Jump to content

കേരളചരിത്രവും തച്ചുടയ കയ്മളും/കൂടൽമാണിക്കവും തച്ചുടയ കയ്മളും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
കേരളചരിത്രവും തച്ചുടയ കയ്മളും
രചന:ചട്ടമ്പിസ്വാമികൾ
കൂടൽമാണിക്കവും തച്ചുടയ കയ്മളും

കൂടൽമാണിക്കവും തച്ചുടയ കയ്മളും

[തിരുത്തുക]


ക്ഷേത്രമിരിക്കുന്ന നാട്ടിനെ ഇപ്പോൾ ഇരിങ്ങാലക്കുട എന്നാണു വിളിക്കുന്നത്. ഇതും ശരിയല്ല. ഇരിങ്ങ്+കാൽ+കോട് = ഇരിങ്ങാൽകോട = ഇരിങ്ങാലക്കുട എന്നതായിത്തീർന്നു. ഈ വാക്കിൻറെ അർത്ഥം വലിയ കുന്നുള്ള പ്രദേശം എന്നാണ്. ഈ സ്ഥലം പരിശോധിക്കുന്നവർക്ക് ഇതു വ്യക്തമാകും. ഇതിനു മേക്കും മനവലശ്ശേരി എന്ന സ്ഥലത്തിനു വടക്കുമായിട്ടാണ് പ്രസ്തുത ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മനവലശ്ശേരി എന്നതു മനൈവലൈചേരി എന്നു വാക്ക് ഉച്ചാരണദാർഢ്യത്താൽ മനവലശ്ശേരിയായി. കൃഷി ഇറക്കിയിട്ടുള്ള നിലമെന്നാണ് ഇതിൻറെ അർത്ഥം. ഇങ്ങനെ അനവധി തെറ്റിദ്ധാരണകൾ 'സദ്ഗുരു'വിൽ പ്രസിദ്ധം ചെയ്യുന്ന 'പലവക' കൊണ്ട് വായനക്കാർക്കില്ലാതെയാകുമെന്നതിനാൽ ഇവിടം തൽക്കാലം ചുരുക്കുന്നു.

ഇനി പ്രകൃതം തുടരാം - "മാണിക്ക ക്ഷേത്രത്തിൽ സമുദായമേലായ്മയും... തച്ചുടയകയ്മൾ അവരോധസ്ഥാനവും ഒഴിഞ്ഞുതന്നിരിക്കുന്നു..." എന്ന് ഈ ഗ്രന്ഥവരിയിൽ പറഞ്ഞിരിക്കക്കൊണ്ടു മാണിക്കക്കല്ലിൻറെ കടത്തിനായിട്ടു കായംകുളം രാജാവിന് അവകാശം കൊടുക്കുന്നതിനു മുമ്പ് തന്നെ ടി സ്ഥാനം ഉണ്ടായിരുന്നിരിക്കണം. അഞ്ഞൂറാമാണ്ടിനു ശേഷം കായംകുളം രാജാവിന് അധികാരം കിട്ടിയതിൽ പിന്നെയാണ് തച്ചുടയകയ്മൾ സ്ഥാനമുണ്ടായതെന്നു മറ്റൊരു ഗ്രന്ഥവരിയിൽ പറയുന്നു. ഇവ കൂടാതെ ഓരോരുത്തരുടെ മനോധർമ്മം പോലെയും ചിലരുടെ കാര്യസാധ്യത്തിനനുകൂലമായും ഓരോ കഥകൾ കെട്ടിച്ചമച്ചിട്ടുള്ളതും മിക്കവർക്കും അറിവുള്ളതാകയാൽ ഇവിടെ വിവരിക്കുന്നില്ല. ആദ്യത്തെ ഗ്രന്ഥവരിയിൽ പറഞ്ഞതുപോലെ ഈ സ്ഥാനം വളരെ പുരാതനകാലത്തു തന്നെ ഉള്ളതാണ്. ആദ്യമായി 'തച്ചുടയകയ്മൾ' എന്ന വാക്കുകളുടെ അർത്ഥം തന്നെ പരിശോധിക്കാം. ഇതിൻറെ ശരിയായ ഉച്ചാരണം 'തെച്ചുടയ കോയ്മൈയാൾ' എന്നാണ്. തെച്ചുടയൻ = രക്ഷയുടവൻ; രക്ഷിക്കുന്നവൻ; കോയ്മൈയാൾ = രാജാവ്, പ്രഭു എന്നർത്ഥം. കോയ്മൈയാൾ - കോയ്മയാൾ - കോയ്മൾ - കൊയ്മൾ - കയ്മൾ എന്നു പരിണമിച്ചു. ഇദ്ദേഹം ദേവപ്രതിനിധിയും രാജാവുമാണ്* ഇദ്ദേഹത്തിൻറെ പേര് മാണിക്കം കേരളൻ എന്നാണെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. മാണിക്കം എന്നതു ദേവപ്രാതിനിധ്യത്തേയും കേരളൻ എന്നതു രാജാ എന്ന സ്ഥാനത്തേയും കുറിക്കുന്നു. ഈ സ്ഥാനം വംശപരമ്പരയാ സിദ്ധമായിരുന്നുവെന്നതിനു


"എത്ര കാലേധിരാജസ്യ

ദക്ഷോസേശ്വരകംലേ
വംശോഭവന്മഹാമാന്യഃ
ശൂരോനാക്രാന്തവിക്രമ"എന്ന സ്കാന്ദപുരാണവചനം ഉറപ്പു തരുന്നു[1] രാജാക്കന്മാരെപ്പോലെ തമ്പുരാനെന്നും തിരുമനസ്സെന്നും ജനങ്ങൾ വിളിച്ചുവരുന്നുവെന്നും അവരോധസമയത്തു തച്ചുടയ കയ്മൾ കയറിവരുന്ന പല്ലക്കിൻറെ ഒരു തല കൊച്ചിരാജാവ് തൊടണമെന്നും മറ്റും മദ്രാസ് ഹൈക്കോടതി വിധി മുതലായതിൽ കാണുന്നു.* തലപ്പണം, പന്നിക്കൊറ, കല്ല്യാണക്കാഴ്ച മുതലായവ ദേവസ്വം റിക്കാർട്ടിൽ കാണുന്നതും രാജാധികാരത്തെ സൂചിപ്പിക്കുന്നു. ദേവസ്വം സ്ഥലങ്ങളിൽ അന്യരാജാക്കന്മാർ പ്രവേശിക്കയൊ അവിടെയുള്ള ജനങ്ങളെക്കൊണ്ടു രാജാവിനു പ്രവൃത്തി എടുപ്പിക്കയോ ചെയ്യാൻ പാടില്ല. അറിവില്ലാതെ അങ്ങനെ ചെയ്ത ഒരു രാജാവ് പ്രായശ്ചിത്തമായി ഒരു വെള്ളിക്കുടം ക്ഷേത്രത്തിൻറെ നടയ്ക്കു വെച്ചതായി ദേവസ്വം കണക്കിൽ കാണുന്നു. ഇതിനു വേറെയും പല തെളിവുകൾ ഉണ്ട്. കുടാതെ 'നന്ദീശസംഹിത' മുപ്പത്തിമൂന്നാം അധ്യായം പതിനെട്ടാം ശ്ലോകം 'സംഗമേശംതഥോത്തരേ...' എന്നതു മുതൽ നോക്കുക.


പ്രത്യക്ഷസിദ്ധിർ ഭഗവാൻ

യത്ര സന്നിഹിതോ സ്തിഹി;
യസ്യ പ്രതിനിധിദ്ദക്ഷോ
ക്രോധകംബര നാമകഃ 19
അംശോശേനാവതീർണ്ണോസ്തി
നാഗ്വാം ത്രേതേതി നാമതഃ
ഉത്ഥിതസ്യ പ്രജേശസ്യ-
തപസോദൃഷ്ടിപതനാൽ 20
സസ്ഥാനം സാംഖ്യയോഗ
ദേവിദ്യാനം പാരദർശനഃ
പാലനാച്ചസരാജർഷി-
ജ്ജാമദഗ്ദ്യ ഇപാപരഃ 21
ആദിരാജം ചാധിരാജം
കേരളേഷുവദന്തിതം;
ബഹുവർഷം പ്രശസ്യോ വീം-
തുരീയം വദസ്ഥിതഃ
ബ്രാഹ്മണാഞ്ചൈവപിശ്പതയ
സ്തസ്യ ദോളാംവഹന്തിരി 22യാതൊരു സംഗമേശ്വരനായ ദേവൻറെ പ്രതിനിധിയും ഈശ്വരാശംസംഭവനും തപസ്ഥിതനായിരുന്ന് എഴുന്നേറ്റ പ്രജാപതിയുടെ ദൃഷ്ടിപാദത്താൽ ത്രേയെന്ന നാകസ്ത്രീയിൽ ജാതനും ആയ ദക്ഷക്രോഡകംബരൻ[2] - തച്ചുടയ കയ്മൾ - ഉണ്ടായി(രുന്നു) എന്നും ഇദ്ദേഹം സർവ്വവിദ്യാനിധിയും ആദിരാജനും അധിരാജനും ആയ നൃപ ഋഷി ആയിരുന്നെന്നും, ഇദ്ദേഹത്തിൻറെ ഡോലി ചുമക്കുന്നതു ബ്രാഹ്മണരും നൃപന്മാരുമായിരുന്നു എന്നും പ്രസ്താവിച്ചു കാണുന്നു. ഇതേവിധം 983 ആണ്ടു വരെ ഒരുവിധം നടന്നുവന്നിട്ടുള്ളതായി അക്കാലത്തെ അവരോധഗ്രന്ഥവരിയിലുണ്ട്; ചില ഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കാം:- "....... അവിടെ നിന്നും പുറപ്പെട്ടു തൃപ്പയ്യ ക്ഷേത്രത്തിൽ വന്ന് അന്നവിടെ പാർത്ത് ഏഴിനു കാലത്തു രാജാവ് പ്രഭുക്കന്മാരെ വരുത്തി രാജാവും പ്രഭുക്കന്മാരും കൂടി തൃപ്പയ്യെ വന്നു തച്ചുടയകയ്മളെ ആന കഴുത്തിക്കേറ്റി വാദ്യഘോഷത്തോടും അകമ്പടിയോടും കൂടിയ കതിനവെടിയും വയ്പിച്ച് ഇരിങ്ങാലക്കുടെ എത്തി ....... പ്രദക്ഷിണമായി വലിയ വെലിക്കല്ലിൻറെ കിഴക്കുപുറത്ത് ഒരു തലവെലിക്കല്ലി തൊടീച്ചു വയ്ക്കണം. തച്ചുടയ കയ്മള് തണ്ടിക്കേറിയാൽ നിലത്ത് ഇരിക്കുന്ന തല, രാജാവ് തൊട്ടു പള്ളിച്ചാന്മാരെക്കൊണ്ട് എടുപ്പിച്ചു ....... പ്രദക്ഷിണമായി പോയാൽ മൂന്നൂറ്റി ഒന്നു പണം കിഴികെട്ടി രാജാവിൻറെ കയ്യിൽ കൊളാംമുത്തതു കൊടുക്കണം .............."

പിന്നീട് കലശാദ്യഭിഷേകം കൊണ്ടു ദേവത്വം പ്രാപിച്ച തച്ചുടയ തമ്പുരാൻ തിരുമനസ്സിനെ സ്വർണ്ണപ്പല്ലക്കിലിരുത്തി ആറുനാട്ടിൽ പ്രഭുക്കൾമാരും മറ്റും അകമ്പടിയോടുകൂടി നമ്പൂരിമാർ പല്ലക്കു ചുമന്നു പ്രദക്ഷണമടിക്കണം. മുൻകാലത്ത്, മലയാളത്തെ ഒരു പ്രധാന പംക്തി പാവനക്ഷത്രിയരാജാവ് തന്നെയാണത്രെ പല്ലക്കിൻറെ ഒരു തല കൈക്കൊള്ളാനധികൃതനായിരുന്നത്.
തച്ചുടയകയ്മൾ ദേവപ്രതിനിധിയാണെന്നുള്ളതിന് ഇന്നും നടന്നുവരുന്ന ചില സംഗതികൾ ഉദ്ധരിക്കാം: വെളുപ്പാൻ കാലത്തു ദേവനെ പള്ളിയുണർത്തുന്നതിനും സന്ധ്യയ്ക്കും ശംഖു വിളിക്കുന്നതു പോലെ തച്ചുടയകയ്മളുടെ ഇരിപ്പുസ്ഥലമായ കൊട്ടിളായ്ക്കലും അപ്രകാരം ചെയ്യണം. പുറമേ പോകുമ്പോൾ ദേവനെന്ന പോലെ അകമ്പടി, കുത്തുവിളക്ക്, ശംഖുവിളി മുതലായതും ഉണ്ടായിരിക്കും. ഇദ്ദേഹത്തിൻറെ തിരുനാൾ തോറും ദേവനെ എന്ന പോലെ തന്ത്രികൾ ഇദ്ദേഹത്തേയും കലശമാടി പൂജിക്കുന്നു. തച്ചുടയകയ്മളുടെ ജന്മനാളിനു മാത്രമേ ദേവന് എണ്ണ ആടുകയുള്ളൂ. ഇദ്ദേഹം സിദ്ധി അടഞ്ഞാൽ ദേവനു പുലയുണ്ടെന്നുള്ള സൂചനക്കായി പുണ്യാഹം കഴിക്കുന്നു. മരിച്ച നാല്പത്തിയൊന്നാം ദിവസം തച്ചുടയകയ്മളുടെ പ്രേതത്തെ പ്രതിമയിൽ ആവാഹിച്ചു ക്ഷേത്രത്തിൽ സൂക്ഷിക്കും. സംസ്കാരാദിക്രിയകളെല്ലാം ബ്രാഹ്മണൻ തന്നെയാണു ചെയ്യേണ്ടത്. തച്ചുടയകയ്മളോടു കൂടി ഒരു മുറിയിൽ ബ്രാഹ്മണർ മാറിയിരുന്ന് ആഹാരം കഴിച്ചുവരുന്നുവെന്നു കൊച്ചി ചീഫ് കോടതിയിലെ ഒരു വിധിയിൽ കാണുന്നു.*-

"ഈ തിരുമനസ്സിലെ പന്തിയിൽ ഉത്തമബ്രാഹ്മണർക്കു പോലും ഇരുന്നുണ്ടുകൂടാ. അതുകൊണ്ടു പന്തി തിരിച്ചിലയിട്ടാണ് തിരുനാളിനമൃതേത്തു കഴിക്ക പതിവ്. ഊണു സമയത്തു ബ്രാഹ്മണർ ഒറ്റ ആവണപ്പലകയിലു തിരുമനസ്സുകൊണ്ടു രണ്ടാവണപ്പലക മേൽക്കുമേലിട്ടുമാണ് ഇരിക്കാറ്. ഇത് മേന്മയ്ക്കടയാളം. ബ്രാഹ്മണർക്ക് ആഭിജാത്യം അല്ലെങ്കിൽ ശ്രേഷ്ഠത കൂടുതലുള്ളതുകൊണ്ടല്ല പന്തി മാറിയിരിക്കുന്നതെന്നതിലേയ്ക്ക് - മറ്റുള്ള മാടക്ഷ്മാപാദി പംക്തി പാവനരാജാക്കന്മാർക്കു കൂടി വസ്ത്രം പിഴിഞ്ഞുകൊടുക്കുക, കുട പിടിപ്പിക്ക മുതലായതു നടത്തുന്നതു ക്ഷത്രിയദേശ്യന്മാരായ തിരുമുൽപ്പാടൻമാരായിരിക്കെ, ഇദ്ദേഹത്തെ തറ്റുടുപ്പിക്ക, കുട ചൂടിക്ക മുതലായതു പതിവായി ചെയ്തുവരുന്നതു നംപൂരിമാരാണെന്ന സംഗതി തെളിവാണ്".[3] ഈ സ്ഥാനത്തെപ്പറ്റി വാർഡ്, കോണർ എന്ന സായ്പന്മാർ എഴുതിയ ചരിത്രത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു:-

"ഈ ക്ഷേത്രത്തിലെ പ്രധാനപുരുഷൻ ഒരു സന്യാസിയാണ്. മുമ്പുണ്ടായിരുന്ന എന്തൊ അവകാശങ്ങൾ മൂലം ചില പ്രത്യേക കുടുംബങ്ങളിൽ നിന്നും തിരുവാതംകൂർ മഹാരാജാവ് ഒരാളെ നിയമിക്കുന്നു. അദ്ദേഹത്തിന് ധാരാളം അധികാരങ്ങളും അവകാശങ്ങളുമുണ്ട്. എഴുന്നള്ളുമ്പോൾ വാളും വിളക്കും പിടിച്ചാളുകൾ അകമ്പടി പോകണം; എന്നുവേണ്ട, ഒരു പ്രധാന അകമ്പടിയുടെ ചിഹ്നങ്ങളെല്ലാമുണ്ട്. അദ്ദേഹത്തിനുപരിയായി ഒരുവനേയും ഒന്നിനും കരുതണമെന്നില്ല. രാജാവ് വന്നാലും എഴുന്നേൽക്കണമെന്നില്ല."

ക്ഷേത്രസംബന്ധമായ സകല സംശയനിവൃത്തി വരുത്തുവാനുള്ള പ്രധാനാധികാരി തച്ചുടയകയ്മൾ ആണെന്നു കൊച്ചി ഗവണ്മെൻറ് വിളംബരവും മറ്റുമുള്ളതുകൊണ്ടും ഇദ്ദേഹത്തിനു വൈദികസംബന്ധമായ അറിവും അധികാരവും മുൻകാലത്ത് എത്രത്തോളമുണ്ടായിരിന്നിരിക്കണമെന്ന് ഊഹിക്കാവുന്നതാണ്.

തിരുവിതാംകൂർ മഹാരാജാവ് ഉദ്യോഗസ്ഥന്മാർക്ക് കൊടുക്കുന്ന കല്പനയ്ക്ക് 'നീട്ടെ'ന്നു പറയും പോലെ തച്ചുടയകയ്മൾ കൊടുക്കുന്നതിന് 'തീട്ട്' എന്നാണ് പറക പതിവ്. ഒരിക്കൽ ഇദ്ദേഹം പല്ലക്കിൽ യാത്ര ചെയ്പ്പോൾ യദൃഛയായി സാമൂതിരി താജാവ് ആ വഴിയെ വരാൻ ഇടയാകുകയും തച്ചുടയകയ്മളെ കണ്ട് സാഷാടംഗനമസ്കാരം ചെയ്തതായും ഒരു ഐതിഹ്യമുണ്ട്.

മേൽ പറഞ്ഞ സംഗതികൾ കൊണ്ടു തച്ചുടയകയ്മകളുടെ സ്ഥാനം അഞ്ഞൂറാമാണ്ടിനിപ്പുറം മുതൽക്കാണുണ്ടായതെന്നും മാണിക്കരത്നത്തിൻറെ കടത്തിനു വേണ്ടിയാണെന്നും മറ്റും കഥയെഴുതിവെച്ചാൽ പ്രമാണത്തിനും യുക്തിക്കും ചേരുന്നില്ല എന്നു നമുക്കു മനസ്സിലായി. ബ്രാഹ്മണമതം പ്രബലമായിരുന്ന അക്കാലം ഒരു നായർകുടുംബജാതനെ ഇത്ര ഉന്നതമായ പദവിയിലാക്കിവെച്ച് അവർ പൂജിക്കാമോ എന്ന കാര്യം സ്വപ്നത്തിൽ പോലും വിചാരിക്കാൻ നിവൃത്തിയില്ല. ക്ഷേത്രങ്ങളുടെ ഉടമാവകാശമുള്ള രാജാക്കന്മാരെയോ അവരുടെ പ്രതിനിധികളെയോ ഇങ്ങനെ കരുതിവരുന്നുമില്ല. അങ്ങനെയെങ്കിൽ കായംകുളം രാജാവിനു ചില അവകാശങ്ങൾ കിട്ടിയത് എങ്ങനെയാണെന്നു ചോദിക്കുമായിരിക്കാം. അതിനു പാശ്ചാത്യരായ ഈസ്റ്റിന്ത്യാ കമ്പനിക്കാർക്ക് ഇന്ത്യാഭരണം കിട്ടിയതും കായംകുളം രാജ്യം തിരുവിതാംകൂർ മഹാരാജാവ് പിടിച്ചടക്കിയതും മറ്റും സമാധാനങ്ങളാണ്. മേൽ വിവരിച്ച സംഗതികൾ എല്ലാം കൊണ്ടും ഈ ക്ഷേത്രസ്ഥാപകനും പ്രതിഷ്ഠാസ്ഥാപകനും തച്ചുടയകയ്മൾ ആയിരുന്നിരിക്കണമെന്ന് ഉറപ്പായി വിശ്വസിക്കുന്നതിൽ ആശങ്കയ്ക്ക് ഇടം ഇല്ലെന്നു തന്നെ പറയാം.
കുറിപ്പുകൾ

[തിരുത്തുക]

  1. ഈ ഭാഗം വിസ്താരമായി അറിയേണ്ടവർ ആചാരപദ്ധതി പ്രസ്താവികം നോക്കുക
  2. മറ്റു ചിലേടത്തു ദക്ഷോസേശ്വരകംവലൻ
  3. (നീലകണ്ഠതീർത്ഥപാദസ്വാമി ചരിത്രസമുച്ചയം - രണ്ടാം വോള്യം)