താൾ:അരുണോദയം.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരല്പമിട്ടെന്നെ മടിച്ചിടാതെ മാ- റ്റുരച്ചു നീ നോക്കിയതേറെയസ്സലായ്; പരന്ന തീയിൽ പെടുമംബുവാവിയാം, പരം സുവർണ്ണം പ്രഭയാർന്നു മിന്നിടും.

കൊഴുത്ത കാമത്തോടു ഞാനിരിക്കെയെൻ പഴുക്ക തോൽക്കും ചൊടിപൂണ്ട തങ്കമേ ! അഴുക്കെഴും കൈയിണകൊണ്ടു താലി നിൻ കഴുത്തിൽ വച്ചോൻ കഴുവേറിടേണ്ടയോ?

ഇനൻറെ വംശം ചുവടറ്റിടേണ്ട;പോയ് ജനത്തെ രക്ഷിച്ചരുളട്ടെ നിൻപ്രിയൻ; അനർത്ഥമെന്താണവ,നമ്മപെറ്റ പെ- ണ്ണനല്പമീയൂഴിയിൽ വേറെയില്ലയോ?

മടുപ്പുതുപ്പോർമൊഴി ! മഞ്ചമൊന്നിനോ- ടടുക്കുവാനെന്തിനി നോക്കു താമസം? അടുപ്പിൽ വേകുന്നതു വെന്തു വാങ്ങിയാൽ ചുടുന്നതാറാൻ മടയൻ പൊറുത്തിടും !"

ഇവണ്ണമക്കാമിയടിച്ചു വിട്ട വാ- ക്കവർണ്ണ്യകർണ്ണാമൃതധാരചെയ്തപോൽ ലവം കുലുങ്ങാതെ നിലാവുതോറ്റിടും നവസ്മിതാതൂകിയുരച്ചു തയ്യലാൾ.

'വരില്ല മാ,ലെൻകഥ വേണ്ടപോൽ ഭവാൻ ധരിച്ചുവല്ലോ മതി; ഞാൻ കൃതാർത്ഥയായ്; ശരിക്കു തേന്മാവു വെടിഞ്ഞു കാഞ്ഞിരം വരിക്കുമോ വാടിയിൽ വാച്ച പിച്ചകം ?

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/46&oldid=210874" എന്ന താളിൽനിന്ന് ശേഖരിച്ചത്