Jump to content

താൾ:കണ്ണൻ.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
31
നാലു ഭാഷാകാവ്യങ്ങൾ


'നല്ലാലൂ,നന്നിവിട'മെന്നു നിനച്ചു കണ്ണൻ
തെല്ലാടലാറ്റിയവിടത്തിലിരുന്നിടുമ്പോൾ
നല്ലാർകളൊക്കെ മുടിചേർത്തണയുന്ന വൈര-
കല്ലാക്കുളക്കടവി‌ൽനിന്നു കുളിച്ചുകേറി.       23

പൊന്താലി, നൂലു, വളതൊട്ടു, പകിട്ടുവിട്ടു
ചെന്താർമകന്റെ വിരുതിൻവിളയാട്ടമായി
പൊന്താരൊടൊത്തൊരുടലുള്ളവൾ തന്റെ ചന്ത-
മെന്താണുരപ്പതു? പറഞ്ഞറിയിക്കവയ്യ.        24

തോരാതുലഞ്ഞടിതൊടുമ്പടി നീണ്ട കൂന്തൽ
പാരാതെ കൈവിരലുകൊണ്ടവൾ വേർപെടുക്കെ,
നീരാർന്നു മിന്നലിടചേർന്നു മഴയ്ക്കൊരുങ്ങും-
കാണാറിതെന്നു കരുതും കരൾതന്നിലാരും.       25

നെഞ്ഞാകെയങ്ങിനെ നിറഞ്ഞണിവെള്ള റൗക്കി
പിഞ്ഞാനടുത്തപടി വിങ്ങിവളർന്നു പൊങ്ങി
കുഞ്ഞാന തോറ്റ നടയാളുടെ കൊങ്ക രണ്ടും
മഞ്ഞാൽ മറഞ്ഞ മലപോലെ തുലോം വിള‌ങ്ങി.        26

ആണായകൂട്ടരുടെയൊക്കെയുമുള്ളുലയ്ക്കും-
കോണാർന്നുകൊണ്ടു കരിമീനിണപോലെ മിന്നി
കാണായൊരാമിഴികൾ പോയവഴിക്കലൊക്കെ-
ച്ചേണാർന്നൊരാമ്പൽമലർ ചിന്നിയപോലെ തോന്നും.       27

ചണ്ടിക്കു നീണ്ട കുഴൽ, തണ്ടലരിൽ കളിക്കും
വണ്ടിന്നു നൽക്കുറുനിരക്കളി, താരിരുൾക്കോ
ചുണ്ടി, ങ്ങുലച്ച പുരികം തിരകൾ,ക്കിതെല്ലാം
കൊണ്ടിക്കരിംകുഴലിയാച്ചെറുപൊയ്കപോലെ.       28

തിണ്ണന്നു പൊയ്ക പിരിവാനരുതാഞ്ഞണഞ്ഞ-
വണ്ണം നിറഞ്ഞൊരഴകൊക്കയണിഞ്ഞുകൊണ്ട്
കണ്ണൻ നലത്തൊടെഴുമാലിനു നേർക്കു ചെന്നാ-
പ്പെണ്ണന്നു കണ്ണനുടെ കൺ‌വഴിയിൽക്കടന്നു.       29

'വേണ്ടില്ല കാർകുഴലി നന്നിവൾ നല്ലപോലെ
കണ്ടില്ല'യെന്നവളെ നോക്കി നിനച്ചു കണ്ണൻ
പണ്ടില്ലിതിൻപടിയൊരുത്തിയിവണ്ണമിന്നും
രണ്ടില്ല നല്ല മടവാരണിമുത്തു കൊള്ളാം.       30

"https://ml.wikisource.org/w/index.php?title=താൾ:കണ്ണൻ.djvu/4&oldid=216542" എന്ന താളിൽനിന്ന് ശേഖരിച്ചത്