താൾ:അരുണോദയം രണ്ടാം ഭാഗം.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"എന്നെപ്പിടിച്ചു പുണരാതെ വെടിഞ്ഞുവല്ലോ; കൊന്നെങ്കിലെന്തിവ,രതിന്നു കുറച്ചിലില്ല; ഇന്നെന്തുകൊണ്ടുമിതു നല്ലതുതന്നെ; വാനിൽ- പ്പിന്നെത്തെളിഞ്ഞു മണവാളനൊടൊത്തുവാഴാം.

എന്നോർത്തു തങ്കമലപോലിളകാതെനിൽക്കും കുന്നോടെതിർത്തമുലയാളുടെ മേനി നോക്കി അന്നോങ്ങി വാളൊരുവ,നമ്പെട ! താർക്കിടാവേ ! നിന്നോളമുള്ളിനൊരു കട്ടിയൊരാൾക്കുമില്ല.

കേൾക്കായിതപ്പൊഴുതു നൽക്കതിനത്തരത്തെ- ക്കാൾക്കാതടച്ചിടുമൊരൊച്ചയകത്തുനിന്നും; "ഏൾക്കാൻവരുന്നു കൊട നാ,മുടലോടുതന്നെ; വാൾക്കാരുമാളുകളുമൊക്കെയൊതുങ്ങിനില്പിൻ.

നീണ്ടാളുമോമനമിഴിച്ചടുചോര നാമൊ- രാണ്ടായ്കുടിച്ചു, മുടലുണ്ടുമതോർമ്മയില്ലേ ! വേണ്ടാരുമിങ്ങരികിൽ; നമ്മുടെ മക്കൾ പത്തു തീണ്ടാമറയ്ക്കകലെ മാറിയിരുന്നുകൊൾവിൻ.

കോളുള്ള നമ്മുടെയമൃത്തിനു രണ്ടു നല്ല- വാളും കരിംകുഴലിയും മതി; മക്കളെല്ലാം ആളുംവണക്കമൊടു മാറിയിരിപ്പി,നേതു- നാളും നമുക്കിതുകണക്കു തെളിച്ചമില്ല.

നേരംവെളുക്കുമളവിങ്ങമറുത്തു തീർന്നു ചാരത്തു നിങ്ങളണയുമ്പോൾ നിനച്ചതെല്ലാം പാരം തെളിഞ്ഞവരവർക്കരുളുന്നതിന്നെൻ ചോരച്ചുകപ്പുടയ കൈയിണ പൊങ്ങുമല്ലൊ".