താൾ:അരുണോദയം.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"ബാലേ നീ പറയണമേതൊരുത്തി? യെന്തി- ക്കാലേ വന്നിവിടെ വസിപ്പതിന്നു ബന്ധം? ചാലേ നിൻ ദ്യുതിയിൽ മദീയഹ്രത്തു വെയ്ലിൽ പ്രാലേയപ്പടിയുരുകുന്നു പാരമയ്യോ!

വിണ്ണോർതൻ പതി പുണരുന്ന തേവടിശ്ശി- പ്പെണ്ണാ? പേർപെടുമൊരു യക്ഷകന്യയോ നീ? കണ്ണോടൊത്തകമലർ കട്ടിടുന്ന പാന്ഥ- പ്പുണ്ണോ? മൽപരിണതപൂർവപുണ്യസത്തോ?

വണ്ടിന്നുൾത്തടമെരിയും കുഴൽക്കു,മക്കൈ- ത്തണ്ടിന്നും, തളിർ പണിയുന്ന തങ്കമെയ്ക്കും, ചുണ്ടിന്നും, ചുമലിനു, മീയുരോജകുംഭം രണ്ടിന്നും, രമണി ! രസത്തിൽ ഞാൻ തൊഴുന്നേൻ.

ലാളിത്യക്കുളുർമൊഴി നിൻറെ തൃക്കടക്കൺ- കാളിന്ദീനദിയിലെനിക്കു കേളിയാടാൻ നാളില്ലെന്നജനെഴുതീടില്ലെന്നെയിന്നേ വാളിൻമട്ടെഴുമളകത്തിനാൽ വധിക്കൂ.

നീയിന്നെൻ നയനപഥത്തിലെത്തി; മേലിൽ തീയിൽപ്പോയ്മറകിലുമുണ്ടു കൂടവേ ഞാൻ; സ്ഥായിക്കൊന്നറിയുക; താരിളങ്കളുർത്തേൻ വായിൽപ്പോയ് വഴിയുകിലേതു വിഡ്ഢി തുപ്പും?"

അത്തൽപ്പെട്ടവനിതുരയ്ക്കവേ കടാക്ഷം പത്തഞ്ഞൂറൊരുഞൊടികൊണ്ടറിഞ്ഞു മന്ദം പുത്തൻപൂമൃദുഹസിതം പൊഴിച്ചു നല്ലാർ- മുത്തൻപില്പ്പുരികമിളക്കിയേവമോതി.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/23&oldid=210844" എന്ന താളിൽനിന്ന് ശേഖരിച്ചത്