താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെച്ചുകൊണ്ട് വ്യക്തികളുടെ ഭാവി പ്രവചിക്കുന്ന രീതി അക്കാലത്തുണ്ടായിരുന്നില്ല. അതൊന്നുമില്ലാതെ തന്നെ സമൂഹം അവരെ വിലമതിക്കുകയും ആദരിക്കുകയും ചെയ്തു. രാജകൊട്ടാരങ്ങളിൽ പ്രധാനമന്ത്രിയേക്കാൾ ഉയർന്ന സ്ഥാനം പലപ്പോഴും കൊട്ടാരജ്യോത്സ്യനായിരുന്നു; ഇന്ത്യയിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും.

ജോഹാൻ കെപ്ലർ: ടൈക്കോബ്രാഹെയുടെ നിരീക്ഷണ ഫലങ്ങളെ ഗണിതത്തിന്റെ നൂലിൽ കോർത്ത് കൃത്യമായ ഗ്രഹചലനനിയമങ്ങൾ ആവിഷ്കരിച്ചു.
ആത്മസംതൃപ്തിക്കായി ജ്യോതിശാസ്ത്രവും ജീവിക്കാനായി ജ്യോതിഷവും കെപ്ലർക്ക് സ്വീകരിക്കേണ്ടി വന്നു. കെപ്ലർ രചിച്ച വല്ലൻസ്റ്റൈൻ രാജാവിന്റെ ഗ്രഹനിലയാണ് ചിത്രത്തിൽ.
നക്ഷത്രമാപ്പിൽ ചിങ്ങം(സിംഹം-Leo) നക്ഷത്രഗണം. മകം, പൂരം, ഉത്രം എന്നീ ജന്മനക്ഷത്രങ്ങൾ ചിങ്ങം രാശിയിലാണ്.

എങ്ങനെയാണ് സമൂഹജീവിതത്തിൽ ഇവർക്ക് ഇത്ര വലിയ പ്രാധാന്യം കൈവന്നത്? കാരണം കുറെയൊക്കെ വ്യക്തമാണ്. അത് ചർച്ച ചെയ്യും മുമ്പ് ജ്യോതിഷത്തിന്റെ വികാസത്തെ സംബന്ധിച്ച് നമുക്ക് ലഭിച്ചിട്ടുള്ള ചരിത്രരേഖകൾ എന്തൊക്കെയാണെന്ന് നോക്കാം.

1.2. മാനത്തെ ചിത്രങ്ങൾ

ആകാശത്തു ചിത്രങ്ങൾ വരക്കുന്ന രീതി പണ്ടു മുതൽ‌ക്കേ നിലനിന്നിരുന്നു. മാനത്തുകാണുന്ന നക്ഷത്രങ്ങളെ അന്യോന്യം യോജിപ്പിച്ച് പല രൂപങ്ങളും സങ്കല്പിക്കുക, അത് രേഖപ്പെടുത്തി പേര് നല്കി സൂക്ഷിക്കുക - ഇതായിരുന്നു അന്നത്തെ രീതി. ഭൂമിക്ക് ചുറ്റും സൂര്യചന്ദ്രന്മാരുടെ പാതയിൽ വരുന്ന നക്ഷത്രങ്ങളെ മാത്രം ഇങ്ങനെ ഗണങ്ങളാക്കിത്തിരിച്ചു പേർ നൽകുന്നതിനായിരുന്നു ഭാരതീയർക്ക് ഏറെ താല്പര്യം. ബാബിലോണിയരും ഈജിപ്തുകാരും ചൈനക്കാരും ഗ്രീക്കുകാരുമെല്ലാം ആകാശം മുഴുക്കെ ചിത്രങ്ങൾ വരച്ചു. കാളയും കരടിയും പാമ്പും സിംഹവും മുയലും തേളും ഞണ്ടും കാക്കയും അരയന്നവും എല്ലാം ആകാശത്ത് നിരന്നു. ഇത്തരം 88 ചിത്രങ്ങൾ (അഥവാ നക്ഷത്രരാശികൾ) ആയിട്ടാണ് മനുഷ്യൻ ആകാശത്തെ വേലികെട്ടി തിരിച്ചിരിക്കുന്നത്. ഇതിൽ നല്ലൊരു പങ്ക് ബാബിലോണിയക്കാരുടെ സംഭാവനയാണ് (അസ്സീറിയ, സുമേറിയ, ബാബിലോണിയ എന്നീ നാഗരികതകളെ പൊതുവിലാണ് ഇവിടെ ബാബിലോണിയ എന്ന് പറഞ്ഞിരിക്കുന്നത്).

എങ്ങനെയാണ് നാം ഇക്കാര്യങ്ങൾ മനസ്സിലാക്കുന്നത്? ജ്യോതിശാസ്ത്ര സംബന്ധമായ ഏറ്റവും പഴയരേഖകൾ നമുക്ക് കിട്ടിയിട്ടുള്ളത് ബാബിലോണിയയിൽ നിന്നും ചൈനയിൽ നിന്നുമാണ്. 5000 വർഷത്തിലേറെ പഴക്കമുള്ളവയാണ് അവയിൽ ചിലത്. കടലാസും പേനയുമൊന്നുമില്ലാതിരുന്ന അക്കാലത്ത് ബാബിലാണിയർ ചെയ്തിരുന്നത് ഇപ്രകാരമാണ്: യൂഫ്രട്ടീസ്-ടൈഗ്രീസ് നദീതടങ്ങളിൽ മികച്ച കളിമണ്ണ് കിട്ടും. അവർ അത് ഫലകങ്ങളാക്കി പരത്തും. എന്നിട്ട് ആകാശത്തിലെ നക്ഷത്രസ്ഥാനങ്ങൾ അതേപോലെ അതിൽ അടയാളപ്പെടുത്തും. നക്ഷത്രസ്ഥാനങ്ങൾ തമ്മിൽ യോജിപ്പിച്ച് ചിത്രങ്ങൾ വരയ്ക്കും; എന്നിട്ട് ഈ കളിമൺ ഫലകം ചുട്ടെടുത്ത് സൂക്ഷിക്കും. ഇത്തരം