നശിക്കാത്ത കവിത
(ജോൺ കീറ്റ്സ്)
ഭൂമണ്ഡലത്തിൽ കവിതയൊരിക്കലും
നാമാവശേഷമായ്ത്തീർന്നിടില്ല.
ഉച്ചക്കൊടുംവെയിലേറ്റു തളർന്നോരോ
പച്ചക്കിളികൾ വിവശരായി
സ്വച്ഛന്ദം പൂമരച്ചാർത്തിൽ കുളിരണി-
പ്പച്ചപ്പടർപ്പിലൊളിച്ചിരിക്കേ,
ഓരോരോ വേലിയിൽനിന്നുമുയർന്നോരു
നേരിയ നാദം തളർന്നൊഴുകും.
'ചാട്ടക്കുതിര' തൻ പാട്ടാണതിനൊരു
കോട്ടവും വേനലിൽ തട്ടുകില്ല.
ഉല്ലാസപൂർവ്വകം ചാടിക്കളിക്കയാൽ
തെല്ലൊരു താന്തത സംഭവിക്കേ-
ചേലിൽ സുഖാലസവിശ്രമം പൂണുന്നി-
താലോലവല്ലിപ്പടർപ്പിലവൻ.
കാളും കൊടുവെയിലാളുന്ന വേനലിൽ-
പ്പോലുമവനു പരമാനന്ദം!
ഭൂമണ്ഡലത്തിൽ കവിതയൊരിക്കലും
നാമാവശേഷമായ്ത്തീരുന്നില്ല.
ഘോരമഹാമാരിയേറ്റു തണുപ്പിനാൽ
പാരാകെയൊട്ടു വിറച്ചുനില്ക്കേ,
കാലവർഷാഗമകാലത്തു മേല്ക്കുമേൽ
കൂരിരുളാളുന്ന യാമിനിയിൽ
ഉഗ്രനിശ്ശബ്ദതയൊന്നെങ്ങും ചേരുമ്പോൾ
ഉദ്ഗമിച്ചീടുന്നു നാദമേകം.
ആയതു ചീകീടിൻ പാട്ടാണതിനെഴു-
മാലാപം മേന്മേലുയർന്നൊഴുകും.
പച്ചപ്പുല്ക്കുന്നിന്നടിയിലായ് പാതിയു-
മച്ചെറുജീവിതൻ ഗാനപൂരം
ചെന്നു മറഞ്ഞു കഴിഞ്ഞെന്നുനിദ്രയാൽ
കണ്ണടഞ്ഞീടുന്നവനു തോന്നും.