താൾ:അരുണോദയം രണ്ടാം ഭാഗം.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അരുളുക കഥ വേഗ"മെന്നു ചൊല്ലി- ത്തെരുതെരെയശ്രുപൊഴിക്കുമപ്പുമാനെ പുരുഷപതി, തരക്ഷു പാട്ടിൽ നിൽക്കും തരുവിനെയെന്നവിധത്തി,ലൊന്നു നോക്കി.

"എടയെട ! വിടുവിഡ്ഢി ! കൊച്ചിനാട്ടി- ന്നുടയവനീയിവ; നൂട്ടിലുണ്ണുവാൻ നീ; ഇടമറിയണമാരു,മെന്തു പണ്ടെൻ- നടപടിയിൽപ്പഴി വമ്പിൽ നീ പുലമ്പി ?

ക്ഷിതിയുടെ കമിതാവിനാവതല്ലാ- ത്തതിനെ നടത്തുവതാരു ? നിൻറെ ചെക്കൻ ! ഇതിലുമധികമെന്തു വിസ്മയം? നീ- യതിർവെടിവോരധികപ്രസംഗിതന്നെ !

നിരവധി വിടുവായർ തന്നെ ഭൂമീ- സുരരതു മുന്നവുമിന്നുമുള്ളതത്രേ; പരമവരിലുമില്ലൊരുത്തനേവം നരവരനെത്തൃണമാക്കി നാക്കുനീട്ടാൻ.

ത്വരിതമിവിടെ നിന്നു പോക നമ്പൂ- തിരി ! മറയ,ത്തരികത്തു മേലിൽ നിന്നാൽ അരിശമധികമായ്, നമുക്കു നിൻ നാ- വരിവൊരു പാപവുമംകുരിച്ചുപോകും.

പരമൊരിടവുമല്ല, നല്ല പാറാ- പ്പുര പലതുള്ളതിലൊന്നിൽ നിൻറെ ഭൂത്യൻ പരമസുഖമിരിപ്പു; ശൈലരത്നാ- കരപതിതന്നെ തിരിച്ചു കൊണ്ടുപോട്ടേ."