താൾ:കല്ലോലമാല.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൈഷ്ണവഗാനങ്ങൾ

(ഗോവിന്ദദാസ്)

കാളിയദർപ്പം പോക്കിയോ,രന്നു
കാളിന്ദീനദീതീരത്തിൽ
ചേണിയലും കദംബകാകുല-
കാനനാഞ്ചലച്ഛായയിൽ,
ചേലിലൊന്നിച്ചുകൂടിനാരേറെ-
ശ്രീലഗോപാലബാലകൾ.
നിശ്ചലങ്ങളാം മാഞ്ഞുപോകാത്ത
കൊച്ചുമിന്നൽപ്പിണരുകൾ
മാറിമാറിത്തൊടുത്തെടുത്തൊരു
മാലകോർത്തതുമാതിരി!
മിന്നിയെന്മിഴികൾക്കു മുന്നിലാ-
സ്വർണ്ണവർണ്ണോപമാംഗികൾ
മത്സഖേ, ഹാ, സുബല, ഞാനതു
വിസ്മരിക്കുന്നതെങ്ങനെ?
കഷ്ടമില്ലെനിക്കിന്നതിൽ പിന്നീ-
ടൊട്ടുമുത്സാഹമൊന്നിലും
രാപ്പകൽപോലും വേർതിരിച്ചോതാ-
നാവതല്ല മേ തെല്ലുമേ!
ഉണ്ടവരിലാപ്പെൺകൊടികളിൽ
രണ്ടുമൂന്നുജ്ജ്വലാംഗികൾ
വിശ്വസൗന്ദര്യസാരനിർമ്മിത-
വിസ്മയാവഹഭൂഷകൾ.
കൊണ്ടൽവേണിയായ് കോമളാംഗിയാ-
യുണ്ടവരിലൊരോമലാൾ.
ഇല്ലവരിലഴകിലാരുമേ
വെല്ലുവാനക്കുമാരിയെ.
അത്രമാത്രം കവർന്നിതെൻമന-
മത്തരുണിതൻ സൗഭഗം.
പ്രേമജന്യവിരഹവഹ്നിതൻ
ധൂമവീചികൾ മേൽക്കുമേൽ
മന്മിഴികളിൽനിന്നു നീക്കുന്നി-
തുന്മദപ്രദനിദ്രയെ.
മാമകധ്യാനമെപ്പൊഴുമിന്നാ-
മായികയിങ്കൽ മാത്രമാം.

"https://ml.wikisource.org/w/index.php?title=താൾ:കല്ലോലമാല.djvu/18&oldid=172983" എന്ന താളിൽനിന്ന് ശേഖരിച്ചത്