താൾ:കല്ലോലമാല.djvu/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഓമലിനോട്

ആരോമലേ, നീയുറങ്ങുകയാണെങ്കി-
ലാരാലുണർന്നെണീറ്റാത്തവേഗം,
നിന്മണിവാതിൽ തുറക്കൂ, വിഭാതമായ്
നമ്മൾക്കതിദൂരെച്ചെന്നിടേണ്ടേ?
കുന്നും വനങ്ങളും മൈതാനഭൂമിയും
പിന്നിട്ടു പിന്നിട്ടു പോയിടേണ്ടേ?

അക്കാൽച്ചെരിപ്പുകൾ കണ്ടുപിടിക്കുവാ-
നൊക്കാഞ്ഞു തങ്ങി നീ നിന്നിടൊല്ലേ!
പോരിക നഗ്നമാം പാദയുഗവുമായ്
നേരമത്യന്തമതിക്രമിപ്പൂ!
ആവശ്യമില്ല ചെരിപ്പുകൾ, മഞ്ഞുനീർ
താവുന്ന പച്ചപ്പുൽത്തട്ടുകളിൽ
ആറും പുഴകളും തോടും കടക്കണ-
മേറെ, നാം പോകുന്ന ഭൂമികളിൽ!...

---ഗിൽവിസന്റെ.

നടപ്പാത

കുളിർമഞ്ഞുതിർന്ന നിശീഥിനിയിൽ
തെളിയുന്നു മങ്ങി വിദൂരചന്ദ്രൻ.
പൊഴിയും നിലാവിൽ നിർജ്ജീവമാം മ-
ട്ടഴൽമുറ്റും, പാടങ്ങൾ കാണ്മൂ നീളെ.
അവികലനീഹാരധാരയിങ്കൽ
ധവളാഭമായ്ത്തീർന്ന മാമരങ്ങൾ,
അവസാനമില്ലാത്തമാതിരിയി-
ലണിയണിയായ നടപ്പാതവക്കിൽ
ഇലയറ്റ നഗ്നശിഖരവുമായ്
വിലസുന്നു നോക്കെത്തിടാത്തമട്ടിൽ.
ഗളതലാബദ്ധങ്ങൾ ഘണ്ടികക-
ളൊലിചേർക്കെത്താടയിട്ടാട്ടിയാട്ടി
അതിവേഗം കാള കുളമ്പടിച്ചു
കുതികൊണ്ടു മുന്നോട്ടുപോയീടുന്നു.
പകുതിയും നിദ്രയിലാണ്ടു, പാട്ടു
പതറിമൂളുന്നിതെൻ വണ്ടിക്കാരൻ.
അഴലാർന്നു മന്മനോരാജ്യത്തിൽ, ഞാ-
നനുകമ്പപൂണ്ടുകൊണ്ടിപ്രകാരം,

"https://ml.wikisource.org/w/index.php?title=താൾ:കല്ലോലമാല.djvu/22&oldid=172988" എന്ന താളിൽനിന്ന് ശേഖരിച്ചത്