താൾ:അരുണോദയം രണ്ടാം ഭാഗം.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തവ ഭുജബലമെത്ര കേമമോർത്താൽ? ഭുവനജയത്തിനു പിന്നെയെന്തുവേണം? അവശതയതിനും ഭവിച്ചുവല്ലോ; ശിവമരുളുന്നതു നീതി തന്നെ മന്നിൽ."

പലതിവ പറയുന്ന മാമനെക്ക- ണ്ടലഘുതരപ്രതിഘാരുണാക്ഷനായി ഖലമതി ദശകണ്ഠനോതി-"കൊള്ളാം നിലയിതു; നീതിയിൽ നീ വിദഗ്ദ്ധമാനി.

അതു ശരിവരെയാർക്കുമഭ്യസിക്കാൻ പുതുമയിൽ ഞാനൊരു പാഠശാല തീർക്കാം; ചതുരതയവിടെ സ്ഫുരിക്കു,മപ്പോൾ കുതുകമെനിക്കുമനല്പമങ്കരിക്കും.

ജനകജയിലെനിക്കു വായ്ക്കുവോരീ- നിനവിനൊരുത്തരവാദി ഞാനൊരുത്തൻ; മനസി ഭയമിരിക്കിൽ മാറിനിൽക്കൂ; പുനരഹമുണ്ടിഹ പോർ നടത്തിനോക്കാൻ.

ഇരുപതു കരവും കരത്തിലെല്ലാ- മുരുതരമായുധവും ധരിക്കുമെന്നെ കരുതിയതൊരു ശുദ്ധഭീരുവെന്നോ? നിരുപമമെൻ ബലമാരറിഞ്ഞിടാത്തു?

തുണയരുളുവതിന്നു സജ്ജനെന്നാ- ലണയണമന്തിക,മല്ലയെന്നുവന്നാൽ ക്ഷണമകലണ"മെന്ന വാക്കു കേട്ടുൾ- ഘൃണയൊടു മാതുലനോതി വീണ്ടുമേവം.