കേരളചരിത്രവും തച്ചുടയ കയ്മളും/തൃപ്പുത്തരിയും മുക്കുടിയും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
കേരളചരിത്രവും തച്ചുടയ കയ്മളും
രചന:ചട്ടമ്പിസ്വാമികൾ
തൃപ്പുത്തരിയും മുക്കുടിയും

തൃപ്പുത്തരിയും മുക്കുടിയും
[തിരുത്തുക]


ക്ഷേത്രങ്ങളിൽ കൊല്ലം തോറും പല വിശേഷ അടിയന്തിരങ്ങൾ ഉണ്ടാകാറുള്ളതു പോലെ, കൊച്ചിരാജ്യത്ത് ഇരിങ്ങാലക്കുടെയുള്ള കൂടൽമാണിക്യക്ഷേത്രത്തിലും പലതും നടക്കാറുണ്ടല്ലോ. എന്നാൽ എല്ലാ തുലാമാസത്തിലും അവിടെ നടത്താറുള്ള തൃപ്പുത്തരി, മുക്കുടി അടിയന്തിരങ്ങൾ പ്രത്യേകമാഹാത്മ്യമുള്ള പുണ്യദിനങ്ങളായിട്ടാണ് ആ നാട്ടുകാരും അയൽനാട്ടുകാരും കരുതിപ്പോരുന്നത്. സ്വദേശിയായ ഒരുവൻ കഴിവുണ്ടെങ്കിൽ ആ തീയതികളിൽ ക്ഷേത്രത്തിൽ പോയി സ്വാമിദർശനം നടത്താതിരിക്കില്ല. കൂടൽമാണിക്യം ദേവസ്വം വക ഭൂമികൾ വളരെയുണ്ട്. അവയിൽ മുകുന്ദപുരം താലൂക്കിൽ പോട്ട എന്ന ദേശത്തിന്, ദേവനുമായുള്ള ബന്ധത്തിൽ സർവ്വപ്രാധാന്യമുണ്ട്. ഈ സ്ഥലനാമത്തിൻറെ ഉത്ഭവം പായ് നെയ്യുന്നതിനുപയോഗിക്കുന്ന പുല്ല് ഒരു കാലത്ത് അവിടെ ധാരാളം വളർന്നുവന്നിരുന്നതുകൊണ്ടായിരിക്കാം. പോട്ട എന്ന പദത്തിന് പായ് നെയ്യുന്നതിനുള്ള പോട്ടപ്പുല്ല് എന്നു ഗുണ്ടർട്ടിൻറെ നിഘണ്ടുവിൽ അർത്ഥം കാണുന്നു. ഇതേ നിഘണ്ടുവിൽ തന്നെ 'മുക്കുടി' എന്നതിനു വയറുശുദ്ധിയാക്കുന്നതിനുള്ള നാടൻമരുന്ന് എന്ന് അർത്ഥം പറഞ്ഞിരിക്കുന്നു. തൃപ്പുത്തരി ഉത്സവത്തിൻറെ നിവേദ്യത്തിനു മറ്റും തലേന്നാൾ പോട്ട എന്ന ദേശത്തു നിന്നും നേന്ത്രപ്പഴം, പുന്നെല്ല്, എണ്ണ മുതലായ സാധനങ്ങൾ എത്തിച്ചുകൊടുക്കേണ്ടതാണ്. ഇവയെല്ലാം ഇപ്പോൾ വാങ്ങി അയയ്ക്കുന്നതു ദേവസ്വം ചെലവിന്മേലാണെങ്കിലും അതെല്ലാം കൊണ്ടുക്കൊടുക്കേണ്ടത് ഇന്നീന്ന ഗൃഹക്കാരാണെന്നുള്ള മുൻപതിവനുസരിച്ചു നടന്നുവരുന്നു. അന്നേ ദിവസം പുന്നെല്ലരിച്ചോറ്, നേന്ത്രപ്പഴം മുതലായതു ദേവനു നിവേദിക്കുകയും പിന്നീട് അജീർണ്ണം പിടിക്കുകയും ചെയ്യുന്നു എന്നാണു സങ്കല്പം. ദേവനെ ചികിസ്തിക്കുന്നതിന് അഷ്ടാംഗവൈദ്യന്മാരിൽ ഒരാളായ കുട്ടഞ്ചേരി മൂസ്സിനെ വരുത്തുകയും പിറ്റേ ദിവസം അതിരാവിലെ മുക്കുടി മരുന്നുണ്ടാക്കി ദേവനു തിരുവയറ് സുഖമാകാൻ നിവേദിക്കുകയും ചെയ്യുന്നു. ഈ വൈദ്യൻറെ ഗൃഹക്കാർ പാരമ്പര്യമായി ഇങ്ങനെ നടത്തിവരുന്നതാകുന്നു. മറ്റാരെക്കൊണ്ടും ഇതേവരെ ചികിത്സിപ്പിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ക്ഷേത്രത്തിനടുത്തുള്ള നിലങ്ങളിൽ ഉണ്ടാകുന്ന നെല്ല് ദേവൻറെ പൂജയ്ക്ക് ഉപയോഗിക്കാറില്ല. അജീർണ്ണം പിടിപ്പെട്ടിരുന്ന കാലത്ത് ദേവൻ ആ നിലത്തിൽ എവിടെയോ മലവിസർജ്ജനം ചെയ്ത കാരണത്താലാണ് ഉപയോഗിക്കാത്തത് എന്ന് ആ നാട്ടുകാർ വിശ്വസിച്ചുവരുന്നു. ഒരു കാലത്തു ശിവനായിരുന്ന ഈ ദേവനെ ശ്രീരാമാനുജനായ ഭരതനായി സങ്കല്പിച്ചാണ് ഇപ്പോൾ ആരാധിച്ചുവരുന്നത്. മേൽ വിവരിച്ച അടിയന്തിരത്തിൻറെ ആഗമനം എന്തായിരിക്കാം എന്ന് ആലോചിച്ചു നോക്കാം.

പുരാണങ്ങളിൽ ഒന്നിലും തന്നെ ശിവനോ വിഷ്ണുവോ ഭരതനോ ആരും പുത്തരി ഉപയോഗിച്ചതായിട്ടോ അജീർണ്ണം പിടിപ്പെട്ടതായിട്ടോ കുട്ടഞ്ചേരി മൂസ്സ് ചികിത്സിച്ചതായിട്ടോ പറഞ്ഞുകാണാനില്ല, കാണുകയുമില്ല. തൃപ്പുത്തരി പ്രസ്തുത ക്ഷേത്രത്തിലെ ഒരു പ്രധാന അടിയന്തിരവുമാണ്. അപ്പോൾ ഈ ദേവൻ പുരാണപുരുഷനല്ലെന്നു പറയാൻ മിക്കവർക്കും ധൈര്യം കാണുകയില്ലെങ്കിലും, സംശയം ജനിക്കാവുന്നതാണല്ലോ. എന്നാൽ പിന്നെ ഇവിടുത്തെ പ്രതിഷ്ഠ ആരെ ഉദ്ദേശിച്ചായിരിക്കാം എന്നൊരു ചോദ്യത്തിനു വകയുണ്ട്. ഒരു രാജർഷിവര്യനെ ഉദ്ദേശിച്ച് അദ്ദേഹത്തിൻറെ സമാധിപീഠത്തിൽ പ്രഹതിഷ്ഠിച്ച ശിവവിഗ്രഹമായിരിക്കണം, ഈ ക്ഷേത്രത്തിലെ ആദ്യദേവൻ എന്നൂഹിക്കുന്നത് അസംഗതമായിരിക്കയില്ലെന്നു തോന്നുന്നു. ബ്രഹ്മത്തെയാണു ശിവം എന്നു ദക്ഷിണദേശീയരായ ദ്രാവിഡൻമാർ കല്പിച്ചിരിക്കുന്നത്. ഓരോ ക്ഷേത്രത്തിലും ഓരോ അവതാരപുരുഷന്മാരെ സങ്കല്പിച്ചാണല്ലോ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാറുള്ളത്. ഇതുപോലെ ദ്രാവിഡദേശീയർ രാജർഷിമാരെയും മറ്റു മഹാത്മാക്കളെയും വിജനസ്ഥലങ്ങളിൽ അടക്കം ചെയ്തു തത്തൽ സ്ഥാനങ്ങളിൽ ആദ്യന്തരഹിതമായ ബ്രഹ്മത്തെ ശിവലിംഗരൂപേണ പ്രതിഷ്ഠിച്ച് ആരാധിച്ചുവന്നിരുന്നു. ഇങ്ങനെയുള്ള ക്ഷേത്രങ്ങൾ ഇന്നും പല ദിക്കുകളിൽ സ്ഥാപിച്ചുവരുന്നുവെന്നുള്ളതിന് ഈയിടെ കരുനാഗപ്പള്ളിൽ താഴത്തോട്ടത്തുമഠത്തിൽ ബ്രഹ്മശ്രീ നീലകണ്ഠതീർത്ഥപാദസ്വാമികളുടെ സമാധിപീഠത്തിൽ ബ്രഹ്മശ്രീ ചട്ടമ്പിസ്വാമികൾ നടത്തിയ ശിവപ്രതിഷ്ഠ ഉദാഹരണമാണ്. ദ്രാവിഡരുടെ എന്നല്ല, ഒരു ദേശീയരുടെയും വിഗ്രഹാരാധനാപ്രാരംഭങ്ങൾ ഇത്തരത്തിൽ (പൂജ്യപാദപ്രതിഷ്ഠകൾ മൂലം) ആയിരുന്നു എന്നു ചരിത്രം മുഖേന നമുക്കു മനസ്സിലാകും. ദ്രാവിഡനിരുക്തശാസ്ത്രജ്ഞനായ കാൽഡുവലും ഇതു തന്നെയാണ് അഭിപ്രായം എന്നും എടുത്തുപറയുന്നു. ഇവിടെയുള്ള ക്ഷേത്രങ്ങൾ കോവി(യി)ൽ എന്നു പേരുണ്ടായതു രാജാ(പ്രഭു)വിൻറെ ശവകുടീരത്തിന്മേലുള്ള സ്ഥാപനത്തെ അടിസ്ഥാനമാക്കിയാണ് എന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു. കോ എന്നതിനു രാജാവ്, പ്രഭു ഇങ്ങനെ പല അർത്ഥങ്ങളുണ്ട്. കൂടാതെ രാജാവിൻറെ പ്രാസാദത്തിനു കോവിൽ എന്നും പറയാറുണ്ടല്ലോ.

പ്രസ്തുത ക്ഷേത്രത്തേയും അതിനു പോട്ടദേശവുമായുള്ള ബന്ധത്തേയും ഓർക്കുമ്പോൾ അവിടെ പ്രതിഷ്ഠാപിതനായ രാജർഷിയുടെ ജഡം വെടിയുന്നതിനു മുമ്പുള്ള വാസം പോട്ടയിൽ തന്നെ ആയിരിക്കണം എന്നൂഹിക്കാം. അവിടത്തെ രാജാധികാരസംബന്ധമായ തലപ്പണം, കിണറ്റിപ്പന്നി മുതലായതു കണക്കുകളിൽ ഇന്നും കാണാവുന്നതാണ്. കൂടാതെ കൊച്ചീരാജാക്കന്മാർ ഇപ്പോഴും ആ ദേശത്തു കടക്കാറില്ല. ആ സ്ഥലം ദേവസ്വത്തിലേക്ക് കരം ഒഴിവായി കൊടുത്തിരുന്നു. എന്നാൽ ഒടുവിലത്തെ കണ്ടെഴുത്തിൽ ഗവണ്മെൻറ് ഉദ്യോഗസ്ഥന്മാർ ന്യായവിരുദ്ധമായി കരം ചുമത്തുകയും ഇങ്ങനെ ചെയ്തതിനെ ആക്ഷേപിച്ച് ദേവസ്വക്കാർ ഗവണ്മെൻറിൻറെ പേരിൽ വ്യവഹാരപ്പെട്ടിട്ടുള്ളതായും അറിയുന്നു. പോട്ടയിൽ ഒരു രാജർഷി ഉണ്ടായിരുന്നതായി ഐതിഹ്യവുമുണ്ട്. പോട്ട എന്ന ദേവർഷിയുടെ സ്ഥാനം ദേവനു ലഭിച്ചു എന്നു നീലകണ്ഠതീർത്ഥപാദസ്വാമി ചരിത്രസമുച്ചയം പുറം 950ൽ പറഞ്ഞിരിക്കുന്നത് ഇതിനെ സംബന്ധിച്ചായിരിക്കണം. മഹാത്മാക്കളെ പൂജിക്കുന്ന സമ്പ്രദായം ഇന്നും പല ദിക്കുകളിലും നടന്നുവരുന്നുണ്ട്. ആര്യന്മാരുടെ വരവിനു ശേഷം ആ പൂജ്യസ്ഥാനം ചിലയിടത്തു വെറും സൂത്രക്കാരിൽ ആക്കിവെച്ചിട്ടുണ്ട്. പുണ്യാത്മാവായ പോട്ടയിലെ രാജർഷി തുലാം മാസത്തിൽ പുത്തരി ഭക്ഷിച്ചത് ദഹിക്കാതെ വരുകയും ഉടനെ കുട്ടഞ്ചേരി മൂസ്സതിനെ വരുത്തി ചികിത്സിക്കുകയും ചെയ്തിരിക്കാം. പോട്ടയിൽ നിന്നും വൈദ്യൻറെ താമസസ്ഥമായ വടക്കാഞ്ചേരിക്ക് ഉദ്ദേശം 25 നാഴിക ദൂരം ഉണ്ടായിരുന്നതിനാൽ റെയിലും മറ്റും ഇല്ലാതിരുന്ന കാലത്ത് സ്ഥലത്തു ചെന്നുചേരാൻ പിറ്റേദിവസം വെളുപ്പാൻകാലം വരെ സമയം വേണ്ടി വന്നതായിരിക്കണം. ഈ സുഖക്കേടായിരിക്കാം അദ്ദേഹത്തിനെ മൃതിപ്പെടുത്തിയത്. പോട്ടയിൽ നിന്നും പത്തു നാഴിക അകലെയുള്ള ഇരിങ്ങാലക്കുടെ കൊണ്ടുപോയി സമാധി ഇരുത്തിയത് ആരാധകന്മാരുടെ നിർബ്ബന്ധത്താലായിരിക്കണം. അന്ന് ഇരിങ്ങാലക്കുട സമുദ്രക്കര ആയിരുന്നരിക്കാൻ ഇടയുണ്ട്. സമുദ്രത്തെ വലിയ പുണ്യതീർത്ഥമായി കരുതിവരാറുണ്ടല്ലോ. എണ്ണൂറു വർഷത്തിനപ്പുറം സമുദ്രം മാറി കരയായിത്തീർന്നു ചില സ്ഥലങ്ങൾ ഇപ്പോഴും കൊച്ചിയിൽ ഉള്ള സ്ഥിതിക്ക് ഇപ്പോൾ ക്ഷേത്രത്തിൽ നിന്നും ഉദ്ദേശം ആറു നാഴിക പടിഞ്ഞാറായി കിടക്കുന്ന സമുദ്രം ഒരു കാലത്ത് ഇരിങ്ങാലക്കുടയ്ക്കടുത്തു കിടന്നുവെന്നു വിചാരിക്കുന്നതിൽ യാതൊരു അസംഭവ്യതയുമില്ല. ഇവിടെ കടൽക്കരയിൽ കണ്ട ബിംബം പ്രതിഷ്ഠിച്ചു എന്നു പറഞ്ഞുകാണുന്നത് കടലിൻറെ സമീപ്യത്തെ സൂചിപ്പിക്കുന്നു. അക്കാലത്ത് അവിടങ്ങളിൽ നെൽക്കൃഷിയുണ്ടായിരുന്നിരിക്കയില്ലല്ലോ. ഇപ്പോൾ നെൽക്കൃഷി ധാരാളമുണ്ട്. മലയാളികൾ പണ്ടേ മാമൂൽപിടിത്തക്കാരായതുകൊണ്ട് മുമ്പ് ചെയ്തുവന്നിരുന്നതിനെ മാറ്റാതെ ദൂരസ്ഥലങ്ങളിൽ നിന്നാണ് ഇന്നും പൂജയ്ക്ക് നെല്ല് കൊണ്ടുവരുന്നത്. ഇതിനെ ജനങ്ങൾ ദേവൻ മലവിസർജ്ജനം ചെയ്തു എന്നൊരപവാദം ഉണ്ടാക്കി അവിടുത്തെ നെല്ല് പൂജയ്ക്ക് ഉപയോഗിക്കാതായതാണെന്നു വിശ്വസിച്ചു. അന്യർ മലവിസർജ്ജനം ചെയ്യുന്ന പാടത്തെ നെല്ല് ഉപയോഗിക്കാമെങ്കിൽ ഇരിങ്ങാലക്കുട സമീപത്തെ നെല്ലിനു മാത്രം എന്തുള്ളൂ? രാജർഷിയുടെ സമാധിപീഠത്തിൽ ശിവപ്രതിഷ്ഠയായിരുന്നുവെന്നുള്ളതിന് ഇപ്പോഴും ഉപയോഗിച്ചുവരുന്തായ മാണിക്യം എന്ന പേരു തന്നെ സാക്ഷ്യം വഹിക്കുന്നു. പക്ഷേ കാലാന്തരത്തിൽ കൂടൽമാണിക്യം എന്ന പദത്തിനു സ്വേച്ഛ പോലെ അർത്ഥം പറവാനും അതിനെ പുലർത്തുവാൻ മാണിക്യം കൂടി ചേർന്നുവെന്നും മറ്റും മിഥ്യങ്ങളായ ഐതിഹ്യങ്ങൾ ഉണ്ടാക്കുവാനും അവയെ ജനങ്ങൾ കൈക്കൊള്ളിക്കുന്നു. അതിനാൽ മേൽ പറഞ്ഞ വിധമായിരിക്കാം തൃപ്പുത്തരി, മുക്കുടി എന്നീ അടിയന്തിരങ്ങൾ അവിടെ കൊണ്ടാടാനും പോട്ടയ്ക്ക് സർവ്വപ്രാധാന്യം ലഭിപ്പാനും സംഗതിയായത്.[1]

വെങ്ങനാട്ടുനമ്പിടി

മലയാളത്തു നടപ്പുള്ള സ്ഥാനമാനങ്ങളെല്ലാം രാജാക്കന്മാർ കൊടുത്തവയാണെന്നു ചിലർ വിശ്വസിക്കുന്നുണ്ട്. രാജദത്തമായ സ്ഥാനങ്ങളുണ്ടെങ്കിലും മറ്റു തരത്തിൽ സ്വാഭാവികമായിട്ടുണ്ടായവയും ധാരാളമുള്ളതായി കാണാം. രണ്ടാമതു പറഞ്ഞ തരത്തിനാണു കൂടുതൽ പ്രാധാന്യം കല്പിക്കേണ്ടതെന്നു തോന്നുന്നു. ഒരു പ്രഭുവിനെ ആശ്രയിച്ച് അനേകം പേർ ഉപജീവനം കഴിക്കുന്നു. അങ്ങനെയുള്ളവർക്ക് ആ പ്രഭു (തം + പിരാൻ = തമ്പിരാൻ = ഞങ്ങളുടെ രക്ഷിതാവ്) ത(മ്പു)മ്പിരാനായി. നമ്പിരാൻ, എമ്പിരാൻ (എമ്പ്രാൻ) എന്നിവയുടം ഇങ്ങനെ തന്നെയുണ്ടായതാകുന്നു. കുറുപ്പ് എന്നതിനു പ്രധാനി, ഗുരു ഇങ്ങനെയും, പണിക്കർ എന്നതിന് ആശാൻ എന്നും താല്പര്യം. വിദ്യാപാടവവും ശിഷ്യസമ്പത്തുമാണ് പ്രസ്തുതസ്ഥാപനത്തിനു ഹേതുക്കൾ. പ്രവൃത്തിയനുസരിച്ചും സ്ഥാനനാമങ്ങളുണ്ടായിട്ടുണ്ട്. നമ്പുശബ്ദം ചേർത്തിട്ടുള്ള നമ്പൂതിരി, നമ്പിടി, നമ്പ്യാർ മുതലായവ ദൈവികകാര്യങ്ങൾ സംബന്ധിച്ചും കൈയ്മൾ എന്നതു ദൈവികവും ലൗകികവുമായ പ്രവൃത്തികൾ ചേർന്നും ഉണ്ടായിട്ടുള്ളവയാണ്. പ്രവൃത്തി സംബന്ധിച്ചോ അവസ്ഥയ്ക്കു വേണ്ടിയോ പണിക്കർ, ഇളയത്, എമ്പ്രാൻ, പോറ്റി എന്നിവർ കാലക്രമം കൊണ്ടു നമ്പൂതിരിമാരായി തീർന്നിട്ടുണ്ട്.

നായർശബ്ദം രുചിക്കാത്തവരും ചിലരുണ്ടായിരിക്കും. ഈ നാമം ആര്യന്മാരുടെ ക്ഷത്രിയശബ്ദത്തോടു തുല്യമായ ദ്രാവിഡപദമാണ്. പ്രസ്തുതവർഗ്ഗത്തിൽ ചേരാൻ അർഹതയില്ലാത്തവർ ഇതു സ്വീകരിച്ചിരിക്കുന്നതു ലയിസൻസു നിശ്ചയിക്കാൻ ആളില്ലാത്തതുകൊണ്ടായിരിക്കാം. ഇതു കാരണം യഥാർത്ഥ നായൻമാരെക്കൂടെ അജ്ഞതയാൽ ശൂദ്രർ എന്നു വിളിച്ചുപോകുന്നുണ്ട്. അതുകൊണ്ടു ശ്രേഷ്ഠന്മാർക്ക് നായർശബ്ദം അരോചകമായി തോന്നിയതിൽ അത്ഭുതപ്പെടാനില്ല. പുരാതന നായന്മാരുടെ പ്രാശസ്ത്യത്തെപ്പറ്റി പ്രാചീനമലയാളാദി ഗ്രന്ഥങ്ങളിൽ നിന്നും ഗ്രഹിക്കാവുന്നതാകയാൽ ഇവിടെ ചേർക്കുന്നില്ല.

ഭൂസ്ഥിതിയനുസരിച്ചാണ് ഒരു സ്ഥലത്തിനു മുഖ്യമായി നാമമുണ്ടാകുന്നതെന്നുള്ള തത്വപ്രകാരം നോക്കുമ്പോൾ വേങ്ങമരം സമൃദ്ധിയായി ഉണ്ടാകുക കാരണത്താൽ വേങ്ങനാട് എന്ന നാടായി രേഖപ്പെട്ടതായിരിക്കാം. ഇതിനെ സംസ്കൃതരൂപത്തിലാക്കി പരിഷ്കരിച്ച് ഉപയോഗപ്പെടുത്തി വരുന്നുണ്ട്. ദ്രാവിഡഭാഷാപദങ്ങളെ സംസ്കൃതപങ്ങളെന്ന മട്ടിൽ ഉച്ചരിച്ചും തെറ്റായി ധരിച്ചും വരികയാൽ ശബ്ദഭ്രമം കൊണ്ടു ചരിത്രകാരന്മാർക്കു പോലും വഴിപിഴച്ചുപോകുന്നതായി കാണാം. ഉദാഹരണമായി നമ്പിടിശബ്ദം തന്നെ നോക്കുക. നമ്പിന് ഇടിവു വന്നതുകൊണ്ടാണ് നമ്പിടിശബ്ദമുണ്ടായതെന്ന് ഒരാളും, നാം പടി മേൽ ഇരിക്കാമെന്നു പറഞ്ഞതുകൊണ്ടാണ് ഇങ്ങനെ വന്നതെന്നു മറ്റൊരാളും വ്യാഖ്യാനിച്ചിട്ടുണ്ട്. ഈ രണ്ടു വ്യുൽപത്തികളും തെറ്റാണ് എന്നു മുമ്പൊരിക്കൽ സമദർശിയിൽ ഞാൻ പ്രസിദ്ധം ചെയ്തിരുന്നു. നമ്പിടി എന്നത് നമ്പി, അടി (നമ്പിയടി = നമ്പിടി) ഇങ്ങനെ രണ്ടു പദങ്ങൾ കൂടിച്ചേർന്നുണ്ടായതാകുന്നു. നമ്പി എന്നതിനു മഹാൻ, പ്രഭു ഇങ്ങനെ അർത്ഥമാകുന്നു. അടി എന്നതു ബഹുമാനസൂചകപദമാണ്. തിരുവടി എന്നതു കാണുക.

വെങ്ങനാട്ടു നമ്പിടിയുടെ പൂർവ്വകുടുംബക്കാർ കിരിയത്തിൽ നായന്മാരായിരുന്നു. ഇപ്പോഴും പ്രസ്തുത കുടുംബത്തിലെ ശവസംസ്കാരസംബന്ധമായും മറ്റുമുള്ള ചടങ്ങുകൾ നടത്തുന്നത് നായൻമാർ തന്നെയാണെന്നറിയുന്നു. കിരിയത്തിൽ എന്നതു ഗൃഹത്തിൽ എന്നതിൻറെ സംസ്കൃതഭ്രഷ്ടപദമായിട്ടാണു മലയാളനിഘണ്ടുകാരന്മാർ പറയുന്നത്. കിരിയത്തിൽ എന്നതു ദ്രാവിഡപദമായിരിക്കാമെന്ന് എനിക്കു കോന്നു. മലയരചനു (മലയിലെ രാജാവിന്) കിരിയൻ എന്നു പേര് കാണുന്നു. കിരിയത്തിൽ നായർ എന്നതിനു മലനാട്ടിലുള്ള പ്രഭു എന്ന അർത്ഥം യോജിക്കുന്നതുമാണല്ലോ. നായർപദത്തിന് രാജാവ്, പ്രഭു എന്നിങ്ങനെ അർത്ഥവും ഉണ്ട്. വെങ്ങനാട്ട് കുടുംബാംഗങ്ങളിൽ പുരുഷന്മാരെ നമ്പിടി, രാജാവ്, തമ്പ്രാൻ എന്നും സ്ത്രീകളെ റാണി എന്നും പല സ്ഥാനമാനങ്ങളിലും വിളിക്കപ്പെടുന്നു. ഇവരുടെ സ്ത്രീകളെ നമ്പൂരിമാരും പട്ടന്മാരുമാണ് ഇപ്പോൾ വിവാഹം ചെയ്തുവരുന്നത്. പള്ളിശ്ശേരി രാജാവ് അന്യം വരുകയാൽ ആ സ്വരൂപം വക സകല അവകാശങ്ങളും വെങ്ങനാട്ടു നമ്പിടി കുടുംബത്തിനു ലഭിച്ചു. ഇതിനു ശേഷം എഴുതിവരുന്ന പബ്ലിക് റിക്കാർട്ടുകളിലെല്ലാം ക്ഷത്രിയപാരമ്പര്യം അനുഷ്ഠിച്ചു വരുന്ന സാമന്തന്മാർ എന്നാണു ചേർക്കുന്നത്. പള്ളിശ്ശേരി രാജാവിനുണ്ടായിരുന്ന യാഗാധികാരി സ്ഥാനത്തേക്ക് നമ്പിടി കുടുംബത്തിലെ മൂത്ത പുരുഷനെ അവരോധിക്കുന്നു. വയസ്സ് ഗൗനിക്കുന്നില്ല. യാഗവും അതു സംബന്ധമായുള്ള ചടങ്ങുകളും മലയാളത്തു കടന്നത് ആര്യന്മാരുടെ വരവിനു ശേഷമാണെന്നറിയാം. യാഗാധികാരി ബ്രഹ്മചര്യം ദീക്ഷിക്കണമെന്നാണ് 'കാശ്യപക്ഷേത്രമാഹാത്മ്യ'ത്തിൽ വിധിച്ചിരിക്കുന്നത്. "മന്നവാ ഭവാൻ ക്ഷൗരം വർജ്ജിച്ചീടേണം തഥാ സുന്ദരീ സംഭോഗാദി സകലം വർജ്ജക്കെണം" ഇപ്രകാരം പറഞ്ഞിരിക്കുന്നു. അതിനാൽ ഇപ്പോൾ അങ്ങനെ ചെയ്തു കാണുന്നില്ല. വിവാഹം കഴിഞ്ഞ ശേഷം അവരോധിച്ചതായി അറിവുണ്ടെന്നും ഇപ്പോഴത്തെയാളെ ചെറുപ്പത്തിലേ അവരോധിക്കയാൽ വിവാഹം പിന്നീടു മാത്രമാണ് ഉണ്ടായതെന്നും നാട്ടുകാർ പറയുന്നു. നിത്യബ്രഹ്മചര്യം പൂർവ്വജന്മപുണ്യഫലം കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ. നിർബ്ബന്ധിച്ച് അനുഷ്ഠിക്കുന്നതായാൽ ഗുണത്തിനു പകരം ദോഷം ഭവിക്കാൻ എളുപ്പം. ഗൃഹസ്ഥാശ്രമികൾക്കും മുക്തി ശ്രമസാധ്യമാണെന്നു ജനകമഹാരാജർഷി മുതലായവർ ഉദാഹരണമാകുന്നു. അവരോധശേഷം പുലവാലായ്മ മുതലായവ ആചരിക്കേണ്ടതില്ല. എങ്കിലും ഇപ്പോഴത്തെ നമ്പിടി മേലധികാരിയായ നമ്പൂതിരി സമുദായത്തിൻറെ അനുമതിയോടു കൂടി സ്വമാതാവിൻറെ ശേഷക്രിയകൾ ചെയ്തതായി അറിയുന്നു. യാഗാധികാരിയുടെ പ്രവൃത്തി, യാഗം ചെയ്യുന്ന നമ്പൂതിരിമാർക്ക് സോമലത, കരിങ്ങാലി കാതലു, കൃഷ്ണമൃഗചർമ്മം മുതലായ കൊടുക്കലാണ്. ഇവ കൊടുക്കുന്ന സമയത്ത് ഇദ്ദേഹത്തെ കൂർമ്മാസനത്തിൽ ഇരുത്തി ചില ക്രിയകൾ ചെയ്യാറുണ്ട്. അതിനു നൂറ്റൻപതു പണം യാഗാധികാരിക്കു ദക്ഷിണയായി കിട്ടുന്നു. അവരോധം കഴിഞ്ഞാൽ ബ്രാഹ്മണരെപ്പോലെ മണ്ഡപത്തിൽ കയറി നമസ്കരിക്കുകയും ക്ഷേത്രമണി അടിച്ചു തൊഴുകയും ചെയ്യാം. സാക്ഷി(പന്തി)ഭോജനം അനുവദിച്ചിട്ടുണ്ട്. നമ്പിടി കുടുംബത്തിലെ മറ്റ് അംഗങ്ങളും ഇപ്പോൾ ബ്രാഹ്മണരോട് ഒരുമിച്ചിരുന്നു ഭക്ഷിക്കാറുണ്ടെന്നു കേൾക്കുന്നു. അഗ്നിബീജാക്ഷരം ജപിച്ചു കൊടുക്കുന്ന മെതിയടി യാഗാധികാരി എപ്പോഴും ധരിക്കണമെന്നു നിർബ്ബന്ധമുണ്ട്. ഉത്തരീയം (പൂണൂൽ) എപ്പോഴും ധരിക്കണമെന്നില്ല. മെതിയടി ധരിച്ചുകൊണ്ട് കാച്ചാംകുറിച്ചി ക്ഷേത്രത്തിൽ എവിടേയും കടക്കാം. ആ ക്ഷേത്രത്തിൽ മൂന്ന് ഊരാളന്മാർ ഉള്ളതിൽ യാഗാധികാരിയും പെടുന്നു. ക്ഷേത്രസ്വത്ത് ക്ഷേത്ര ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാറുള്ളൂ. ഇപ്പോഴത്തെ ആളെ അവരോധിച്ചപ്പോൾ പതിവുള്ള ചില കർമ്മങ്ങൾ വേണ്ടെന്നു വെച്ചതായി കേട്ടിട്ടുണ്ട്. കാലത്തിനു തക്ക കോലം കെട്ടുന്നതിന് ആവശ്യം പോലെ ബൂട്സ് മുതലായ ധരിക്കാറുണ്ട്. ഇക്കാലത്ത് യാഗങ്ങൾ മിക്കവാറും ത്യാഗങ്ങളായി തീർന്നിരിക്കയാൽ ഇദ്ദേഹത്തിൻറെ മാമൂലറുത്ത പാശ്ചാത്യപരിഷ്കാരചാർച്ചയെപ്പറ്റി ആരും ചിന്തിക്കാറുമില്ല. ദുർവ്വാശിക്കാരായ ചില ആഡ്യോഹനമ്പൂരിപ്പാടൻമാരും ഇദ്ദേഹത്തിൻറെ ഈ വേഷപ്പകർച്ചയേയും പരധർമ്മവൃത്ത്യാസക്തിയേയും പറ്റി ഒന്നു പുരികം ചുളിക്കാത്തതും ഇദ്ദേഹത്തിൽ കാണുന്ന അതിരറ്റ ചുണ കൊണ്ടാണെന്നു സമ്മതിച്ചേ തീരൂ. ഈ ഉപന്യാസവിഷയത്തെക്കുറിച്ചു വിശദമായി അറിവുള്ളവർ ആരെങ്കിലും കൂടുതൽ വിവരം പ്രസിദ്ധം ചെയ്തു കാണാനുള്ള ആഗ്രഹത്തോടു കൂടി തത്കാലം വിരമിക്കുന്നു.[2]കുറിപ്പുകൾ[തിരുത്തുക]


  1. കൊല്ലവർഷം 1097ൽ (എ.ഡി. 1923ൽ) സദ്ഗുരു രണ്ടാം പുസ്തകത്തിൽ (പേജ് 360-364) പ്രസിദ്ധീകരിച്ചത്.
  2. കൊല്ലവർഷം 1101ൽ (എ.ഡി. 1926ൽ) സദ്ഗുരു മാസികയിൽ (പുസ്തകം 5, ലക്കം 10) പ്രസിദ്ധീകരിച്ചത്