താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അങ്ങനെ രൂപം കൊണ്ടു. ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ ചരിത്രം വിശദമായി പഠിച്ച ഡേവിഡ് പിൻഗ്രി പറയുന്നത് ഒരു ലക്ഷം കയ്യെഴുത്തു പ്രതികളെങ്കിലും അക്കാലത്ത് രചിക്കപ്പെട്ടു എന്നാണ്. അതിൽ മൂല്യമുള്ളത് 20 ശതമാനമെങ്കിലും വരും. എന്നാൽ പോലും അതൊരു വലിയ ശേഖരമാണ്. അതിൽ വലിയൊരു പങ്ക് നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ബാക്കിയുള്ളതിൽത്തന്നെ ചെറിയൊരു ഭാഗമേ ഇതുവരെ പഠന വിധേയമാക്കാൻ കഴിഞ്ഞിട്ടുള്ളൂ.

തൃശ്ശൂരിന്റെ അക്ഷാംശം 10 ഡി. 30 മി. രേഖാംശം 76ഡി.15മി. എന്നു പറഞ്ഞാൽ ഭൂമിയിൽ അതിന്റെ സ്ഥാനം നിർണ്ണയിക്കപ്പെട്ടുകഴിഞ്ഞു. അതുപോലെ സിറിയസ് നക്ഷത്രത്തിന്റെ റൈറ്റ് അസൻഷൻ 62.40മി.ഡെക്ലിനേഷൻ 16ഡി.30മി. തെക്ക് എന്നു പറഞ്ഞാൽ ആകാശത്തിലെ അതിന്റെ സ്ഥാനവും നിർണ്ണയിക്കപ്പെട്ടു കഴിഞ്ഞു. പൂർവ്വ വിഷുവ സ്ഥാനം പൂജ്യം ആയെടുത്ത്, അവിടുന്ന് കിഴക്കോട്ട്, ഖഗോള മധ്യരേഖയിലൂടെ 15 ഡിഗ്രി വീതം ഇടവിട്ട് 1,2,3 എന്നിങ്ങനെ മണിക്കൂർ അടയാളപ്പെടുത്തുന്നതാണ് റൈറ്റ് അസൻഷൻ. (3600 = 24മണിക്കൂർ ). ഖഗോള മധ്യരേഖയിൽ നിന്ന് ഒരു നക്ഷത്രത്തിലേക്കുള്ള അകലം (കോണളവിൽ ) ആണ് ഡെക്ലിനേഷൻ. ഒരു നക്ഷത്രത്തിന്റെ സ്ഥാനം കാണാൻ ധ്രുവ ബിന്ദുവിൽ നിന്ന് (വടക്കെങ്കിൽ ഉത്തരധ്രുവത്തിൽ നിന്നും തെക്കെങ്കിൽ ദക്ഷിണ ധ്രുവത്തിൽ നിന്നും) നക്ഷത്രത്തിലൂടെ മധ്യരേഖയിലേക്ക് ഖഗോളത്തിൽ ഒരു രേഖ സങ്കല്പിക്കുക. അത് മധ്യരേഖയെ സ്പർശിക്കുന്ന ബിന്ദുവിന്റെ റൈറ്റ് അസൻഷനാണ് നക്ഷത്രത്തിന്റെയും റൈറ്റ് അസൻഷൻ. ആ ബിന്ദുവിൽ നിന്ന് നക്ഷത്രത്തിലേക്കുള്ള കോണളവാണ് ഡെക്ലിനേഷൻ.

ഗണിത ജ്യോതിഷത്തിനു വളക്കൂറുള്ള മണ്ണായിരുന്നു ഇന്ത്യ. ദശാംശ വ്യവസ്ഥയെ അടിസ്ഥാനമാക്കി ഇന്ത്യയിൽ വികസിച്ചു വന്ന ഗണിതം ഗണനക്രിയകൾ എളുപ്പമാക്കി. ഇന്ത്യൻ ജ്യോതിഷത്തിൽ പ്രശസ്തരായ എല്ലാവരും തന്നെ വലിയ ഗണിതജ്ഞർ കൂടിയായിരുന്നു. വാന നിരീക്ഷണത്തിനും പുതിയ ജ്യോതിഷം പ്രചോദനമേകി. ധാരാളം പുതിയ നിരീക്ഷണ ഉപകരണങ്ങൾ രംഗത്തു വന്നു. ഛായായന്ത്രം, ധനുർ യന്ത്രം, (അർധവൃത്ത ഉപകരണം) യഷ്ടിയന്ത്രം (ദണ്ഡ്), ചക്രയന്ത്രം (വൃത്തം), ജല യന്ത്രം, ശലാക, ശകടം, ശങ്കു (നിഴൽ ഘടികാരം) തുര്യഗോളം, കർത്തരി, പീഠം തുടങ്ങിയ അനേകം യന്ത്രങ്ങളുടെ വിവരണങ്ങൾ ഇക്കാലത്തെ സാഹിത്യത്തിൽ കാണാം.

സിദ്ധാന്തകാലകൃതികളെ പൊതുവെ മൂന്ന് വിഭാഗങ്ങളാക്കിത്തിരിക്കാം. സിദ്ധാന്തം, തന്ത്രം, കരണം എന്നിവയാണവ. ഗ്രഹസ്ഥാനങ്ങളും മറ്റും ഗണിക്കുന്നതിലെ ആരംഭ ബിന്ദു മഹായുഗാരംഭമായെടുക്കുന്നതാണ് സിദ്ധാന്തം. തന്ത്രത്തിൽ ആരംഭ ബിന്ദു കലിയുഗാരംഭവും കരണങ്ങളിൽ ഗ്രന്ഥകർത്താവിനു സൗകര്യമുള്ള ഏതു സമയവും ആവാം. ഒരു മഹായുഗത്തിന്റെ നീളം 43,20,000 വർഷങ്ങൾ ആയതിനാൽ ഇക്കാലത്തിനിടെ ഗ്രഹങ്ങൾ പൂർത്തിയാക്കിയ പരിക്രമണങ്ങൾ വലിയ സംഖ്യകളായിരിക്കും. ജ്യോതിഷികളുടെ നിത്യ ഗണനത്തിന് അത് സൗകര്യപ്രദമല്ല. കലിയുഗാരംഭം ക്രി.മു. 3102 ഫെബ്രുവരി 18ന് ആണെന്ന് കണക്കാക്കി ആ ദിവസം ആരംഭബിന്ദുവായെടുത്താൽ കാര്യങ്ങൾ എളുപ്പമാകും. സൂര്യസിദ്ധാന്തം, ബ്രഹ്മസ്ഫുട സിദ്ധാന്തം (ബ്രഹ്മഗുപ്തൻ), സിദ്ധാന്ത ശിരോമണി (ഭാസ്കരൻ) മുതലായവ പ്രശസ്തമായ സിദ്ധാന്തങ്ങളാണ്. തന്ത്രസംഹിത (നീലകണ്ഠ സോമയാജി) ഒരു തന്ത്ര ഗ്രന്ഥമാണ്. പ്രായോഗിക ഗണനങ്ങ‍ൾക്കും പഞ്ചാംഗ നിർമ്മാണത്തിനും ഏറെ സഹായകം കരണങ്ങളാണ്. സമീപകാലം പ്രാരംഭ ബിന്ദുവായെടുക്കുന്നതുമൂലം അഹർഗണവും മറ്റും കണക്കാക്കാൻ എളുപ്പമാണ്. (പ്രാരംഭ ബിന്ദുവിൽ തുടങ്ങി ഇതിനകം കഴിഞ്ഞുപോയ ദിവസങ്ങളാണ് അഹർഗണങ്ങൾ ) അതുകൊണ്ട് ജ്യോതിഷികൾ ആശ്രയിക്കുക എപ്പോഴും കരണങ്ങളെയാണ്. ഖണ്ഡഖാദ്യകം (ബഹ്മഗു