Jump to content

കവിതകൾ (ചട്ടമ്പിസ്വാമികൾ)/കവിതക്കത്ത്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
കവിതകൾ
രചന:ചട്ടമ്പിസ്വാമികൾ
കവിതക്കത്ത്

മറ്റൊരിക്കൽ ചട്ടമ്പിസ്വാമികൾ പെരുന്നെല്ലിക്കയച്ച ഒരു കത്തിലെ മൂന്നു ശ്ലോകങ്ങൾ

മാണിക്യമാമലയിൽ മഞ്ഞുജലക്കുളത്തിൻ-
കോണിൽക്കുരുത്തുവളരും ചെറുകൈതതന്നിൽ
കാണെക്കൊതിക്ക വിലസുന്ന സുമത്തെ വെല്ലും
കായത്തെയൊന്നു കണികാണ്മതിനെന്നു കിട്ടും  !
കപോതമേ ! കല്പകസുനമേ ! ന -
ല്ലപാരസന്തോഷസമുദ്രമേ ! കേൾ
കൃപാമൃതച്ചാർത്തു തുളുമ്പിടും നി -
ന്നപാംഗമോർത്തിട്ടലയുന്നു ചിത്തം
ഏറെത്താമസിയാതെ വന്നു തവ മെയ്
കെട്ടിപ്പുണർന്നെങ്കിലേ നീറിടും
മനമാറുകൊള്ളു സതതം
കൂറുള്ള മാറുള്ള ഹേ


കൊറ്റിനാട്ടു നാരായണ പിള്ള സ്വാമികൾക്കയച്ച രണ്ടു പദ്യങ്ങൾ

ഓടിച്ചാടിനടന്നുവന്നു മടിയിൽ
ഡിമ്മെന്നിടിക്കും വിധൗ
കൂടിക്കൂടിവരുന്ന നന്മധുരമാം
ക്ഷീരം നുകർന്നും മുദാ -
കൂടിത്തള്ളയുമായനാരതമിരു -
ന്നീടും പശുക്കുട്ടി വേർ -
പാടിൽപ്പെട്ടുഴലുന്ന പോലെ വിരഹം
ചേർക്കുന്നു ദുഃഖാർണ്ണവേ
ഇന്നുമേട്ടിലെനിക്കുദിച്ചൊരസുഖം
സർവം ഭവദ്ദർശനം
തന്നാലെന്നിയൊഴിക്കുവാൻ പണി തുലോ -
മാകുന്നു വേകുന്നകം
എന്നാലും തവ ദിവ്യരൂപകമേ
കാണുമ്പൊഴല്പം സുഖം
ചേർന്നാണത്ര ദിനം നയിപ്പതു ഗുരോ
മാം പാഹി നിത്യം മുദാ

ഇവയ്കു ചട്ടമ്പിസ്വാമികളയച്ച മറുപടി

പൊന്നമ്മാ,തങ്കമേയെന്നിരുനയനമണി -
ക്കാതലേ ഭൂതലേയ -
മ്മിന്നിൻകൂട്ടം സ്വരൂപിച്ചൊളിവഴിചിതറും
കോമളാംഗാമലാബ്ധേ !
കന്നൽക്കും തോലുനൽകും തവ മധുരമൊഴി -
ത്തേനൊഴുക്കുന്മുഖത്തേ -
ക്കെൻ കർണങ്ങൾ രണ്ടൂം വരുവതിനരുളും
ചന്ദ്രചൂഡ, ന ജാനേ
ശ്രീമാനായും ചിരംജീവികളിലൊരുവനാ
യും ശിവജ്ഞാനിവർഗ
ക്കോനായും ധീരനായും സുജനഹൃദയമാ -
മാമ്പലിന്നിന്ദുവായും
സീമാതീനാനുകമ്പാമൃതജലനിധിയാ
യും ജനങ്ങൾക്കശേഷം
നേതാവായും ഭവിച്ചിങ്ങുരുതരസുഖിയായ്
വാഴ്ക നീ വാഴ്കയെന്നും