ദുരാശപോൽ നീണ്ടു ദിനം; വിയുക്തയാം
വരാംഗിപോൽ രാത്രി മെലിഞ്ഞു നിർഭരം;
വിരാമമില്ലാത്തൊരു തൃഷ്‌ണ വന്നുപോയ്
നരാഗ്രിമർക്കും പിശുനർക്കു തുല്യമായ്. 4
വിരിഞ്ഞതാമാർജ്ജുനകന്ദമുള്ളെടം
തിരഞ്ഞു കൃഷ്‌ണാളിയണഞ്ഞു മഞ്‌ജുവായ്
ചൊരിഞ്ഞ ഗീതാമൃതമാസ്വദിക്കുവാൻ
നിറഞ്ഞു കൌതൂഹലമുള്ളിലേവനും. 5
ദുരാതപക്രൂരത വായ്‌ക്കുമുച്ചനാൾ
സുരാജഹംസം ജലസേവയെന്നിയേ
പരാർദ്ധ്യയാം പത്‌മിനിതന്റെ കോരകം
നിരാകുലം കൊക്കുകൾകൊണ്ടു കൊത്തിനാൻ. 6
സ്‌ഫുരിച്ചിടും സുരകരങ്ങൾ, കാന്തയെ—
പ്പിരിഞ്ഞു വാഴും തരുണർക്കു വേനലിൽ
കരിഞ്ഞുവാടുന്ന കരൾത്തളിർക്കൊടി—
ക്കെരിഞ്ഞ തീയ്‌ക്കെണ്ണകണക്കു തീർന്നുതേ. 7
രവിസ്‌ഫുരദ്ദീധിതിയക്ഷിപാളിതൻ
കവിഞ്ഞ കീലാലപിപാസതീർക്കയാൽ
ഛവിക്കിരിപ്പാം തടിനീനതാംഗിമാർ
ഭവിച്ചു ശോഷത്തിനു ഭാജനങ്ങളായ്. 8
ചെരിപ്പു കാലും, കുട കയ്യു, മാസ്‌ഥയാ
വരിച്ചു, ഭർത്താവിനെ മങ്കപോലവേ;
ശരിക്കിളംപുൽത്തറമേൽ മൃദുച്‌ഛദം
വിരിച്ചു വിത്തേശരുറങ്ങി നിസ്ത്രപം. 9
സ്‌ഫുടം നിശായാം ധൃതചക്രമായി, നൽ—
പ്പടം ധരി,ച്ചങ്ങനെ രാജവീഥിയിൽ
കടന്നു, ദുഷ്‌ടുള്ള ഭുജംഗർ മേൽക്കുമേൽ—
പ്പടർന്ന ധൂളിക്കൊതിയോടു ലാത്തിനാർ. 10
പടങ്ങൾ കൂടാതെ കഴിക്കുവാൻ ശ്രമം
തുടർന്നിടും മാനുഷർപോൽത്തരുക്കളും
ഉടൻ ദലൌഘത്തെ വെടിഞ്ഞു, സത്തമൻ
നടപ്പതല്ലോ വഴി മന്നിലന്യനും. 11
ജനം തദാനീം കമലാകരപ്രിയം
മനസ്സിലുൾക്കൊണ്ടു മുരാരിയെന്ന പോൽ;
ഘനക്ഷയം നൽകി ജലാശയത്തിനും
ദിനങ്ങൾ വാനത്തിനുമൊന്നുപോലവേ. 12
അണഞ്ഞ ഹേമന്തവിരോധിയെങ്കിലും
തുണച്ചു തീച്ചട്ടി കൊതുക്കൾ ചാകുവാൻ;
താൾ:ഉമാകേരളം.djvu/14
ദൃശ്യരൂപം
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്