ചന്ദ്രികയിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ചന്ദ്രികയിൽ

രചന:ഇടപ്പള്ളി രാഘവൻ പിള്ള


[ 82 ]
ചന്ദ്രികയിൽ


മോടികൂടീടുമാലയമലർ-
വാടിയിലിരുന്നീവിധം
ഓതുകയാണു മുഗ്ദ്ധയായ ത-
ന്നോമനയോടക്കാമുകൻ:

"സാരസാസനസൃഷ്ടികൌശല-
സാരസർവസ്വകേന്ദ്രമേ!
കണ്ണുനീരാൽ നനച്ചു നേടിയ
പുണ്യകർമ്മവിപാകമേ!
മജ്ജയക്കൊടി,യൊന്നു നീ നിന്റെ
ലജ്ജയെപ്പുറത്താക്കുക.

"പാർവണശശി പാരിടമൊരു
പാലലക്കടലാക്കവേ,
ഇക്കുളിർപ്പൊയ്ക രാഗലോലയാ-
യുൾക്കുളിരണിഞ്ഞീവിധം
പൊൻതിരച്ചുണ്ടു മന്ദമായ് വിടുർ-
ത്തിന്ദുരശ്മയെച്ചുംബിക്കേ,
നർമ്മഭാഷണചാതുര്യാൽ ലജ്ജാ-
നമ്രശീർഷയാം വല്ലിയെ
രാക്കുളിർത്തെന്നൽ തൻ വശമാക്കി-
പ്പൂക്കുലക്കുചം പുല്കവേ,

[ 83 ]

ഇതിതരമൊരു രാവിനെ വെറും
മുഗ്‌ദ്ധതയ്ക്കിരയാക്കൊലാ!

"തങ്കമേ! തെല്ലുനേരം നീ, നിന്റെ
തങ്കമേനി സമീക്ഷിക്കൂ;
ലോലലോചനതാരകങ്ങൾ നിൻ -
ഫാലചന്ദ്രനെപ്പുല്കുവാൻ
നിത്യവും കുതിച്ചോടിയീവിധം
നിസ്തുലാനന്ദമാളവേ,
പ്രേമശീതളമായ നിന്നുടെ
കോമളാധരയുഗ്മങ്ങൾ
തങ്ങളിൽത്തന്നെ ചുംബനം ചെയ്തു
തുംഗസൗഖ്യം നുകരവേ,
പട്ടുറൗക്കിതന്നുള്ളിൽത്തിളങ്ങും നിൻ-
കട്ടിപ്പോർക്കുചകുംഭങ്ങൾ
തമ്മിലന്യോന്യം പുല്കിയാനന്ദ-
തുന്ദിലിരായ്ത്തുളുമ്പവേ;
കെട്ടഴിഞ്ഞുകിടക്കും നിന്നുടെ
കറ്റവാറൊളികുന്ദളം
താവകാമലമേനിയാശ്ലേഷി-
ച്ചീവിധമിളകീടവേ,
എന്തിനെൻ കരസ്പർശനാൽ നിന്റെ
ബന്ധുരാംഗം ത്രസിക്കുന്നു?"
ഇത്തരം നാഥഭാഷിതം കേട്ടു
പൊത്തിയോമലാൾ കണ്ണിണ!

മംഗളമായൊരാദിവ്യ -
രംഗമെങ്ങനെ തീർന്നുവോ?........

"https://ml.wikisource.org/w/index.php?title=ചന്ദ്രികയിൽ&oldid=62766" എന്ന താളിൽനിന്ന് ശേഖരിച്ചത്