താൾ:അരുണോദയം രണ്ടാം ഭാഗം.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നസ്സാധു കഥിച്ച നേരമകമേ ദുഃഖം മുറയ്ക്കെത്രയോ കന്നൽക്കണ്ണി വഹിച്ചിരിക്കിലുമതിൻ സാരത്തെ മാത്രം ജവാൽ അന്നൽ പൂരുഷനോടുണർത്തി;യവനും പെറ്റമ്മതന്നന്തികേ ചെന്നക്കാര്യ്യമൊരല്പമോതി വിനയ ത്തോടൊത്തുകൂടിത്തുലോം.

കള്ളത്തിൻ കാതലാമക്കഴുവവനരുളും വാക്കുകേ"ട്ടെന്തുകൂത്താ- ണുള്ളത്തിൽ തോന്നിടുന്നോ മകനിതു ശരിയെ;- ന്നെൻറെ സന്താനമത്രേ വെള്ളത്താർമങ്കയാമെൻ സ്നുഷ;യവളിലെനി- ക്കപ്രിയം വായ്ക്കുമെന്നാൽ വെള്ളത്തിൽ കത്തിടേണം കന,ലിതിനഖിലം സാക്ഷിയായ് ദൈവമില്ലേ?

ഞാനോ പെൺപൈതലില്ലാത്തവൾ, പടുകുഴിയിൽ- ക്കാലുനീട്ടിക്കിടപ്പോൾ, വാനോടല്ലാതെ മറ്റൊന്നൊടുമഭിരുചിയി- ല്ലൊന്നുകൊണ്ടും നിനച്ചാൽ; മാനോടുംകണ്ണിയാമെൻസ്നുഷയിലഴൽ മുള പ്പിക്കുവാൻ ലാക്കുവച്ചി- ട്ടീനോക്കെന്തുള്ളു കാര്യ്യം? പഴിയിതു ദൃഢമെൻ പുഷ്ടമുദുർദ്ദിഷ്ടയോഗം.