താൾ:ഉമാകേരളം.djvu/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കല്ലും പൊന്നും പൊതിയെ വിലസും കമ്രകുഡ്യങ്ങളോടും
ചൊല്ലുൾക്കൊണ്ടവിടെയധികം രമ്യയാം ഹർമ്മ്യപങ്‌ക്തി.        52

ശ്രീമത്താകും സലിലമിരവിൽ ചന്ദ്രശാലേന്ദുകാന്ത-
സ്തോമം വർഷിപ്പളവടിയിൽനിന്നായതുണ്ണും ഘനങ്ങൾ
ഭീമഗ്രീഷ്മത്തിലുമുദധിയത്തള്ളി നീലാശ്മദംഭാ-
ലാ മഞ്ജുശ്രീസദനനിരതൻ ഭിത്തിമേൽപ്പാർത്തിടുന്നു.        53

വൈരക്കല്ലാൽപ്പണിത മുറികൾക്കുള്ളിലർക്കപ്രകാശം
വൈരള്യം വിട്ടിരവുപകൽവാച്ചൊന്നുപോൽ മിന്നിയാലും
ശ്രീ രഞ്ജിക്കും കുലവനിതമാരന്തിനേരത്തു ലോകാ-
ചാരം ചിന്തിച്ചണിമണിവിളക്കെത്ര കത്തിച്ചിടുന്നു.        54

ആരാൽ, ഗുച്ഛസ്തന, മളികചം, പല്ലവച്ചുണ്ടു, പിന്നെ-
ത്താരാരോമൽത്തനു, മൃദുലതക്കൈ, യിതെല്ലാം തരംപോൽ
പാരാതേന്തിപ്പരമകുതുകം പാന്ഥരിൽച്ചേർക്കുമാറു-
ള്ളാരാമാഭയ്ക്കകമടിമയാമാർക്കുമേ തർക്കമില്ല.        55

ശ്രീമാന്മാരാം തരുണരൊടു ചേർന്നുത്തമാഭിഖ്യകോലും
വാമാവർഗ്ഗം വളരെ വിലസീടുന്നൊരാ വായ്പുകൊണ്ടും
പൂമാതിൻ നൽപ്പുതുമ പുലരും പുഞ്ചിരിക്കൊഞ്ചൽകൊണ്ടും
ഭൂമാവോർത്താൽപ്പുരളി പൂരികൾക്കുള്ള പൊൽപ്പൂണുതന്നെ.        56

ഭൂമാവേറ്റം പെറുമളകയെപ്പിച്ചതെണ്ടിച്ചിടുന്നോ-
രാമാന്യശ്രീനഗരിയെ ഹരിശ്ചന്ദ്രവംശാബ്ധിചന്ദ്രർ
സീമാതീതപ്രഥയൊടവനംചെയ്തു ചൈതന്യമേറും
കാമാരാതിക്കുടയ കഴലുൾച്ചേർത്തു വർത്തിച്ചിടുന്നു.        57

ആരാജന്യർക്കരിനിര പരാഭൂതിനല്കാൻ ബലത്തോ-
ടാരാൽ നേരിട്ടടർ തുടരവേ പോർക്കലിബ്ഭദ്രകാളി
സ്ഫാരാസുയാന്വിതഹൃദയായ്ത്തീർന്നമട്ടിൽ തദന്തം
പാരാതെത്തി, ച്ചതിനെയരുളീടുന്നു താൻതന്നെ ശ്രീഘ്രം.        58

വാണീടുന്നുണ്ടവിടെയരിവംശാന്തകൻ, കേരളാഖ്യ-
ക്ഷോണീപാലൻ, യുവനൃപ, നസാമാന്യസൗജന്യപൂർണ്ണൻ,
വാണീലക്ഷ്മീധരകളെ വശത്താക്കിയോൻ, കീർത്തിപീന-
ശ്രോണീനേത്രാഞ്ചലമധുകരാരാമദേശായമാനൻ.        59

വാളിൻ വായും നയനവുമൊരേനേരമാരക്തമാവോൻ,
കാളിക്കാളും കടമിഴി കളിക്കുന്ന കല്യാണരംഗം,
കേളിക്കോർപ്പോനരിയ വിജയശ്രീയുമായ്, വാനിൽ വാഴും
ധൂളിക്കൂട്ടം ദിശിദിശി പുകഴ്ത്തുന്ന ദോർവീര്യമുള്ളോൻ.        60

സർവജ്ഞാംഘ്രിദ്വയമനുദിനം കൂപ്പുവോൻ, പൂക്കളമ്പാം
സർവ്വജ്ഞാരിക്കുടയൊരു മദം മൂർത്തിയാൽത്തീർത്തിടുന്നോൻ
സർവജ്ഞാഗ്രേസര, നവനീതൻ ഗണ്യമാം പുണ്യലക്ഷ്മീ-
സർവസ്വം, മൽകുശലമരുളാൻ തക്കവൻ തർക്കമില്ല.        (വിശേഷകം)61

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/121&oldid=172767" എന്ന താളിൽനിന്ന് ശേഖരിച്ചത്