താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അധ്യായം 5


ജ്യോതിഷം ഇന്ത്യയിൽ


5.1 വേദകാലം

ആര്യ ഭാഷ സംസാരിച്ചവരാണ് ആര്യന്മാർ. റഷ്യയുടെ തെക്കുഭാഗം മുതൽ മധ്യേഷ്യ വരെ വ്യാപിച്ചു കിടക്കുന്ന സ്റ്റെപ്പികളിൽ എവിടേയോ ആണ് അവർ ആദ്യം അധിവസിച്ചിരുന്നതെന്നും ക്രമേണ യൂറോപ്പിലേക്കും ഏഷ്യയുടെ മറ്റു ഭാഗങ്ങളിലേക്കും കുടിയേറി എന്നും കരുതപ്പെടുന്നു. ഇന്തോ-യൂറോപ്യൻ ഭാഷകൾ എന്നറിയപ്പെയുന്ന ഗ്രീക്ക്, ലാറ്റിൻ, റഷ്യൻ, ജർമൻ, ഇംഗ്ലീഷ് തുടങ്ങിയവയും സംസ്കൃതവും എല്ലാം ആര്യഭാഷകളിൽനിന്ന് രൂപപ്പെട്ടതാണെന്ന് അവയുടെ സമാനതകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലേക്കുള്ള മുന്നേറ്റത്തിൽ അവരുടെ ഓരോ കാലത്തേയും അധിവാസകേന്ദ്രങ്ങളെ കുറിച്ചുള്ള ധാരാളം സൂചനകൾ വേദങ്ങളിലുണ്ട്. അത്തരം അധിവാസകേന്ദ്രങ്ങളിലൊന്നാണ് സുവാസ്തു (നല്ല പാർപ്പിടം എന്നർഥം). കാബൂളിനു വടക്കുള്ള 'സ്വാത്'. ആണത്. ഗോമതി, ക്രുമു (ഇപ്പോഴത്തെ കുറാം), കുഭാ (കാബൂൾ), ഇവയും പരാമർശിക്കപ്പെടുന്നുണ്ട്. സിന്ധുവും അതിന്റെ പടിഞ്ഞാറൻ കൈവഴികളും സരസ്വതിയും ദൃഷദ്വതി (ഗഘാർ),ഷുതുദ്രി (സത്‌ലജ്), വിപാസ (ബിയാസ്), പരുഷ്ണി (രവി), വിതസ്ത (ഝലം) തുടങ്ങിയ നദികളും ഋഗ്വേദ സൂക്തങ്ങളിൽ കടന്നു വരുന്നുണ്ട്. യമുനയ്ക്ക് കിഴക്കുള്ള ഒരു പ്രദേശത്തെക്കുറിച്ചും സൂചനയില്ല. എന്നാൽ പിൽക്കാല വേദങ്ങളിൽ (അഥർവ, യജുർ, സാമവേദങ്ങളിൽ) അതുണ്ടുതാനും. അവർ പിന്നിട്ട വഴി ഏതാണ്ട് വ്യക്തമാണ്.

പ്രാചീന ഭാരതത്തിലെ ജ്യോതിഷ വിജ്ഞാനത്തെക്കുറിച്ചുള്ള ചർച്ചകൾ മിക്കതും തുടങ്ങുന്നത് വേദകാല ജ്യോതിഷത്തിൽ നിന്നാണ്. എന്നാൽ അതിനു മുമ്പു ഹാരപ്പയും മൊഹൻജോ ദരോ(മരിച്ചവരുടെ കുന്ന്)യും ഉൾപ്പെട്ട വിശാലമായ സൈന്ധവ തീരങ്ങളിൽ ഏറെ വികാസം പ്രാപിച്ച ഒരു നാഗരികത നിലനിന്നിരുന്നു എന്നു നമുക്കറിയാം. ആ ജനതയ്ക്ക് ഗണിതവും ജ്യോതിശാസ്ത്രവും ഒക്കെ നിശ്ചയമുണ്ടായിരിക്കില്ലെ? അവരോടൊപ്പം വളർച്ച പ്രാപിച്ച ഈജിപ്ഷ്യൻ, മെസോപ്പൊട്ടോമിയൻ, ചൈനീസ് നാഗരികതകളിൽ ഈ ശാസ്ത്രശാഖകൾ വികാസം പ്രാപിക്കുകയും കലണ്ടർ വ്യവസ്ഥ നിലവിൽ വരികയും ചെയ്തതിനുള്ള തെളിവുകൾ പാപ്പിറസ് ലിഖിതങ്ങളായും കളിമൺ ഫലകങ്ങളായും നമുക്കു കിട്ടിയിട്ടുണ്ട്. എന്നാൽ സിന്ധു നദീതട സംസ്ക്കാരം വളരെക്കുറച്ച് രേഖകളേ അവശേഷിപ്പിച്ചിട്ടുള്ളൂ. ലഭ്യമായ രേഖകളും മുദ്രകളും വായിച്ചെടുക്കാൻ നമുക്കിതുവരെ കഴിഞ്ഞിട്ടുമില്ല. ചുരുക്കത്തിൽ അവരുടെ ജ്യോതിശ്ശാസ്ത്ര വിജ്ഞാനത്തെക്കുറിച്ച് നമുക്ക് ഏറെയൊന്നും അറിയില്ല.

പ്രാചീന ജ്യോതിഷ വിജ്ഞാനത്തെക്കുറിച്ച് വ്യക്തമായ സൂചനകളുള്ളത് വേദങ്ങളിലാണ്. ഋഗ്വേദ മന്ത്രങ്ങൾക്ക് ജന്മം നൽകിയ കാലത്ത് (ക്രി.മു. 1600-നടുത്ത്) സിന്ധു, ചിനാബ്, സരസ്വതീ തീരങ്ങളിൽ (സരസ്വതി പിന്നീട് അപ്രത്യക്ഷമായി) ആടുമാടുകളെ മേച്ച് ഉപജീവനം കണ്ടെത്തിയ ഒരു ജനതയായിരുന്നു വൈദിക ജനത. കൃഷിയും സ്ഥിരതാമസവുമുണ്ടായിരുന്നില്ല. അതു കൊണ്ട് ജ്യോതിഷത്തിന്റെ വികസിത രൂപങ്ങളൊന്നും അവർക്ക് ആവശ്യമുണ്ടായിരുന്നില്ല. സന്ധ്യ കഴിഞ്ഞാലും ആടുമാടുകളുമായി താവളത്തിൽ തിരിച്ചെത്തണം; അതിനാവശ്യമായ