ആരോമലാമതിനു താഴ്ചയശേഷമില്ല
സൂരോഗ്രരശ്മികളുമാഴിയോടെന്തെടുക്കും? 18
വൻ നർമ്മദാനദിയെയും വഴിമേൽത്തടഞ്ഞ
മന്നന്റെ വീര്യ, മവളോതിയറിഞ്ഞൊരാഴി
തന്നന്തികത്തിലവനെസ്സകുലം വധിച്ചു-
വന്നപ്പോഴാബ് ഭൃഗുസുതന്നിതു കാഴ്ചവച്ചു. 19
വാരാശി, തന്നോടുവിലെശ്ശിശു കേരളത്തെ
നേരായ്പ്പുലർത്തീടണമെന്നു കരാറുവാങ്ങി,
ധാരാളമംബുവരുളുന്നതുകൊണ്ടു മേന്മേൽ
ധാരാധരങ്ങളിതിൽ മാരി പൊഴിച്ചിടുന്നു 20
ഇല്ലീഷലിങ്ങു, ഹിമബിന്ദുവഹിച്ച കുന്നിൻ
വല്ലീതൃണങ്ങളിലിനപ്രഥമാംശു ചേർന്നാൽ,
ചൊല്ലീടുമാരുമിള മൗക്തികമാല പച്ച
വില്ലീസുറൗക്കയുടെ മേലണിയുന്നുവെന്നായ്. 21
ഭീവിട്ടുകൂന്തൽവല, ചുണ്ടിര, ബാഹുപാശം,
ഭൂവി,ല്ലപാംഗവിശിഖം, മുഖചന്ദ്രഹാസം,
ഈ വിശ്രുതായുധഗണം കലരും വധുക്കൾ
ഭാവിപ്പൂ തത്രയുവഹൃന്മൃഗയാവിനോദം. 22
സാരാനനേന്ദു, മിഴിമീൻ, ഗളകംബു, കേശ-
ധാരാധരം, കടമിഴിത്തിര ഹാസഫേനം
ധാരാളമാമണി, യിളങ്കുളുർകുന്നുമൊത്തു
പേരാണ്ടനന്തസുഷമാബ്ധികൾ തത്ര കാണാം. 23
വിൺമാനിനീമകുടഭൂഷകൾ വാനിൽനിന്നി-
പ്പൊൻമാൻകിശോരമിഴിമാരുടെ ഭംഗിനോക്കി
വൻമാലൊടക്ഷിയടയാത്തൊരമർത്യഭാവം
ജന്മാന്തരാഘഫലമെന്നു നിനച്ചിടുന്നു. 24
രാവില്ലതിന്നു പകലി,ല്ലരികത്തണഞ്ഞു
സേവിച്ചിടും ജനതയെത്വരയോടു വഞ്ചി
കൈവിട്ടിടാതെയിഹ കായൽ കടത്തിടുന്നു
ഗോവിന്ദമൂർത്തി ഗുരുവാം ഭവമെന്നപോലെ. 25
മാനാതിരിക്തഗുണയാം മഹിയിൽപ്പെടുന്ന
നാനാപദാർത്ഥനിരയൊക്കെയുമൊത്തു മേന്മേൽ
ഈ നാടു വാച്ചുവിലസുന്നു സമസ്തസമ്പൽ-
സ്ഥാനാഢ്യമായ് പ്രകൃതിതൻ പ്രതിലേഖപോലെ. 26
ചേണാർന്നിടും പുകൾമണം ദിശി നീളെ വീശും
വേണാടിതിന്നരിയ ദക്ഷിണഖണ്ഡമല്ലോ;
കാണാൻ വരുന്നവരെയപ്പൊഴുതേ കരിങ്കൽ-
ത്തൂണാക്കി നിർത്തിടുമതിൻ സുഷമേന്ദ്രജാലം 27
താൾ:ഉമാകേരളം.djvu/3
ദൃശ്യരൂപം
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
