Jump to content

താൾ:ഉമാകേരളം.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ക്ഷീണിതമറ്റിവിടെ രാക്ഷസമന്ത്രി ചെയ്യും
വീണപ്രവൃത്തികൾ ഫലിച്ചിടുവാൻ പ്രയാസം.       113

ധീവിങ്ങിടും പ്രജകൾ നിങ്ങൾ നമുക്കവന്നുൾ
പ്പൂവിൽപ്പെടും മദമറുത്തിടുവാൻ, തുണയ്പിൻ;
ഭൂവിൽ ഭവത്തൊടമർചെയ്തു ജയം ലഭിപ്പാൻ
ജീവിക്കു നൽശമദാദിഗുണങ്ങൾപോലെ.       114

പാപപ്രസക്തിപെടുമായവരോടിവണ്ണം
ഭൂപൻ കഥിച്ച വചനങ്ങൾ തനിക്കു മേലിൽ
ഹാ! പത്രപുഷ്പഫലശാഖകളൊത്തു വായ്ക്കു-
മാപദ്‌ദ്രുമങ്ങളുടെ വിത്തുകളായ് ഭവിച്ചു.       115

ഝടിതി പണിഫലിച്ചെന്നേറ്റവും തോഷമോട-
ക്കുടിലമതികൾ തത്തന്മന്ദിരം ചെന്നു പുക്കാർ;
കടിയിൽ മൃതി ദൃഢംതാൻ ദൃഷ്ടനെന്നോർത്തു മോദാൽ
കൊടിയ ഫണികൾ വീണ്ടും പോടുപുകുംകണക്കേ.       116

കാകം, പട്ടി, പരുന്തു ഗൃദ്ധ്രമിവയജ്ജീവൻ
വെടിഞ്ഞുള്ളതാം
ലോകത്തിൽ തനു കീറി നാലുപുറവും പുണ്ണാ-
ക്കിടും‍പോലവേ,
ശോകം, സാദ്ധ്വസ,മീറ,ശങ്കയിവയബ്ഭൂപ-
ന്റെ ധീവിട്ട ഹൃ-
ത്താകപ്പാടെ മുറിപ്പെടുത്തി ദയതെല്ലില്ലാ-
തെയെല്ലായ്പ്പൊഴും.       117

ഒന്നാം സർഗ്ഗം സമാപ്തം


രണ്ടാം സർഗ്ഗം

അനന്തരം പാദുകചെയ്ത പുണ്യമായ്
മനസ്സുകൊണ്ടോർക്കിലതും ചൂടുന്നതായ്,
ജനത്തെ നിർമ്മിച്ച നിലയ്ക്കു നിർത്തു, മാ-
ക്കനം വെറും ഗ്രീഷ്മമണഞ്ഞു വഞ്ചിയിൽ.       1

തദാമൃതത്വം സലിലത്തിനും പരം
സദാഗതിത്വം പവനന്നുമൂഴിയിൽ
നിദാഘശക്ത്യാ തപനത്വമർക്കനും
നിദാനമന്വർത്ഥത പൂണ്ടു വിസ്മയം.       2

ഇനൻ തദാനീമതിദുഷ്ടചിത്തനാ-
മനന്തതൻ നായകനെന്ന പോലവേ
അനന്തരായോഗ്രകരം പതിക്കയാൽ
ജനം തപിച്ചാകുലമായിതെങ്ങുമേ.       3

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/13&oldid=202337" എന്ന താളിൽനിന്ന് ശേഖരിച്ചത്