മനുഷ്യൻ എന്നു മുതൽക്കാണ് വാനം നോക്കിത്തുടങ്ങിയത്? കൃത്യമായി ആർക്കും അറിയില്ല. പക്ഷേ, ഒരു കാര്യം തീർച്ചയാണ് പ്രകൃതിയിൽ നിന്ന് കിട്ടുന്നത് ഭുജിച്ചു കഴിഞ്ഞിരുന്ന പ്രാകൃത മനുഷ്യന് വാനനിരീക്ഷണം അത്യാവശ്യമായിരുന്നില്ല. പിന്നീട്, മൃഗങ്ങളെ പരിപാലിച്ചും കൃഷിചെയ്തും സ്ഥിരവാസം തുടങ്ങുകയും ഗ്രാമങ്ങളും നഗരങ്ങളും നിർമിച്ച് സംസ്കാരങ്ങൾ പടുത്തുയർത്തുകയും ചെയ്ത ഘട്ടത്തിലാണ് വാനനിരീക്ഷണം അനുപേക്ഷണീയമായത്. ചുരുക്കത്തിൽ ജ്യോതിഷത്തിന് ഒരു പതിനായിരം കൊല്ലത്തിലേറെ പഴക്കമില്ല. (നാഗരികതയ്ക്ക് പുരാവസ്തു ഗവേഷകർ നൽകുന്ന പഴക്കം അത്രയുമാണല്ലോ.)

നദീതടങ്ങളിലാണ് പ്രാചീന നാഗരികതകൾ വളർന്നു വികസിച്ചതെന്ന് ചരിത്രത്തിൽ നാം പഠിക്കുന്നുണ്ട്. ചൈനയിൽ ഹൊയാങ്ഹോ, യാങ്ത്‌സീ നദികളുടെ തീരത്ത്, ബാബിലോണിയയിൽ (ഇപ്പോഴത്തെ ഇറാക്ക്) യൂഫ്രട്ടീസ്-ടൈഗ്രീസ് നദികളുടെ തീരത്ത്, ഈജിപ്തിൽ നൈൽ നദിയുടെ തീരത്ത്, ഇന്ത്യയിൽ സിന്ധുഗംഗാ തീരങ്ങളിൽ.

മനുഷ്യൻ ഇങ്ങനെ സ്ഥിരവാസമാക്കിയ മിക്കയിടങ്ങളിലും ജ്യോതിശാസ്ത്രം വികാസം പ്രാപിച്ചു എന്നതിന് ധാരാളം തെളിവുകൾ നമുക്കു കിട്ടിയിട്ടുണ്ട്. ഒരു നല്ല കർഷകനാകാനും നല്ല പുരോഹിതനാകാനും നല്ല തച്ചനാകാനും എന്തിന്, നല്ലൊരിടയനാകാൻപോലും അന്ന് ജ്യോതിഷം അറിയണമായിരുന്നു. എന്തുകൊണ്ട് എന്ന് പറയുംമുമ്പ് നമുക്ക് പ്രാചീന ജ്യോതിശാസ്ത്രവും (അഥവാ ജ്യോതിഷവും) ആധുനിക ജ്യോതിശാസ്ത്രവും തമ്മിൽ എന്താണ് വ്യത്യാസം എന്നു നോക്കാം.

പ്രാചീന മനുഷ്യനെ വാനനിരീക്ഷണത്തിന് സഹായിക്കാൻ സ്വന്തം കണ്ണുകൾ മാത്രമെയുണ്ടായിരുന്നുള്ളൂ. ടെലിസ്കോപ്പോ,

13