താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗണനം ഇവയെല്ലാം ഈ അധ്യായത്തിൽ വരും.

ആര്യഭട സിദ്ധാന്തത്തിൽ മൂന്നുതരം നിഴൽ ഘടികാരങ്ങൾ വിവരിക്കുന്നുണ്ട്

  1. മരംകൊണ്ട് സിലിണ്ടർ രൂപത്തിലുള്ളത്. 2 അംഗുലം വ്യാസവും 12 അംഗുലം ഉയരവുമുണ്ട്.
  2. വൃത്തസ്തൂപികാ രൂപത്തിൽ 2 അംഗുലം അടി വ്യാസവും 12 അംഗുലം ഉയരവുമുള്ളത്. അതിനോടനുബന്ധിച്ചുള്ള മെലിഞ്ഞ സൂചി ലംബമാണോ എന്നുറപ്പുവരുത്താൻ സഹായിക്കുന്നു.
  3. 12 അംഗുലം ഉയരമുള്ളതും ഒരേ വണ്ണവുമുള്ള മുള / മെലിഞ്ഞ വടി.

ഇതിൽ രണ്ടാമത്തേതാണ് കൊണ്ടുനടക്കാനും എവിടെയും കൃത്യതയോടെ ഉപയോഗിക്കാനും സൗകര്യപ്രദം.

"ഭൂഗോളം സർവതോവൃത്താ" (ഭൂഗോളം എല്ലാ ദിശയിലും വൃത്തത്തിലാണ് അഥവാ ഭൂമി ഉരുണ്ടതാണ്) എന്ന് ഗോളികാപദത്തിലെ 6-ാം ശ്ലോകത്തിൽ ആര്യഭടൻ പ്രഖ്യാപിക്കുന്നു. അതിനു മുമ്പ് ആര്യഭടൻ പറയുന്നു "ഭൂമിയുടെയും ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഒരു പകുതി സൂര്യപ്രകാശം കൊണ്ട് തിളങ്ങുമ്പോൾ മറ്റേ പകുതി സ്വന്തം നിഴലുകൊണ്ട് ഇരുട്ടിലാകുന്നു. " ഇതിൽ നക്ഷത്രങ്ങളെ പെടുത്തിയത് അബദ്ധമായെങ്കിലും ഗ്രഹങ്ങൾക്ക് സ്വയം പ്രകാശമില്ലെന്ന പ്രസ്താവന അന്ന് ജ്യോതിഷികളെ ചൊടിപ്പിച്ചിട്ടുണ്ടാകണം. ഭൂമി കറങ്ങുന്നതു കൊണ്ടാണ് രാത്രിയും പകലുമുണ്ടാകുന്നതെന്ന് ആര്യഭടീയം പറയുന്നു. "വള്ളം തുഴയുന്ന ഒരാൾ ചുറ്റുമുള്ള വസ്തുക്കൾ പിന്നോട്ടു പോകുന്നതായി കാണുംപോലെ ലങ്കയിലെ (മധ്യരേഖയിൽ നിൽക്കുന്ന) ഒരാൾ നിശ്ചല നക്ഷത്രങ്ങൾ പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നതായി കാണുന്നു". ഭൂമിയുടെ ഭ്രമണകാലം 23 മ 56 മി 41 സെ എന്ന് അദ്ദേഹം കണക്കാക്കി (ആധുനിക ഗണനയെ അപേക്ഷിച്ച് 0.009 സെ മാത്രം കൂടുതൽ)

ആര്യഭടന്റെ വിപ്ലവകരമായ ആശയങ്ങൾ സ്വീകരിക്കാൻ സ്വാഭാവികമായും അന്നത്തെ സമൂഹം തയ്യാറായില്ല. മറ്റു ജ്യോതിഷികളുടെയും പുരോഹിത വിഭാഗത്തിന്റെയും ശക്തമായ എതിർപ്പുകൊണ്ടാകണം, ഉത്തര ഭാരതത്തിൽ അദ്ദേഹം തമസ്കരിക്കപ്പെട്ടു. എന്നാൽ തെക്ക്‌, പ്രത്യേകിച്ച് കേരളത്തിൽ, അദ്ദേഹത്തിനു ധാരാളം ശിഷ്യന്മാരുണ്ടായി. മാധവനും പരമേശ്വരനും നീലകണ്ഠ സോമയാജിയും ആര്യഭടപക്ഷക്കാരായിരുന്നു.

ആര്യഭടൻറെ മുഖ്യ വിഖ്യാതാവും ആര്യഭട സിദ്ധാന്തത്തിന്റെ ശക്തനായ പോരാളിയും ആയിരുന്നു ഭാസ്കരൻ ഒന്നാമൻ. അദ്ദേഹം ജനിച്ചതെന്നാണെന്ന് കൃത്യമായി അറിയില്ല. ബ്രഹ്മഗുപ്തന്റെ സമകാലികനായിരുന്നു എന്നറിയാം. ആര്യഭടീയം രചിച്ചത് 629 ലാണ്. മഹാഭാസ്കരീയവും അതിൻറെ സംക്ഷിപ്തരൂപമായ ലഘുഭാസ്കരീയവുമാണ് മറ്റു രണ്ട് കൃതികൾ. മഹാഭാസ്കരീയം ആര്യഭടിയത്തിലെ മൂന്ന് ജ്യോതിശ്ശാസ്ത്ര അധ്യായങ്ങളുടെ വിസ്തരിച്ചുള്ളവ്യാഖ്യാനമാണെങ്കിലും സ്വന്തമായ നിരവധി സംഭാവനകളും അതിലൂടെ അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. ആര്യഭടൻ കഴിഞ്ഞാൽ കേരള ജ്യോതിഷികൾക്ക് ഏറെ പ്രിയങ്കരൻ ഭാസ്കരനായിരുന്നു.

5.7 വരാഹമിഹിരനും ബ്രഹ്മഗുപ്തനും

ഇന്ത്യൻ ജ്യോതിഷികൾ ഏറ്റവുമധികം ആരാധിക്കുന്ന വ്യക്തിയാണ് വരാഹമിഹിരൻ. ആദിത്യദാസന്റെ മകനായി കാവി