താൾ:ചൈത്രപ്രഭാവം.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവനവൻ തൻ മനസ്സിൽ സങ്കല്പത്തിൽക്കവിഞ്ഞാർക്കു-
മവനിയിൽ ദൈവമില്ലെന്നറിയണേ നീ.
അമ്പലത്തിൻ ചടങ്ങവരറിയാത്തോർ പോലു;മവ-
ർക്കംബരവും ശരീരവും മലിനം പോലും!
ആരു ചെയ്‌ത പിഴയതു? നമ്മുടയ പൂർവ്വഗന്മാർ;
ആര, തിന്നു നികത്തേണ്ടോർ? നമ്മൾ താൻ-നമ്മൾ.
എളിയൊരു കനിഷ്ഠനെച്ചേറിൽ വീഴ്‌ത്തിത്തന്റെ മുണ്ടിൽ-
ച്ചളിതെറിച്ചതായ് ജ്യേഷ്ഠൻ പഴി ചൊല്ലുന്നു;
പുറംപൊളിച്ചിറ്റു വീഴും നിണം തന്റെ ചൂരലിന്മേൽ-
പ്പുരണ്ടതായ്ക്കണ്ടു പിന്നെക്കലികൊള്ളുന്നു;
തച്ചുകൊന്നു ശവത്തിന്റെ ചീഞ്ഞ നാറ്റം സഹിക്കാതെ
ലജ്ജവിട്ടു കരംകൊണ്ടു മൂക്കുപൊത്തുന്നു!
മതമെന്നല്ലിതിന്നുപേർ; മതത്തിന്റെ മറക്കുള്ളിൽ
മദം നിന്നു കാട്ടിക്കൂട്ടും മനുഷ്യദ്രോഹം.

4



തന്റെ കാലം കഴിഞ്ഞോട്ടെ വല്ലമട്ടുമെന്നു ചൊല്ലി-
സ്വന്തനിലയുറപ്പിക്കും സൂത്രശാലികൾ;
പഴമയെപ്പേടിച്ചന്തഃകരണം കാട്ടിടുന്ന നേർ-
വഴിയിൽക്കാൽ കുത്തിടാത്ത പശുമതികൾ;
ഒച്ചിഴച്ചിൽ വിമാനത്തിൻ പാച്ചിലെന്നു നിനയ്ക്കുന്ന
നിശ്ചലത്വപ്രണയികൾ നിത്യസുഷുപ്തർ
പത്തുനാലായിരം വർഷം മുമ്പിരുന്ന മനുഷ്യർക്കേ
ബുദ്ധിയുള്ളൂവെന്നുറയ്ക്കും രുദ്രഭക്തർ,
അതികാമ്യം താനീലക്ഷ്യമനവാപ്യമല്ലെന്നാലെ-
ന്നധരാനുകമ്പകാട്ടുമശുദ്ധചിത്തർ;
പൂർവ്വജന്മകർമ്മഫലം ഭുജിപ്പിച്ചിടാഞ്ഞാലുണ്ടാം
ദൈവകോപമെന്നുരയ്ക്കും ദൈവജ്ഞമ്മന്യർ;
ഊരുകൂടിതീർച്ചയാക്കാനുള്ളകാര്യമൊരുവന്റെ
ഭാരമല്ലെന്നൊതുങ്ങീടും പ്രച്ഛന്നസ്വാർത്ഥർ;
അച്ഛനിലുമമ്മയിലും തന്നിലെഴുമപരാധം
വെച്ചുകെട്ടാനൊരുങ്ങുന്ന വിശ്വവഞ്ചകർ;-
പരമേവം പലപല വേഷമാർന്നു നടക്കുന്നു.
ഭാരതോർവീസമുൽഗതിപ്രതിരോധികൾ.
ഒന്നിനൊന്നു നിവർന്നുയർന്നാർത്തയിത്തപ്പിശാചിതാ!
നിന്നിടുന്നു തന്മധ്യത്തിൽ നിർഭയമായി-
ഹോയി ഹോയിയെന്നലറി മപ്പടിച്ചു കലിതുള്ളി
വായിൽ നിന്നു തീവമിച്ചു വല്ലാത്ത ഭൂതം
ഭഗവതി ഭാരതാംബ പതറി വീഴുന്നു പാവം
ശകലവും ശാന്തിക്കൊരു വഴികാണാതെ,

"https://ml.wikisource.org/w/index.php?title=താൾ:ചൈത്രപ്രഭാവം.djvu/5&oldid=173122" എന്ന താളിൽനിന്ന് ശേഖരിച്ചത്