കേരളചരിത്രവും തച്ചുടയ കയ്മളും/കേരളചരിത്രവും തച്ചുടയ കയ്മളും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കേരളചരിത്രവും തച്ചുടയ കയ്മളും
രചന:ചട്ടമ്പിസ്വാമികൾ
കേരളചരിത്രവും തച്ചുടയ കയ്മളും

കേരളചരിത്രവും തച്ചുടയ കയ്മളും
[തിരുത്തുക]


ഈ വിഷയത്തെപ്പറ്റി മാസികകളിലും മറ്റും പലരും എഴുതിക്കണ്ടിട്ടുണ്ട്. അങ്ങിനെ എഴുതിയിട്ടുള്ളതിൽ മിക്ക ഭാഗങ്ങളോടും യോജിക്കാൻ ന്യായമില്ലാത്തതുകൊണ്ടാണ് ഇപ്രകാരം ഒരു ലേഖനമെഴുതാൻ സംഗതിയായത്. ആദ്യമായി ഇവയെപ്പറ്റി പറയുന്ന ഗ്രന്ഥവരികൾ പരിശോധിക്കാം. "പരശുരാമൻ കേരളം സൃഷ്ടിച്ചു... ഗ്രാമങ്ങളും ക്ഷേത്രങ്ങളും സൃഷ്ടിച്ചതിന്റെ ശേഷം... ഇനി തേജസ്സുണ്ടാവാൻ വേറിട്ടു ബിംബം വേണമെന്നും വേണ്ടെന്നും തർക്കമുണ്ടായപ്പോൾ അന്നസ്തമിച്ചു ഊരാണ്മക്കാർക്ക് ദർശനമുണ്ടായി... പ്രതിഷ്ഠിക്കുകയും ചെയ്തു. കലിയുഗം പിറന്ന ഭാമാവാപാ എന്ന സംഖ്യ ചെന്ന ദിവസം അന്നസ്തമിച്ചു പിറ്റേന്നാൾ പുലർകാലെ പ്രതിഷ്ഠ ദിവസമാകുന്നതു... ഊരാണ്മക്കാരും സഭയിലുള്ളവരും തമ്മിൽ മത്സരം കൊണ്ടു ഊരാൺമക്കാർക്ക് ബലക്ഷയം പറ്റി... സംഗതി രാജാവിങ്കൽ അറിവിച്ച, മണ്ഡപത്തിൻറെ വടക്കു പുറത്തു ഊരാൺമക്കാർക്കും തെക്കേപ്പുറത്ത് സഭയിലുള്ളവർക്കും കയറി സ്വാമിയെ സേവിക്ക എന്നു വച്ചിരിക്കുന്നു. ഇന്നു മുതൽ അന്തർജ്ജനം ക്ഷേത്രത്തിൽ കടന്നുകൂടെന്നു നിശ്ചയിച്ചു.

ഇപ്രകാരം നടന്നുവരുമ്പോൾ കൊല്ലം 517 മുതൽ സ്വാമിയുടെ ബിംബത്തിന്മേൽ അധികമായിട്ടു ശോഭയോടുകൂടി ഒരു തേജസ്സ് നെല്ലുപ്രമാണം തിളങ്ങിനോക്കിയാറെ ഏകദേശം മാണിക്യരത്നത്തിന്റെ ശോഭ തോന്നുക കൊണ്ടു ആയതു സാദൃശ്യം വെച്ചു നോക്കുന്നതിന് (പൊടിവ്)... അന്വേഷിച്ചാറെ ഓണാട്ടുകരെ രാജാവിൻറെ അടുക്കൽ ഉള്ള പ്രകാരം അറിഞ്ഞു ഊരാൺമക്കാരെല്ലാവരും ഓണാട്ടുകരെ ചെന്നു മാണിക്കരത്നം... ആയച്ചാൽ (പൊടിവ്)... മണ്ഡലത്തിലകം കൊണ്ടുവന്നുതരാമെന്നു രാജാവുങ്കൽ അപേക്ഷിച്ചപ്പോൾ തന്നയയ്ക്കാമെന്നും അവധിക്കകം തരാതെ അതിക്രമിച്ചാൽ (പൊടിവ്) ക്ഷേത്രത്തിൽ കാരായ്മ സമുദായം തരണമെന്നും ആയതു ഊരാൺമക്കാർ എല്ലാവരും സമ്മതിച്ച് ഒഴിഞ്ഞുതന്നാൽ മാണിക്കരത്നം തന്നയയ്ക്കാമെന്നും രാജാവിങ്കൽ നിന്നും... (പൊടിവ്) മണ്ഡലത്തിലകം കൊണ്ടുവന്നുതരാമെന്നും മണ്ഡലത്തിലകം കൊണ്ടുവന്നുതരാതെ മണ്ഡലം അതിക്രമിച്ചാൽ ഞങ്ങളുടെ മാണിക്കക്ഷേത്രത്തിൽ സമുദായമേലായ്മയും (പൊടിവ്) തച്ചുടയകയ്മൾ അവരോധസ്ഥാനവും ഒഴിഞ്ഞുതന്നിരിക്കുന്നു എന്ന് ഊരാണ്മക്കാരെല്ലാവരും കൂടി എഴുതിക്കൊടുത്ത മാണിക്കരത്നമെടി... (പൊടിവ്) നോക്കിയപ്പോൾ വിലമതിയാത്തതായിട്ടുള്ള പ്രകാരം രജതന്മാര് പറകകൊണ്ട് മാണിക്കരത്നം കൊണ്ടുപോന്ന സ്വാമി (പൊടിവ്) സാദൃശ്യം വച്ചു നോക്കിയാറെ മാണിക്കരത്നം ബിംബത്തോടു ചേർന്നു ബിംബത്തിന്മേൽ അധികമായ തേജസ്സ് പ്രകാശിച്ചു കാണുകയും ചെയ്തു. അന്നുമുതൽ കൂടൽമാണിക്കം എന്നുകൂടി പേരുണ്ടായി. പിന്നെ എല്ലാവരും കൂടി ഓണാട്ടുകരെ രാജാവുങ്കൽ ഊരായ്മക്കാര് കാരായ്മ മേലായ്മ സ്ഥാനവും ശ്രീകോവിൽ പണി തച്ചുടയകയ്മൾ അവരോധസ്ഥാനവും... കൊടുക്കുകയും ചെയ്തു..."

ഈ ഗ്രന്ഥവരിയിലെ വാചകം നോക്കിയാൽ ഇത് പുതുക്കിഎഴുതിയതാണെന്നു നിശ്ചയിക്കാം. ടിപ്പുവിൻറെ ആക്രമണം കൊണ്ട് ദേവസ്വം വക സകല റിക്കാർട്ടുകളും നശിച്ചുപോയെന്നു കൊച്ചിരാജ്യചരിത്രം പറയുന്നു. അതുകൊണ്ട് ഈ ഗ്രന്ഥവരി തത്കാലം നടപ്പുള്ള ഐതിഹ്യത്തോടു യോജിപ്പിച്ച് എഴുതിയതായിരിക്കണം. ദേവനെ സംഗമേശൻ എന്നുകൂടി വിളിക്കുന്നുണ്ട്. ഭരതൻ സന്ന്യാസവൃത്തിയിൽ ഇരിക്കുന്ന ഭാവമാണ് വിഗ്രഹത്തിനുള്ളതെന്നും അതുകൊണ്ട് അന്തർജ്ജനങ്ങൾക്കു സ്വാമിദർശനം പാടില്ലെന്നും നാട്ടുകാർ പറയുന്നു. ആദ്യമായി ഗ്രന്ഥവരിയിൽ പറയുന്നപോലെ, പ്രസ്തുത ക്ഷേത്രമിരിക്കുന്ന സ്ഥലം പരശുരാമൻ നിർമ്മിച്ച ഭൂമിയിൽ പെട്ടതാണോ എന്നു നോക്കാം. 'നന്ദീശസംഹിത'യിൽ കേരള ക്ഷേത്രമാഹാത്യമം മുപ്പത്തിരണ്ടാം അധ്യായത്തിൽ ഭാരതഭൂമിയുടെ കിടപ്പും അതിലെ പ്രധാനഭാഗങ്ങളും പറയുന്ന കൂട്ടത്തിൽ പരശുരാമക്ഷേത്രത്തെപ്പറ്റി താഴെ കാണും പ്രകാരം പറയുന്നു-


"ഗുഹ്യകാദ്രേദ്ദ ക്ഷിണതോ-

ദക്ഷകന്യോത്തരേണച;
ഗാന്ധാര കാമരൂപാന്തർ-
ഭാരതം വർഷമീയതേ.
കർമ്മഭൂമി സൂത്രമുഖ്യോ
ബ്രഹ്മർഷിദേശ സംജ്ഞിതഃ
കാശ്മീരാദക്ഷിണഭാഗേ
പഞ്ചനഭേതി കീർത്തിതഃ
കരുദേശോ ദക്ഷിണതോ
മരുദേശസ്തമൂർദ്ധ്യതേഃ
തസ്മാഭവ്യം ദിയാമ്യേ
അവന്തിപദമുത്തമം
തതഃകച്ഛപുരീതസ്യാ
ദക്ഷതോഹ്യപരാന്തകം
ശൂർപ്പാരകേതിരാമസ്യക്ഷേത്രം
സർവ്വസമൃദ്ധിമത്
കവേരശൈലാഭാരഭ്യ
യാവരേക്കന്യാകുമാരികാ
മലയാചലനാമാസ്തിക്ഷേത്രം
ഭീസ്വർഗ്ഗമീരിതം
നാരീകേളീതരുപ്രായം
കേരളേത്യഭിസംജ്ഞിതം
പൂർവ്വം കേരളനാഗേന-
രക്ഷണാദിതികേചന"



മലയാളം എന്ന നാമമാണ് ആദ്യമുണ്ടായതെന്നും കേരളം എന്നതു കാരണാന്തരങ്ങളാലുണ്ടായതാണെന്നും ഇതിൽ നിന്നു മനസ്സിലാക്കാം.* പരശുരാമൻ കേരളത്തെ സൃഷ്ടിച്ചിട്ടുണ്ടെന്നു പുരാണങ്ങളിൽ പറയുന്നുണ്ടല്ലോ. അതെവിടെയാണെന്നു ചോദിക്കുന്ന പക്ഷം അത് മലയാളഭൂമിക്കു വടക്കു സ്ഥിതി ചെയ്യുന്നു എന്നും മലയാളഭൂമി ഭാർഗ്ഗവരാമനുള്ളതല്ലെന്നും പ്രമാണങ്ങൾ കാണിക്കും. ഭാർഗ്ഗവൻ സൃഷ്ടിച്ച ഭൂഭാഗങ്ങൾക്കു സപ്തകൊങ്കണങ്ങൾ എന്നും അവ കേരളം, തുലംഗം, സൗരാഷ്ട്രം, കൊങ്കണം, കരഹാടം, കർണ്ണാടം, ബർബരം എന്നിവയാണെന്നും ഈ ഭൂമിയുടെ ആകെ വിസ്തീർണ്ണം നൂറ് യോജന നീളവും, അഞ്ച് യോജന വീതിയും ആകുന്നുവെന്നും സഹ്യാദ്രിഖണ്ഡത്തിൽ പറയുന്നു. ഭാർഗ്ഗവഭൂമിയുടെ അതിർത്തികൾ താഴെ പറയും പ്രകാരം നിർണ്ണയിച്ചിരിക്കുന്നു.


വൈതരണ്യാദക്ഷിണേതു

സുബ്രഹ്മണ്യാത്തഥോത്തരേ
സഹ്യാത്സാഗരപര്യന്തം
ശൂർപ്പാകാരം വ്യവസ്ഥിതം[1]



(വൈതരണിക്കു തെക്കും സുബ്രഹ്മണ്യത്തിനു വടക്കും സഹ്യപർവ്വതം തുടങ്ങി സമുദ്രം വരെ, അതായതു സഹ്യനു പടിഞ്ഞാറും സമുദ്രത്തിനു കിഴക്കുമായിട്ടു മുറത്തിൻറെ ആകൃതിയിൽ കിടക്കുന്നു എന്നർത്ഥം)

ഭാർഗ്ഗവൻ സ്വന്തമായ ഈ സ്ഥലത്തിരുന്നുകൊണ്ട് ബ്രാഹ്മണരോട് ഞാൻ നിങ്ങൾക്കു ഭൂമി തരികയില്ല; നിങ്ങൾ എല്ലായിടത്തും യാചകന്മാരായി ഭവിക്കും എന്നു മുതലായി ശപിച്ചപ്പോൾ അവർ ഭയന്നു ശാപമോക്ഷത്തിനപേക്ഷിച്ചു. എന്നിട്ടും അദ്ദേഹം സ്വന്തഭൂമിയെ അവർക്കു കൊടുക്കയില്ലെന്നു സിദ്ധാന്തത്തെ ഉറപ്പിച്ചും കൊണ്ടു കലിയുഗമാകുമ്പോൾ നിങ്ങൾ,



അസിപ്രസ്ഥാവനീസ്ഥാനെ

ശ്ലാഘനീയാഭവിഷ്യഥ[2]



(അസിപ്രസ്ഥം എന്ന സ്ഥലത്തു ശ്ലാഘനീയരായ് ഭവിപ്പിൻ)


ഈ അസിപ്രസ്ഥം എന്നതു മലയാളഭൂമിക്കുള്ള വേറൊരു പേരാണ്. എന്തെന്നാൽ,


"അസിഹസ്ഥൈഃരക്ഷിതത്വാൽ

പ്രഭുഭിർന്നാകനാമകൈഃ
അസിപഞ്ജിരതത്വാച്ച
അസിപ്രസ്ഥമഗാടകം"
എന്നു പ്രമാണമുണ്ട്. ഇതിൻറെ അതിർത്തികളാകട്ടെ,
"മലയദ്രോഡഭൂമേസ്തു
സീമാത്വേഹവിനിശ്ചിതാ
പയസ്വിന്യുത്തരന്യാന്തുദക്ഷിണേതുകുമാരികാ
പൂർവ്വസീമാതുഗിരിരാൺമലയഃ
പശ്ചിമേംബുധി"



ഇവയെന്നു 'മലയാദ്രിമാഹാത്മ്യ'ത്തിൽ പറഞ്ഞിട്ടുണ്ട്. ഇവയിൽ നിന്നു ഭാർഗ്ഗവഭൂമിയായ കേരളം മലയാളത്തിനു വടക്കാണ് സ്ഥിതി ചെയ്യുന്നതെന്നും നമുക്കു മനസ്സിലായല്ലോ (ഇവയെപ്പറ്റി വിസ്താരമായി അറിയേണ്ടുന്നവർ പ്രാചീനമലയാളം എന്ന ഗ്രന്ഥരത്നം നോക്കുക). അതുകൊണ്ടുകൂടി, ക്ഷേത്രം പരശുരാമസൃഷ്ടമായ ഭൂമിയിലല്ല ഇരിക്കുന്നതെന്നും നാം കണ്ടു. ദേവന് ‘സംഗമേശൻ’ എന്ന നാമം എങ്ങനെ ഉണ്ടായി എന്നു ചിന്തിക്കാം. കലിയുഗാരംഭത്തിൽ ബിംബം മാറി പ്രതിഷ്ഠ കഴിച്ചു എന്നു പറഞ്ഞിരിക്കുന്ന സ്ഥിതിക്കു ക്ഷേത്രം മുമ്പു തന്നെ ഉണ്ടായിരിക്കണം. ദ്രാവിഡദേശമായ മലയാളത്തു സംസ്കൃതശബ്ദമായ ഈ പേരിന് അന്ന് ഒരു കാര്യവുമില്ലായിരുന്നു. ഒരു കാലത്ത് മലയാളം എന്നല്ല തെക്കേ ഇന്ത്യ മുഴുവനും ശിവാരാധകവാസഭൂമിയായിരുന്നുവെന്നും ഉത്തരദേശത്തു നിന്നുമാണു വൈഷ്ണവമതം ഇങ്ങോട്ടു പ്രചരിച്ചതെന്നും ചരിത്രം ഘോഷിക്കുന്നു. വൈഷ്ണവമതം മലയാളത്തു കടന്നത് ആര്യന്മാരുടെ വരവിനു ശേഷമാണ്. അതായത് കൃസ്താബ്ദം ഒന്നാം നൂറ്റാണ്ടിലാണെന്നു പറയപ്പെട്ടിരിക്കുന്നു. അതിനു മുമ്പാണത്രെ മലയാളത്തിൽ ബുദ്ധമതപ്രചാരമുണ്ടായത്. സംഗമേശൻ എന്ന നാമം ആര്യന്മാരോ, സംസ്കൃതവ്യുല്പന്നന്മാരും ആര്യപരിഷ്കാരത്തിൽ ക്രമത്തിലധികം അഭിനിവേശം കൈക്കൊണ്ടവരുമായ അന്യരോ, കല്പിച്ചതായിരിക്കണം. ഇപ്രകാരം വരുവാനിടം കൊടുത്തതു കൂടൽമാണിക്കം എന്ന സമസ്തപദത്തിന്റെ ‘ചേരു’ അല്ലെങ്കിൽ കിടപ്പ് ആണെന്നു വ്യക്തമാകുന്നു. പിന്നെ, സംസ്കൃതക്കാർക്കു ദേശനാമങ്ങളെക്കുറിക്കുന്ന പദങ്ങളുടെ അർത്ഥമെന്തായാലും വേണ്ടില്ല. ഉച്ചാരണസൗകര്യമുള്ളതും വേർപിരിച്ചർത്ഥം നോക്കുമ്പോൾ ദേശനാമം വരുന്നതും ആയ പദങ്ങൾകൊണ്ടു സാംസ്കൃതീകരിക്കണമെന്നൊരു ഭ്രമമുള്ളതിനു സംഗമേശൻ കൂടാതെ ശ്വാനവൿത്ര തടാകം, കുക്കുടക്രോഡപുരി, നകുലവനം, ഗോശ്രീ മുതലായി അനേകം ഉദാരണങ്ങളുണ്ടല്ലോ.

ഓരോരോ സ്ഥലങ്ങൾക്കു നാമങ്ങൾ ഉണ്ടാകുന്നതു പ്രധാനമായി രണ്ടുമൂന്നു കാരണങ്ങളാലാണെന്നു ‘സദ്ഗുരു’ പത്താം ലക്കത്തിൽ പറഞ്ഞിരിക്കയാൽ ഇവിടെ അവയെ ഉദ്ധരിക്കുന്നില്ല. ദേശനാമങ്ങൾ മിക്കതും, എന്തിന്, എല്ലാം തദ്ദേശഭാഷാപദങ്ങൾ കൊണ്ടു കുറിക്കുന്നതുമാണ് ഈ മലയാളത്തുള്ള ദേശനാമങ്ങൾ ന്യായപ്രകാരം ദ്രാവിഡപദങ്ങളിലായിരിക്കയും വേണം. ആകയാൽ കൂടൽമാണിക്യം എന്ന പദം ദ്രാവിഡശബ്ദം തന്നെയാണ്. മാണിക്കം എന്നതു തമിഴിൽ ശിവന്റെ ഒരു പര്യായനാമമാണെന്നു കാണുന്നു:-


“പൊന്നാര് മേനിയനേ

പുലിത്തോലൈയരൈക്കിശൈത്തു
മിന്നാര് ചെഞ്ചാടൈ മേൽ
മിളിര് കൊന്റെണിന്തവനേ
വന്നേമാമണിയെമഴൈപാടിയുൺ
മാണിക്കമേ
അന്നൈയുനൈയല്ലാനിനിയാരൈ
നിനക്കേനെ”



സുന്ദരമൂർത്തിസ്വാമികളുടെ ശിവസ്തുതിപരമായ തേവാരപ്പതികം (പദ്യം)കൂടാതെ, ദേവാലയത്തെപ്പറ്റി ഞങ്ങളുടെ മാണിക്കക്ഷേത്രത്തിൽ എന്നു ഗ്രന്ഥവരിയിൽ പറഞ്ഞിരിക്കെ കൊണ്ടു 'മാണിക്ക' ശബ്ദത്തിൻറെ പ്രാധാന്യത്തെ വെളിവാക്കുന്നു. കൂടൽ മാണിക്കം ദേവൻ ആദ്യകാലത്തു ശിവൻ ആയിരുന്നുവെന്നും ഒരു ചൊല്ല് ഇപ്പോഴും ഇവിടെയുണ്ട്; തന്നെയല്ല സന്ധ്യയ്ക്കു മറ്റു ശിവക്ഷേത്രത്തിൽ പോയി ദർശിക്കുന്നതിനു പകരം ഇവിടെ ആരാധന കഴിച്ചാൽ മതിയെന്നൊരു നിശ്ചയം നാട്ടുകാർക്ക് ഇന്നുമുണ്ട്. അതുകൊണ്ട് മാണിക്കം എന്നതു ശിവനെക്കുറിക്കുന്ന ഒരു ശബ്ദമെന്നു നാം ധരിച്ചു. മാണിക്കമംഗലം എന്നൊരു ശിവക്ഷേത്രം ഇപ്പോഴുമുണ്ട് എന്നതു വ്യക്തമാണ്. ദേവൻ ഭരതനെന്നു കൽപ്പിച്ചു കെട്ടിമെടഞ്ഞിരിക്കുന്ന കഥ വിസ്മയകരം തന്നെ! ക്ഷേത്രപ്രതിഷ്ഠ ചെയ്തതോ ഭാർഗ്ഗവരാമൻ! ക്ഷത്രിയകുലാന്തകനായ രാമൻ ഒരുത്തമ ക്ഷത്രിയനായ ഭരതനെ പ്രതിഷ്ഠിക്കുന്നതെങ്ങിനെയെന്ന് ഈ ഐതിഹ്യവാഹകന്മാർ തന്നെ പറയട്ടെ. യോഗക്കാരും ഊരാണ്മക്കാരും തമ്മിലുണ്ടായ വഴക്കു കാരണമാണ് അന്തർജ്ജനങ്ങൾ ക്ഷേത്രത്തിൽ കടക്കാതായതെന്നു ഗ്രന്ഥവരിയിൽ പറഞ്ഞിരിക്കയാൽ സന്യാസവും കുലസ്ത്രീത്വവും മറ്റും എവിടെ സൂക്ഷിക്കുമോ? കൂടാതെ ഇന്ന സ്ത്രീകളേ കടക്കാവൂ എന്ന ഒരു നിയമം പക്ഷഭേദരഹിതനായ ദേവനിണങ്ങുമോ എന്നും അറിഞ്ഞുകൂടാ. ഇനി, മാണിക്കം എന്ന നാമത്തോടു കൂടൽ ശബ്ദം എങ്ങിനെ ഘടിപ്പിച്ചിരിക്കുന്നുവെന്നു നോക്കാം.
മാണിക്കക്കല്ല് കൂടിച്ചേർന്നുപോയതുകൊണ്ടാണ് ഇങ്ങനെ വിളിക്കുന്നതെന്നു ഗ്രന്ഥവരി പറയുന്നു. ഇതു കൂടൽ എന്ന ശബ്ദം ശ്രവിച്ചതുകൊണ്ടുണ്ടായ പ്രമാദത്തിലായിരിക്കണം. ഇരുമ്പും കാന്തവും തമ്മിൽ ചേരുന്ന പോലെ ഒരു സംയോഗമുണ്ടായി എന്നും മറ്റും പറഞ്ഞിരിക്കുന്നതു ശാസ്ത്രനിശ്ചയമുള്ളവർ കേട്ടാൽ ചിരിച്ചുപോകും. ഇതിനേക്കാളും കൂടുതൽ വിസ്മയജനകമായ കഥകൾ മലയാളത്തു ധാരാളം നടപ്പുണ്ട്; ഉദാഹരണമായി ഒന്നിവിടെ ചേർക്കാം. ഊരകത്തു ദേവിയെ ഊരകത്തമ്മത്തിരുവടിയെന്നാണ് വിളിച്ചുവരാറ്. തിരുവടി എന്നതിനു തൃപ്പാദങ്ങൾ എന്നർത്ഥം. തിരുവടി എന്നതിനെ ഉച്ചരിച്ച് ഉച്ചരിച്ച് 'തിരുടി' എന്നാക്കി. എന്നിട്ടു ദേവൻറെ മാല മോഷ്ടിക്കയാലാണ് ഇപ്രകാരം പേരുണ്ടായതെന്നു ചില പഴമക്കാർ പറയുന്നു. ഇങ്ങനെയുള്ള ഐതിഹ്യങ്ങൾ ഗുണത്തേക്കാൾ ദോഷത്തെയാണുണ്ടാക്കുന്നത്.
'കൂടൽ' എന്നത് ഒരു സ്ഥലത്തെക്കുറിക്കുന്ന വാക്കാണ്. വൃക്ഷങ്ങൾ തിങ്ങിവളരുന്ന സ്ഥലങ്ങൾക്ക് 'കാവ്' എന്നും 'കൂടൽ' എന്നും പേർ തമിഴുഭാഷയിൽ പറഞ്ഞുവരുന്നു. ക്ഷേത്രവളപ്പിനകത്ത് ഇപ്പോൾ വൃക്ഷമൊന്നുമില്ലാതാക്കി പരിഷ്കരിച്ചിട്ടുണ്ട്. നമുക്ക് അയ്യായിരം വർഷത്തിനു മുമ്പുള്ള ചരിത്രമാണു ചിന്തിക്കേണ്ടത്. ക്ഷേത്രമുറ്റത്തിനു പുറമേ നാലുവശവും ധാരാളം വൃക്ഷങ്ങൾ ഇന്നും കാണാം. കുട്ടികൾ അധികമായും ശരിയായി ആഹാരം കിട്ടാതെയും പാർപ്പിനു തക്ക സ്ഥലമിപ്പോളില്ലാതെയും കുരങ്ങന്മാർ ഈ സ്ഥലത്തു വസിക്കുന്നത് ഒരു കാലം ഇവിടെ വൃക്ഷനിബിഡിമായിരുന്ന ഒരു പ്രദേശമെന്നു തെളിവുകൾ തരുന്നു. കൂടൽമാണിക്കം എന്നതിനു കൂടൽ എന്ന സ്ഥലത്തെ ദേവൻ (ശിവൻ) എന്നു താത്പര്യം. കല്ലിൽ ഭഗവതി, വയ്ക്കത്തപ്പൻ, ശാർക്കര ഭഗവതി, കൂടല്ലൂർ മന (ഈ മന സ്ഥിതിചെയ്യുന്നതു ധാരാളം വൃക്ഷങ്ങൾ ചേർന്നു നിൽക്കുന്ന സ്ഥലത്തായിരിക്കാം) മുതലായവയെപ്പോലെ ഉപയോഗിച്ചുവന്നതാണ്. ഇതിനെല്ലാം പുറമേ കൂടൽ എന്നതും ദേവൻറെ പേരിൽ അന്തർഭവിച്ചു വിട്ടുപിരിവാൻ മേലാത്ത ഒരു ശബ്ദമായിരുന്നെങ്കിൽ ദേവപ്രതിനിധിയായ തച്ചുടയകയ്മളെ ആ അംശം കൂടിച്ചേർത്തു തന്നെ വിളിക്കുമായിരുന്നു എന്നതു പ്രത്യേകം ഓർക്കേണ്ടതാണ്. എന്നാൽ മാണിക്കം കേരളൻ എന്നു മാത്രമേ ഉപയോഗിച്ചു കാണുന്നുള്ളൂ. കൂടാതെ നാട്ടിലുള്ളവർക്ക് മാണിക്കം എന്നു പേരിടാറുണ്ടങ്കിലും കൂടൽ ശബ്ദം ചേർത്തു കാണാറില്ല. സംഗമേശൻ, ലക്ഷ്മീനാരായണൻ, ചന്ദ്രശേഖരൻ ഇങ്ങനെ പൂർണ്ണനാമങ്ങളിട്ട ശേഷം എളുപ്പത്തിനു വേണ്ടി സംഗം, നാരായണൻ, ശേഖരൻ ഇങ്ങനെ വിളിക്കാറുണ്ട്. ഇതുപോലെ കൂടൽ മാണിക്കം എന്നു മാത്രം വിളിക്കാമായിരുന്നു. അങ്ങനെ ചെയ്തുകാണുന്നില്ല. ഏതുവിധം നോക്കിയാലും ഗ്രന്ഥവരിയിൽ പറയുന്ന മാണിക്കസംയോഗം അടിസ്ഥാനമില്ലാത്തതെന്നു നിശ്ചയമായി പറയാം.



കുറിപ്പുകൾ[തിരുത്തുക]


  1. സഹ്യാദ്രിഖണ്ഡം ഉത്തരാർദ്ധം
  2. -സഹ്യാദ്രിഖണ്ഡം