താൾ:അരുണോദയം.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാട്ടാർതൻ രസന കൊതിച്ച ചുണ്ടു; കാട്ടിൻ- പാട്ടാളിക്കകമെരിയും കടിപ്രദേശം; കാട്ടാനയ്ക്കെതിർ നട; ദിഗ്ജയധ്വജംഗ്ര്യം നാട്ടാനായ് നളിനശരൻ കുഴിച്ച നാഭി;

ഈ മട്ടില്പ്പുതുവടിയേന്തി മിന്നിടുന്നോ- രോമല്പ്പൂമധുമൊഴിയാൾക്കു കച്ച നൽകി കാമംപോൽ കണവനിലയ്ക്കു കാത്തതന്നാൾ സോമൻ ചുറ്റിടുമൊരു വിപ്രനായിരുന്നു.

രണ്ടാണെങ്കിലുമവർ ജാതികൊണ്ടു, തമ്മിൽ- ത്തണ്ടാരും കതിരവനും കണക്കിണങ്ങി കണ്ടാരും കരൾ കുളിരുംപടിയ്ക്കു വാഴ്ത്തി- ക്കൊണ്ടാടും പ്രണയമൊടൊത്തു കൂടി വാണു.

അമ്മാവൻ കൊടിയ പടയ്ക്കു,മുള്ളതെല്ലാം സമ്മാനിപ്പൊരു പതിതൻറെ നാട്ടിലേയ്ക്കും അമ്മാ ! പോയളവൊരുനാൾ ഗൃഹത്തിൽ വാഴ്വാ- നമ്മാൻനേർമിഴിയുമൊരമ്മയും തനിച്ചു.

കൽക്കണ്ടപ്പുതുമൊഴിയാൾ തനിച്ച കാല- ത്തക്കമ്രപ്രഭകലരും പുരത്തിനുള്ളിൽ കൈക്കറ്റം കവിയുമൊരൂക്കിനാലുയർന്നോ- രിക്കണ്ണൻ ഭടകുലനാഥനായ് വസിച്ചു.

ചൊന്നാലക്ഖലനൊരു കാമിയാണു; പിന്നെ- ച്ചെന്നായും തൊഴുമൊരു ദൌഷ്ട്യമുണ്ടു താനും; എന്നാലെന്തവനെതിരറ്റ കൈമിടുക്കാ- ലന്നാളന്നൃപനൊരു കണ്ണിലുണ്ണിയായി.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/30&oldid=210856" എന്ന താളിൽനിന്ന് ശേഖരിച്ചത്