താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പടിവാതിൽക്കൽ



"പുത്തനാമൊരു പാഠം നാളെ ഞാൻ തുടങ്ങാ, മി-
ന്നിത്രയും നിങ്ങൾ കാണാപ്പാഠമാക്കണം പോയാൽ."
ആചാര്യനേവം പറഞ്ഞന്നു നിർത്തവേ, ഞങ്ങ-
ളാചോരോപചാരം ചെയ്താഹ്ലാദാൽ പുറത്തെത്തി.
ദൂരവേ പോകേണ്ടൊരെൻ സതീർത്ഥ്യർ വിഹഗങ്ങ-
ളാരവം മുഴക്കിക്കൊണ്ടങ്ങിങ്ങു പറന്നുപോയ്;
മാടത്തെ മണിമേടയാക്കുന്ന ബാല്യത്തിനാ
വീടെത്താൻ കുറച്ചൊന്നു വൈകിയാലെന്തേ ചേതം ?
അകലെക്കാണും കുന്നിൻചരിവിൽ, പോകാൻപോകും
പകലിൻ തോളിൽത്തൂങ്ങിയെത്തി ഞാൻ ജാതോന്മേഷം.
കളിയാണെനിക്കന്നു കാര്യങ്ങളതിന്മുഖം
കരിവാളിക്കനേകബന്ധമഗ്ഗുരവാക്യം.
ഞാനതു കൂട്ടാക്കാതെ വാരുണിയേന്തും പുത്ത-
നാമൊരു ചിത്രം നോക്കി രസിച്ചു കുറേനേരം.
സഖിയാം പകൽ പോകാൻ വെമ്പി, ഞാൻ ചെന്നില്ലവൾ-
മുഖവും വീർപ്പി,ച്ചെന്നെക്കൂടാതെതന്നേ പോയി!
തപ്പിയും തടഞ്ഞും ഞാൻ രാപ്പാതയുടേ ഗൃഹ-
മെത്തുവാൻ ഗമിക്കുമ്പോൾ കണ്ടിതക്കടലിനെ,
പഞ്ചമിച്ചന്ദ്രനാകും കൈവിളക്കുമായാഴി
പണ്ടത്തെപ്പാഠമെല്ലാമാവർത്തിക്കയാണപ്പോൾ
അലയാം വെള്ളത്താളു മുന്നോട്ടു മറിച്ചീടു-
മവളെൻ സമാഗമമീക്ഷിച്ചില്ലണുപോലും!