താൾ:അരുണോദയം രണ്ടാം ഭാഗം.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരു കൈയുടയാടയാക്കി നാണം പെരുകിപ്പുഞ്ചിരിപൂണ്ടു കണ്ണുതാഴ്ത്തി അരുണാധരിമാർ മരുത്തു മോഷ്ടി- ച്ചൊരു പൂഞ്ചേലകൾ പോംവഴിക്കു പാഞ്ഞു.

കനകാഭകളായ കനമാർത- ന്നനവദ്യാംഗമശേഷമാടയെന്യേ അനഘൻ ഹരിയാഴിയുദ്വമിച്ചീ- ടിന രണ്ടാമമൃതെന്നപോലെ കണ്ടു.

അരുതിക്കളിയെന്നുതോന്നി വാനിൻ- പെരുമാൾ പോയള, വാ വധുക്കളെല്ലാം ഒരുമട്ടിനു കൈയിൽ വന്നകപ്പെ- ട്ടൊരു പൂഞ്ചേലകൾ സംഭ്രമിച്ചുടുത്തു.

ദ്വിജപുത്രി ധരിക്കുമാട ദൈത്യാ- ത്മജയാൾ മാറിയെടുത്തുടുത്തുപോയി; ഗജഗാമിനി ദേവയാനി, വേണം നിജമാമംശുക,മെന്നു ശണ്ഠകൂടി.

"എടി ! നല്ല മിടുക്കിതന്നെ ! കൊള്ളാം !! മടിവിട്ടെൻ തുകിൽ മാറി നീയുടുത്തോ? അടി രണ്ടു തരട്ടെയോ? നിനക്കെ- ന്നടികൂപ്പാനുമവസ്ഥയില്ലയല്ലോ.

അരുതിങ്ങനെ കട്ടുതീറ്റി;കണ്ണിൽ- ക്കുരുവോ? നമ്മുടെയാട കണ്ടുകൂടെ? തരു ! നെറ്റിചുളിച്ചിടേണ്ട; കാക്ക- യ്ക്കരുളേണ്ടും ബലി പട്ടി തൊട്ടിടാമോ?