Jump to content

കേരളചരിത്രവും തച്ചുടയ കയ്മളും/കേരളത്തിലെ ബുദ്ധ-ജൈന വിഗ്രഹങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
കേരളചരിത്രവും തച്ചുടയ കയ്മളും
രചന:ചട്ടമ്പിസ്വാമികൾ
കേരളത്തിലെ ബുദ്ധ-ജൈന വിഗ്രഹങ്ങൾ

കേരളത്തിലെ ബുദ്ധ-ജൈന വിഗ്രഹങ്ങൾ
[തിരുത്തുക]


ബുദ്ധ-ജൈന മതങ്ങളുടെ ഉത്ഭവം രണ്ടായിരത്തഞ്ഞൂറു വർഷങ്ങൾക്കു മുമ്പാണെന്നു മാത്രം പറഞ്ഞുകൊള്ളുന്നു. ഈ രണ്ടു മതങ്ങൾ തമ്മിൽ വളരെ സാമ്യമുണ്ട്. ഇവയ്ക്ക്, പ്രത്യേകിച്ചു ബുദ്ധമതത്തിന്, ലോകമൊട്ടുക്കു പ്രചാരമുണ്ടായിരുന്നു. ഒരു കാലത്തു തിരുവിതാംകൂറിലും ഈ മതങ്ങൾ പ്രചിരിച്ചിരുന്നു എന്നുള്ളത്, അവയുടെ ഇന്നു കാണുന്ന വിഗ്രഹാവിശിഷ്ടങ്ങൾ കൊണ്ട് ഊഹിക്കാം.

ജൈന-ബുദ്ധ വിഗ്രഹങ്ങൾ തമ്മിൽ തിരിച്ചറിയുന്നതിന് അവയിൽ കാണുന്ന ചില പ്രധാനവെത്യാസങ്ങൾ അടിസ്ഥാനമാണ്. ജൈനവിഗ്രഹത്തിനു കുടുമ കത്രിച്ചിരിക്കും; മറ്റേതിന്നു കിരീടം പോലെ കെട്ടിവെച്ച കുടുമയുണ്ട്. ബുദ്ധവിഗ്രഹം ഒറ്റയായിട്ടെ കാണുകയുള്ളൂ. ഇതരത്തിനു ചുറ്റും വേറെ ചില വിഗ്രഹങ്ങൾ കൂടി കാണാവുന്നതാണ്. ബുദ്ധപ്രതിമയ്ക്കു പുറകിലായി കല്പകം, അശ്വത്ഥം മുതലായ വൃക്ഷങ്ങൾ ഉണ്ടായിരിക്കുന്നതു കൂടാതെ വിഗ്രഹത്തിൽ മഞ്ഞനിറത്തിലുള്ള വസ്ത്രം ചുറ്റിയിരിക്കും. ഇതിനു ജൈനവിഗ്രഹത്തേക്കാൾ വെണ്മ മുതലായ ഗുണങ്ങൾ ഉണ്ട്. ബുദ്ധൻറെ അഞ്ചു വിഗ്രഹങ്ങളോളം കണ്ടുപിടിക്കാൻ സാധിച്ചിട്ടുണ്ടെന്നു മി. ഗോപിനാഥനാറു പറഞ്ഞിരിക്കുന്നു. ആദ്യമായി കണ്ടെത്തിയതു കരുമാടിക്കുട്ടൻ എന്നു വിളിക്കപ്പെടുന്ന ബുദ്ധവിഗ്രഹത്തെയാണ്. അമ്പലപ്പുഴ വഞ്ചിയാത്ര ചെയ്തിട്ടുള്ളവർ കണ്ടിട്ടുണ്ടാകുമല്ലോ. അവിടുത്തുകാർ ഇതേപ്പറ്റി പല കെട്ടുകഥകളും പറയുന്നുണ്ട്. വില്വമംഗലത്തു സ്വാമിയാരെ തീണ്ടിയ പുലയനെ അദ്ദേഹം ശപിച്ചു കല്ലാക്കിയതാണെന്നും ചിലർ വിശ്വസിച്ചു വരുന്നു. മാവേലിക്കര ട്രാവലേഴ്സ് ബംഗ്ലാവിൻറെ അടുത്തുള്ള ഗൃഹത്തിൽ ഒരു വിഗ്രഹത്തെ കണ്ടു. വീട്ടുകാരും മറ്റു ചിലരും അതിനെ പൂജിച്ചുവരുന്നു. ഇവിടെ നിന്നു രണ്ടു നാഴിക അകലെയുള്ള ചെട്ടിക്കുളങ്ങര എന്ന സ്ഥലത്തെ ഭഗവതീക്ഷേത്രത്തിൽ കൊല്ലന്തോറും നടത്തിവരാറുള്ള കുതിരകെട്ട്, തേരുകെട്ട് മുതലായ ഉത്സവാഘോഷങ്ങൾ ചൈന മുതലായ രാജ്യങ്ങളിൽ ബുദ്ധമതക്കാർ നടത്തിവരുന്നവയോടു വളരെ സാമ്യമുണ്ടെന്നും ഇതു ബുദ്ധന്മാരുടെ ഉത്സവത്തിൻറെ അവശിഷ്ടമായിട്ടാണു തനിക്കു തോന്നുന്നതെന്നും ഗോപിനാഥറാവു അവർകൾ പറയുന്നു. ഇനിയൊന്നു മാവേലിക്കരയ്ക്കടുത്തുള്ള ഭരണിക്കാവിൽ സ്ഥാപിച്ചിരിക്കുന്നു. വേറൊന്നു കുന്നത്തൂർ താലൂക്കിലുള്ള പള്ളിക്കൽ എന്ന സ്ഥലത്തു വെച്ചിരുന്നു. ഇതിനെ ഇപ്പോൾ തിരുവനന്തപുരം കാഴ്ചബംഗ്ലാവിൽ സൂക്ഷിച്ചിരിക്കുന്നു. കരുനാഗപ്പള്ളി താലൂക്കിൽ മരുതുക്കുളങ്ങര എന്ന സ്ഥലത്തു പള്ളിക്കപുത്രൻ എന്ന് അവിടുത്തുകാർ വിളിച്ചുവരുന്ന ഒരു ബുദ്ധവിഗ്രഹമുണ്ട്. ഇവയ്ക്കെല്ലാം ഓരോ പേരുമിട്ടു ജനങ്ങൾ ആരാധിച്ചുവരുന്നു. ബുദ്ധവിഗ്രങ്ങൾ സ്ഥിതിചെയ്യുന്ന മിക്ക സ്ഥലങ്ങൾക്കും പള്ളിക്കൽ എന്ന പേര് വിളിച്ചുകാണുന്നു. പള്ളി എന്നതിന് ദേവാലയം, ദേശം ഇങ്ങനെ അർത്ഥമുണ്ട്.

മേൽ പറഞ്ഞവയുടെ എല്ലാം ഇരിപ്പിടങ്ങൾ തിരുവിതാംകൂറിൻറെ തെക്കും വടക്കും ഉള്ള ദേശങ്ങളിലാണിരിക്കുന്നത്. ജൈനമതം അടുത്തകാലം വരെ തിരുവിതാംകൂറിൽ നടപ്പുണ്ടായിരുന്നു. നാഗരുകോവിൽക്ഷേത്രം ഈ മതക്കാരുടേതായിരുന്നു. ഇപ്പോൾ അതിനെ ഹിന്ദുദേവാലയമാക്കി അനന്തൻറെ വിഗ്രഹം വെച്ചു പൂജിച്ചുവരുന്നു. അടുത്തകാലം വരെ ക്ഷേത്രത്തിനു തെക്കായി അവിടുത്തെ സ്ഥാനികളായ രണ്ടു ജൈനന്മാരുടെ ഗൃഹങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെട്ടിരിക്കുന്നു. വിളവങ്കോട്ടു താലൂക്കിൽ ചിതറാൽ ഭഗവതീക്ഷേത്രത്തിലെ പാറ മേൽ ചില ജൈനവിഗ്രഹങ്ങൾ കൊത്തിയിട്ടുണ്ട്. പെരുമ്പാവൂരിനടുത്തുള്ള പ്രസിദ്ധപ്പെട്ട കല്ലിൽക്ഷേത്രവും ഇവരുടെ വകയായിരുന്നു. പാറയ്ക്കകത്ത് ഒരു ഭഗവതിയുടെ വിഗ്രഹവും പുറത്തു മുകളിലായി ജൈനവിഗ്രഹവും ഇപ്പോൾ കാണാം. കൊച്ചിയിലെ ബനിയക്കച്ചവടക്കാർ അവിടെ ദർശനത്തിനു പോകാറുണ്ട്. ഇവർ ജൈനമതവിശ്വാസികളാണ്. കുഴിത്തുറെ നിന്നും പേച്ചിപ്പാറയ്ക്കു പോകുന്ന വഴിക്കു കരിപ്പാറ, തിരുനന്തിക്കര എന്നീ സ്ഥലങ്ങളിലും തിരുവനന്തപുരത്ത് ഉള്ളൂരിനടുത്തായി മേട്ടുപ്പാറ (മോട്ട = മോൽ = മുകൾ = വെറുക്കലുള്ള൦ എന്ന പേരിലും പാറകൾ തുരന്നു വിഗ്രഹം പ്രതിഷ്ഠിച്ചു പൂജിച്ചുവരുന്നുണ്ട്.

പാറകൾ തുരന്നുണ്ടാക്കിയിരിക്കുന്ന ആരാധനാസ്ഥലങ്ങളും മറ്റും ബുദ്ധമതസ്ഥാപനങ്ങളാണെന്നും ഹിന്ദുക്കളുടെ ക്ഷേത്രനിർമ്മാണത്തിനും വിഗ്രഹാരാധനയ്ക്കും മാർഗ്ഗദർശികൾ ബുദ്ധമതക്കാരാണെന്നും പ്രാമാണികന്മാർ, പ്രബലത്തെളിവുകളെ ഹാജരാക്കി അഭിപ്രായപ്പെടുന്നു. ഇങ്ങനെ ആകുമ്പോൾ, ത്രേതായുഗാവതാരമായ ശ്രീ പരശുരാമൻറെ മലയാളസൃഷ്ടിക്കും ക്ഷേത്രപ്രതിഷ്ഠകൾക്കും അടിസ്ഥാനമെവിടെ? ഇതുപോലെതന്നെ പരശുരാമൻ ഒരു സ്മൃതി ഉണ്ടാക്കിയിട്ടുണ്ടെന്നും പറയുന്നതും സ്വീകാര്യമായി തോന്നുന്നില്ല. ഇതേവരെ കണ്ടെടുത്തിട്ടുള്ള മുപ്പത്താറ് സ്മൃതികളിൽ പരശുരാമകൃതമായി ഒന്നും തന്നെ പറയപ്പെട്ടിട്ടില്ല. സ്മൃതികർത്താക്കളുടെ ശേഖരത്തിൽ പരശുരാമൻറെ പിതാവായ ജമദഗ്നിയും ഭാർഗ്ഗവസ്മൃതിയായി പറഞ്ഞുവന്ന് ഒടുവിൽ പരശുരാമൻറെ വകയാക്കി കല്പിച്ചതായിരിക്കണം എന്നു വിചാരിക്കാവുന്നതാണ്. മനസ്സിൻറെ ഉറവിടം

മനസ്സിൻറെ ഇരിപ്പിടം ഹൃദയത്തിലോ തലയിലോ എവിടെയാണെന്നുള്ള സംഗതി ഇന്നത്തെ പണ്ഡിതന്മാരുടെ ഇടയിൽ തന്നെ ഒരു വിവാദവിഷയമാണ്. ലോകൈക തത്വജ്ഞാനികളുടെ പ്രശംസയ്ക്ക് പാത്രീഭവിച്ചതും ഇക്കാലത്തെ സയൻസ് ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടുത്തത്താൽ കൂടുതൽ പ്രതിഷ്ഠ സിദ്ധിച്ചതും ആയ പ്രധാന ഉപനിഷത്തുകളിൽ ഒന്നായ ഐതരേയോപനിഷത്ത്, മനസ്സിൻറെ ഉത്ഭവം ഹൃദയത്തിൽ നിന്നുമാണെന്നു പറയുന്നു. അഷ്ടാംഗഹൃദയവചനം ഇതിനെ ബലപ്പെടുത്തുന്നുണ്ട്. സൂക്ഷ്മദൃക്കുകളായ മഹർഷിമാരുടെ അഗാധചിന്താഫലങ്ങൾ അത്ര എളുപ്പത്തിൽ അപലപിക്കത്തതല്ല. മനസ്സ് സൂക്ഷ്മവസ്തുവാകയാൽ, അതിന് ഒരു സ്ഥാനത്തെ കല്പിക്കാനേ തരമുള്ളൂ. ഹൃദയവുമായി ശരീരത്തിൻറെ മറ്റ് എല്ലാ അവയവങ്ങളും ഞരമ്പുകളാൽ യോജിപ്പിക്കപ്പെട്ടിട്ടുണ്ട്. ശരീരതത്വങ്ങളുടെ ശരിയായ പ്രവർത്തിക്ക് അന്യോന്യാശ്രയം വേണ്ടിയിരിക്കുന്നു. മനസ്സിനും തലച്ചോറിനും വളരെ ബന്ധമുണ്ട്. ഇവയിൽ ഏതെങ്കിലും ഒന്നിനു തകരാർ സംഭവിച്ചാൽ മനസ്സിനു സുഖമില്ലാതാകുന്നു. മനഃസുഖമില്ലാതായാൽ തലയ്ക്ക് ഔഷധപ്രയോഗം കൊണ്ട് ആശ്വാസം ലഭിക്കുന്നത് ഇവ തമ്മിലുള്ള ബന്ധം ശിഥിലമാകാതെയിരിക്കുമ്പോൾ മാത്രമാണ്.[1] 1923ലും 1926ലും സദ്ഗുരു മാസികയിൽ 'എൻ.എം.ബി.' എന്ന പേരിൽ ചട്ടമ്പിസ്വാമികളുടെ ഗൃഹസ്ഥശിഷ്യന്മാരിലൊരാൾ പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ് തൃപ്പുത്തരിയും മുക്കുടിയും, വെങ്ങിനാട്ടു നമ്പിടി എന്നിവ. സ്വാമിയുടെ ആശയങ്ങളെ ഉപജീവിച്ചെഴുതിയവയാണ് ഈ ലേഖനങ്ങൾ.
കുറിപ്പുകൾ[തിരുത്തുക]


  1. സദജ്ഗുരു മാസികയിൽ ബുദ്ധജൈനവിഗ്രഹങ്ങളെക്കുറിച്ചുള്ള ലേഖനത്തിനൊപ്പം പ്രസിദ്ധീകരിച്ച സ്വാമിയുടെ കുറിപ്പ്