താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അയൽവാസിയാം വാനം നിദ്രയിലായോയെന്നൊ-
ന്നറിയാൻ മേല്പോട്ടു ഞാൻ കണ്ണുകളുയർത്തവേ,
അംബരം കരിയിട്ടു തെളിഞ്ഞോരോല നോക്കി-
യൻപത്തൊന്നുരുവിട്ടുകണ്ടു ഞാൻ ത്രപാസ്യനായ്.
നാളെയാ, മിന്നെൻ പാഠം സാരമില്ലെന്നോർത്തു ഞാൻ
മാളികമുകളേറി മെത്തയിലുറക്കമായ്!

ഏറിയ വാത്സല്യത്തേനൂറീടും വചസ്സാലെൻ-
ചാരവേ മാതാവെത്തിയുണരാൻ വിളിച്ചിട്ടും,
കൂട്ടുകാർ വിഹഗങ്ങൾ കാണാതെ പഠിച്ചീടും
പാട്ടുതന്നലവന്നെൻ കർണത്തിലലച്ചിട്ടും,
നിദ്രയെപ്പൂർവാധികം മുറുകിപ്പുണർന്നു ഞാൻ
സദ്രസം കിടയ്ക്കവിട്ടീടാതെ കിടന്നുപോയ്!

പാതിയും തീരാറായി പാഠങ്ങൾ, വിദ്യാലയ-
വാതില്ക്കൽ കേറാനാജ്ഞ കാത്തു ഞാൻ നിലകൊണ്ടു
മഞ്ജുള മന്ദഹാസവായ്പിനോടെന്നാചാര്യൻ
നെഞ്ഞലിഞ്ഞീടും മട്ടിലെന്നോടു ചോദ്യം ചെയ്തു
"ശിഷ്യാ! നീ പഠിച്ചിതോ പാഠങ്ങ,ളില്ലെന്നാകിൽ
ശിക്ഷയായവിടെത്താൻ നില്ക്കുക പഠിപ്പോളം!"
'ഇല്ല'യെന്നല്ലാതെന്തു ചൊല്ലും ഞാൻ, ഗുരുവര്യൻ
തല്ലിയില്ലെന്നെ, ത്തെല്ലു കോപവും ഭാവിച്ചില്ലാ!
നില്ക്കയാണിന്നും വിദ്യാമന്ദിരദ്വാരത്തിൽ ഞാൻ
ബാക്കിയുള്ളവർ പഠിക്കുന്നതിൽ സശ്രദ്ധനായ്.
വല്ലതും ഗുരുമുഖത്തിങ്കൽനിന്നുപദേശ-
മില്ലാതെ വീട്ടിലെത്താനെങ്കിലുമശക്തൻ ഞാൻ!