താൾ:അരുണോദയം.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നോതും മതിമുഖിയെത്തടുത്തു വീണ്ടും വന്നോരുൾക്കൊതിയൊടു വാമദേവനോതി "എന്നോമൽക്കുമനി ! വിരൂപനാണുപോൽ ഞാ- നന്നോ നിന്മതം? ഇതു നല്ല കൂത്തുതന്നെ!"

ഏവം ചൊന്നുടനണിയാടയൊക്കെ മാറ്റി- ദ്ദേവൻതൻ തിരുവുടലുല്ലസിച്ച നേരം ലാവണ്യക്കടലിനു കോളിളക്കമാകും പൂവമ്പൻ പുനരപി ജാതനെന്നു തോന്നി.

തങ്കത്താർദലമിഴി കൈകൾകൊണ്ടു തെല്ല- ക്കൊങ്കപ്പന്തുകളെ മറച്ച റൌക്കി നീക്കി തിങ്കൾപ്പൂഹസിതവിലാസമാർന്നു ശർവൻ തങ്കൽത്തന്നകമലർ ചേർന്നതായ്ക്കഥിച്ചാൾ.

ശങ്കപ്പെട്ടിടുവതിനില്ല ഹേതുവെന്നാ- വങ്കത്തം പെടുമുഡപാങ്കനോർത്തമന്ദം തങ്കപ്പോർമലയെതിർകൊങ്കയാൾക്കു വായ്ക്കും പൊൻകപ്പം തരുമൊരു പൂവൽമേനി പൂണ്ടാൻ.

'ലാവണ്യപ്പൊലിമ നിനച്ചകത്തുവായ്ക്കും ഭാവംപോയ് ശിവ ! ശിവ ! പാവമാകയായ് ഞാൻ ! ദൈവത്തിൻ വിലസിതമെത്ര ചിത്ര'മെന്നോ- ർത്താവൻഭൂധരസുതയമ്പരന്നു പാരം.

സ്ഥാണുശ്രീതനു മുഴുവൻ തനിക്കു തീറായ്- ക്കാണുംമട്ടകമലരിങ്കൽ നാണമേറി. ചേണുറ്റോരചലതനുജയച്ഛനെപ്പോൽ വേണുംമട്ടചലതപൂണ്ടു തത്ര നിന്നാൾ.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/25&oldid=210846" എന്ന താളിൽനിന്ന് ശേഖരിച്ചത്