താൾ:അരുണോദയം രണ്ടാം ഭാഗം.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആണുങ്ങൾതൻതുണവെടിഞ്ഞടവൊത്തിടും കൺ- കോണുള്ള തേന്മൊഴി കുളിച്ചു തിരിച്ച കോലം ചേണുറ്റ മട്ടു ചെറുമപ്പെരുമാളൊരാൾക്കു കാണുന്നതിന്നു കഴിവന്നുളവായിവന്നു.

പൂവമ്പഴത്തിനെതിർമെയ്,പുതുചെമ്പരുത്തി- പ്പൂവൻപടക്കിടുമിഞ്ചൊടിയാൽ വിളക്കി, പൂവമ്പനുള്ള വിരുതാമവൾ പോവതന്നുൾ- പ്പൂവമ്പരന്നു പുലയർക്കണിമുത്തു കണ്ടു.

"കോളായ് നമുക്കു, ശരി തൈയിരുപത്തിയെട്ടാം നാളാണു, നല്ല തര"മെന്നു നിനച്ചു കന്നൻ വാളാൽവിളങ്ങുമൊരു കൈയിണകൊണ്ടു തേൻ ചൊ- ല്ലാളാമവൾക്കുടയ പാത തടഞ്ഞുനിന്നു.

ആടിക്കുയർന്ന മുകിൽപോൽ കരിയിൽ കിടന്നാ- റാടിക്കുളിച്ച തടിമേനിയൊടാർക്കുമുള്ളം ആടിക്കുമാണ്മയെഴുമച്ചെറുമൻ കുറഞ്ഞൊ- ന്നാടിക്കുഴഞ്ഞരികിൽ വന്നതു മങ്ക കണ്ടു.

"മാ,റല്ലയെങ്കിലറിയാം കഴുവേറി ! നീ സു- മാറല്ല കാട്ടിടുവ"തെന്നവൾ ചൊന്ന നേരം മാറല്ലൽകൊണ്ടു മലർപോലെ പൊരിഞ്ഞുപോകും മാറല്ലണിക്കുഴലിയോടവനൊന്നുരച്ചു.

"മട്ടായിടഞ്ഞമൊഴി ! തീണ്ടുകിലല്ല കൂട്ടി- ത്തൊട്ടാലുമിന്നു കളിയില്ല, കുഴങ്ങിടേണ്ട! പൊട്ടാകിലെന്തു മടവാരിനു? പന്നി ചെന്നാ- പ്പെട്ടാൽ ചുരയ്ക്ക; വെറുതേ കരയാതിരിയ്ക്കൂ.