താൾ:അരുണോദയം രണ്ടാം ഭാഗം.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"ഭുവനഭയദനായ് ഭുജാബലത്തി- ന്നവധികണക്കു ലസിച്ചു മൽകുമാരൻ; അവനുമടർനിലത്തിൽ മുത്യു നൽകീ ശിവ ! ശിവ ! ലക്ഷ്മണ, നെൻറെ കൈ മുറിഞ്ഞു.

അരുതരുതിവനോടെതിർത്തുനില്പാ- നൊരുവനു;മെൻനിലയെന്തു മേലിലായോ? പൊരുതുയിർകളയാ, മൊളിച്ചുമാറാം; തരുണി തുലഞ്ഞു; തകർന്നു കാമസൌധം.

ഒരു ചെറുവഴി മാത്രമുണ്ടെനിക്കീ- യരുവയർ കിട്ടുവതിന്നു മേലി"ലെന്നായ് കരുതിയതിജവത്തിൽ മാമനായു- ളെളാരു "മഹിരാവണ"നാളയച്ചു പാപി.

ബലിഗൃഹമമരുന്നൊരാബ്ബലിഷ്ഠൻ ജ്വലിതഹുതാശസമാനശൗര്യ്യശാലി വലിയ മമതപൂണ്ടു സത്വരം തൽ- സ്ഥലിയിലണഞ്ഞു ദശാസ്യനോടു ചൊന്നാൻ.

"ഒരു വക പറയേണ്ടതില്ല, നീയെൻ- മരുമകനേ !; കഥ ഞാൻ മനസ്സിലാക്കി; ഒരുപടി ഭടരിന്ദ്രജിത്തു തൊട്ടോർ തെരുതെരെ വീണു മരിച്ചു; നീ തനിച്ചു.

കൊതിയിനിയുമിവണ്ണമെന്തിനായ- മ്മതിയെതിർവക്ത്രയിൽ വത്സ ! നീ വഹിപ്പൂ ? അതിദുരിതമിയറ്റുവോരുമാശ- യ്ക്കതിരൊരു മാതിരി വെയ്ക്കതന്നെ വേണം.