താൾ:കല്ലോലമാല.djvu/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രപഞ്ചത്തിലിന്നേതരുണനേക്കാളും
പ്രകാശപൂർണ്ണമിപ്രേമം!

പരിധിയറ്റമട്ടഗാധമാണെന്നിൽ ‌
ഉറവെടുക്കുമിപ്രേമം!
ഗഹനമത്യന്തഗഹനമിസ്വർഗ്ഗ-
മഹിതമംഗളരാഗം.
വരട്ടിക്കൊള്ളുവിൻ മമ ജീവന്നെഴു-
മുറവൊഴുക്കുകളെല്ലാം.
തരുവിൻ വിട്ടെനിക്കുലകിലെന്നിട്ടി-
സ്സുരലോകത്തിലെ പ്രേമം.
അതു മതിയെനിക്കറികെൻ ജീവിത-
മമൃതപൂർണ്ണമാണെന്നും!

അലഘുശക്തമാണടിക്കടിയെന്നി-
ലലയടിക്കുമിപ്രേമം
ബലഭരിതമീമഹിതസ്വർഗ്ഗീയ-
സുലളിതോൽക്കടപ്രേമം.
സമർപ്പിച്ചുകൊൾവിൻ പ്രപഞ്ചത്തിൻ ഭാരം
സമസ്തവുമെടുത്തെന്നിൽ.
സുശക്തമിപ്രേമം കലിതോമോദം ഞാൻ
സഹിപ്പേനക്കൊടും ഭാരം!

"https://ml.wikisource.org/w/index.php?title=താൾ:കല്ലോലമാല.djvu/12&oldid=172977" എന്ന താളിൽനിന്ന് ശേഖരിച്ചത്