Jump to content

താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആര്യഭടന്റെ ഒരു പിൽക്കാല രചനയായ ‘ആര്യഭട സിദ്ധാന്തം’ ഇതു വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ദിനാരംഭം അർധരാത്രിയായി പരിഗണിക്കുന്ന ഗണനാരീതി (അർധരാത്രികാ പക്ഷം) ആണതിൽ സ്വീകരിച്ചിരിക്കുന്നത്. (ആധുനിക രീതിയും അതാണല്ലോ. അതിനു മുമ്പും ശേഷവും ഭാരതീയ ജ്യോതിഷഗണനയിൽ ദിനാരംഭം സൂര്യോദയമാണ്.) വരാഹമിഹിരന്റെയും മറ്റും വിമർശനത്തിനു പാത്രമായ രീതിയാണ് അർധരാത്രികാ പക്ഷം.

ആര്യഭടന്റെ കാലത്ത് ഉപയോഗത്തിലിരുന്ന പല നിരീക്ഷണങ്ങളും ആര്യഭട സിദ്ധാന്തത്തിൽ വിശദീകരിക്കുന്നുണ്ട്. അതിൽ ചിലത് രാമകൃഷ്ണ ആരാധ്യ (15- നൂറ്റാണ്ട്) സുബോധിനി എന്ന സൂര്യസിദ്ധാന്ത വ്യാഖ്യാനത്തിൽ വിവരിക്കുന്നുണ്ട്. മല്ലികാർജുന സൂരിയും (12-നൂറ്റാണ്ട്) തന്റെ സൂര്യസിദ്ധാന്ത ഭാഷ്യത്തിൽ ഈ കൃതിയിലെ പല കാര്യങ്ങളും എടുത്തു പറയുന്നുണ്ട്.

5.6 ആര്യഭടനും ഭാസ്കരൻ ഒന്നാമനും

ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ ഉയിർത്തെഴുന്നേൽപ്പിൽ ഏറ്റവും വലിയ പങ്കു വഹിച്ച വ്യക്തി ആര്യഭടനാണെന്ന് നിസ്സംശയം പറയാം. ഇന്ത്യൻ ജ്യോതിഷികളിൽ ഏറ്റവുമധികം ശാസ്ത്രബോധം പ്രദർശിപ്പിച്ചതും അദ്ദേഹമാണ്. ആര്യഭടീയത്തിനു പുറമെ ആര്യഭടസിദ്ധാന്തം എന്നൊരു കൃതികൂടി അദ്ദേഹത്തിന്റേതായുണ്ടെന്ന് പറയപ്പെടുന്നു. ഇതുവരെ അതു കണ്ടുകിട്ടിയിട്ടില്ല.

ക്രി വ 476ലാണ് ആര്യഭടന്റെ ജനനം. അശ്മക ദേശത്താണ് ജനിച്ചതെന്ന് സൂചനയുണ്ടെങ്കിലും എവിടെയാണ് അശ്മകം എന്നറിയില്ല. അത് കേരളത്തിലാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ജീവിച്ചതും പഠനങ്ങൾ നടത്തിയതും കുസുമപുരത്താണെന്ന് ആര്യഭടീയത്തിൽത്തന്നെ പറയുന്നുണ്ട്. മഗധയുടെ തലസ്ഥാനമായിരുന്ന പാടലീപുത്രം (പാറ്റ്ന) ആണ് കുസുമപുരം എന്നു കരുതപ്പെടുന്നു. ഇരുപത്തിമൂന്നാം വയസ്സിലാണ് ആര്യഭടീയരചന.

ആര്യഭടീയത്തിനു 4 ഭാഗങ്ങളാണുള്ളത്. ഗീതികാപാദം, ഗണിതപാദം, കാലക്രിയാപാദം, ഗോളപാദം. എല്ലാം കൂടി 121 ശ്ലോകങ്ങൾ മാത്രം. അന്നത്തെ ജ്യോതിശാസ്ത്രവിജ്ഞാനം മുഴുവൻ അതിൽ ആറ്റിക്കുറുക്കി വെച്ചിരിക്കുന്നു. ഗീതികാപാദത്തിൽ 13 ശ്ലോകങ്ങളാണുള്ളത്. ജ്യോതിശാസ്ത്രത്തിലെ ചില പ്രധാന നിർവചനങ്ങൾ, ചരങ്ങളുടെ പട്ടിക, കല്പം, മനു, യുഗം തുടങ്ങിയ കാലയളവുകൾ, ഭാഗ, കല തുടങ്ങിയ കോണളവുകൾ,അംഗുലം, ഹസ്തം, യോജന തുടങ്ങിയ ദൂരം അളവുകൾ ഇവയെല്ലാം ഗീതികാപാദത്തിൽ പ്രതിപാദിച്ചിരിക്കുന്നു, കൂടാതെ ഗ്രഹങ്ങളുടെ അപഭൂദൂരങ്ങൾ (Apogee), സൂര്യോച്ചം (Aphelion), ഗ്രഹപഥങ്ങളും ക്രാന്തിവൃത്തവുമായുള്ള ചരിവ്, സൈൻ പട്ടിക (Sine table) ഇവയും അതിൽ പ്രതിപാദിക്കുന്നു.

ഗണിതപാദത്തിൽ 33 ശ്ലോകങ്ങളുണ്ട്. വിവിധ ജ്യാമിതിരൂപങ്ങൾ , വ്യാപ്തം, നിഴൽഘടികാരം, വിവിധതരം ഗണിതശ്രേണികൾ (Progressions), പലിശ, ഗണിത സമീകരണങ്ങളുടെ നിർധാരണം , വർഗ്ഗ മൂലം, ഘനമൂലം തുടങ്ങിയവ ചർച്ച ചെയ്യുന്നു.

25 ശ്ലോകങ്ങളുള്ള കാലക്രിയാപാദത്തിൽ ഏതു ദിവസത്തെയും ഗ്രഹസ്ഥാനങ്ങൾ കണക്കാക്കുന്ന രീതി, അധികമാസഗണന, ഗ്രഹചലന വേഗത തുടങ്ങിയ കാര്യങ്ങൾ കാണാം.

ഗോളാധ്യായത്തിലെ 50 ശ്ലോകങ്ങളിൽ ഖഗോളത്തിന്റെ പ്രത്യേകതകളാണ് മുഖ്യമായും ഉള്ളത്. ക്രാന്തിവൃത്തം, ഖമധ്യരേഖ, പർ‍വങ്ങൾ (nodes), ഭൂമിയുടെ രൂപം, പകലും രാത്രിയും ഉണ്ടാകുന്നത്, രാശികളുടെ ഉദയക്രമം, ഗ്രഹങ്ങളുടെ സ്ഥാന