അറിയുന്നീലെന്നിട്ടും നാ,മന്യദേശക്കാർക്കശേഷ-
മയിത്തക്കാരായാൽപ്പോലുമതിൻ വൈരൂപ്യം.
പതിതർ നാമഖിലരും ഭ്രാതാക്കളേ! ഭാരതീയർ-
പതിതരുമുണ്ടോ വേറേ നമുക്കിടയിൽ?
വമ്പെഴുമീ രക്ഷസ്സിന്നു വളരെ വീടുണ്ടെന്നാലു-
മമ്പലമാണന്തിമമാമാശ്രയസ്ഥാനം.
ഹന്ത! നമ്മൾ കുറേപ്പേരെ നമ്മളിൽ നിന്നടിച്ചോടി-
ച്ചന്തകൻതൻ മട്ടവരോടാവതും കാട്ടി.
ഉടുക്കുവാൻ തുണിയില്ല; കിടക്കുവാൻ കുടിലില്ല;
കുടിക്കുവാനൊരുതുള്ളിക്കഞ്ഞിനീരില്ല;
ഹരിയെന്നു വാതുറന്നു പറയുവാനറിയില്ല;
കരയുവാൻപോലും കാര്യവിവരമില്ല;-
വെറുമിരുക്കാലിമാട്ടിൻ നിലയിലിമ്മട്ടിലൊരു
വരവരച്ചപ്പുറത്തു ചെറുത്തുതള്ളി,
മരുവുന്നു; മറ്റുപേർക്കു മധുരമായിരിപ്പോരീ
നരലോകമവർക്കയ്യോ! ലുപ്‌ത 'ലോ' വർണ്ണം.
ദൈവമെന്നും ഭക്തിയെന്നും ക്ഷേത്രമെന്നും പൂജയെന്നു-
മേവമുള്ള വാക്കുകൾതന്നർത്ഥംഗ്രഹിപ്പാൻ
അവരല്ലീ നമ്മളെക്കാളധികാരിഭാവർന്നോ-
രഗദത്തിന്നാവശ്യക്കാരാതുരരല്ലീ?
ആരിരുന്നരുളീടുന്നു ദേവതായതനത്തിങ്ക-
ലാരണനല്ലാഢ്യമാനിയജ്ഞതാവിഷ്ടൻ.
പാരിടങ്ങൾ പതിന്നാലും കാത്തിടുന്ന പരൻ പുമാൻ,
പാമരർക്കും പണ്ഡിതർക്കും പ്രാർത്ഥിതദായി,
സത്യശിവശാന്തമൂർത്തി, സച്ചിദാനന്ദസ്വരൂപൻ,
നിത്യശുദ്ധൻ, നിത്യബുദ്ധൻ, നിത്യവിമുക്തൻ.
പൂച്ചകകൾക്കും പുഴുക്കൾക്കും പുല്ലുകൾക്കും പൂഴികൾക്കും
സ്വേച്ഛപോലെ കുടികൊൾവാനുണ്ടവകാശം;
മനുഷർക്കും മാത്രമതിൽ- മനുഷർതൻ സോദരർക്കു-
നൂണുകൂടാ പിതാവിനെ കൈകൂപ്പിപ്പോവാൻ;
അയിത്തമായ് ദേവനപ്പോ, ളഖിലവും കുട്ടിച്ചോറായ്;
ഭയദമാം ഭൂകമ്പമായ്; പ്രളയവുമായ്.
അളക്കുന്നുവല്ലോ മർത്ത്യാ! നിന്റെ പൊട്ടമുഷ്ടികൊണ്ടീ-
യുലകെങ്ങും നിറഞ്ഞൂള്ളോരുടെയോനെ നീ!
നിൻ കിടാങ്ങൾ സമീപിച്ചാൽ നീയകലാൻ മുതിർന്നിടാ-
മങ്കമവരേറിയാൽ നിൻ മുണ്ടഴുക്കാകാം;
അവർക്കു നീ പിതാവായതരോചകമായിത്തോന്നാം;
ഭുവനേശൻ ത്വത്സദൃശനല്ല ചങ്ങാതി!