താൾ:കല്ലോലമാല.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹാ, വിരഹത്തിലിത്രമാത്രമൊ-
രാവിലത്വമെഴുതുന്നതായ്
ഇത്തിരിപോലുമോർത്തിരുന്നതി-
ല്ലിത്രനാളും ഞാനേതു മേ.
ഞാനനുദിനം മേല്ക്കുമേലതി-
ക്ഷീണിതനായ്ച്ചമകയാം.
ആവിലത്വമതോർത്തിദമിതാ
ഗോവിന്ദദാസനോതുന്നു;
"ആവലാതിപ്പെടുന്നതേവമാ-
ണേവനും നവപ്രേമത്തിൽ!"

വസന്തം

(തോമസ് നാഷ്)

വസന്തം മോഹനവസന്തം വത്സര-
വസുന്ധരാധിപകലാപമൗക്തികം
എഴുന്നള്ളുമ്പൊഴുതഖിലവുമുണർ-
ന്നഴകിലുൽഫുല്ലപ്രസന്നമായ് നിൽപൂ.
ഒരു മനോഹരവലയം നിർമ്മിച്ചു
തരുണികൾ ചെയ്‌വൂ തരളനർത്തനം.
ഒഴിഞ്ഞകലുന്നു തണുപ്പെവിടെയു-
മൊഴുകുന്നു ഗാനതരംഗമാലകൾ.
പല കളകളസ്വനലഹരികൾ
പകരുന്നിതോമല്പതംഗപാളികൾ.
പരിചിലോലകൾ മെടഞ്ഞുമേഞ്ഞതാം
പരിലസൽഗ്രാമഭവനവീഥികൾ
പ്രസരിപ്പിക്കുന്നു പരിസരങ്ങളിൽ
പ്രസന്നഭാവത്തിൻ വിലാസവീചികൾ.
മിളിതകൗതുകമലഞ്ഞു ചാഞ്ചാടി-
ക്കളിപ്പതെമ്പാടുമജകിശോരങ്ങൾ.
പരമസംതൃപ്തി നുകർന്നിടയന്മാർ!
പതംഗപാളികൾ പകരുന്നു മേന്മേൽ
പല കളകളസ്വരലഹരികൾ!
വയലുകളിൽനിന്നതിമധുരമാ-
യുയരുന്നിതോരോ കുളിർത്ത വീർപ്പുകൾ,
നടക്കവേ കാലിൽത്തടവുന്നൂ മഞ്ഞ-
ക്കുടവിടുർത്തിയ ചെറുമുക്കുറ്റികൾ.

"https://ml.wikisource.org/w/index.php?title=താൾ:കല്ലോലമാല.djvu/19&oldid=172984" എന്ന താളിൽനിന്ന് ശേഖരിച്ചത്