Jump to content

കവിതകൾ (ചട്ടമ്പിസ്വാമികൾ)/കൂട്ടുകവിത

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
കവിതകൾ
രചന:ചട്ടമ്പിസ്വാമികൾ
കൂട്ടുകവിത


ചട്ടമ്പിസ്വാമികളും പെരുന്നെല്ലി കൃഷ്ണൻ വൈദ്യരും ചേർന്ന് ഈരണ്ടുവരി വീതം പൂരിപ്പിച്ച ചില പദ്യങ്ങൾ

ചട്ടമ്പിസ്വാമികൾ

പ്രാണൻ ഭവാനരിയകണ്മണിയും ഭവാനെ-
ന്നാണുങ്ങളോടു പലരോടുമഹോ കഥിച്ചു,

പെരുന്നെല്ലി

കാണുംധനങ്ങളഖിലം ബത കയ്ക്കലാക്കും
നാണംകുണുങ്ങികളെയെങ്ങനെ വിശ്വസിക്കും!

ചട്ടമ്പിസ്വാമികൾ

കയ്യുംപിണച്ചു കണവന്നൊടുറങ്ങുമപ്പോൾ
പയ്യെത്തദീയകരമങ്ങനെ മാറ്റിവച്ചു,

പെരുന്നെല്ലി

കയ്യാലതന്നരികിൽ വന്നൊളിബന്ധുവെക്ക-
ണ്ടയ്യോ! രമിപ്പവരെയെങ്ങനെ വിശ്വസിക്കും

ചട്ടമ്പിസ്വാമികൾ

ബഹുഗ്രാവകീർണം ബതേദം ഹി റോഡി-
ങ്ങഹസ്സിങ്കലും പൊവതത്യന്തകഷ്ടം

പെരുന്നെല്ലി

സഹിക്കാവതോ കൂരിരുട്ടത്തു വെട്ടം
വഹിക്കാതെ പോകുന്ന ദുഃഖം നിനച്ചാൽ

പെരുന്നെല്ലി

മഹിക്കേവനെന്നാകിലും ജാതനായാൽ
സഹിക്കാതെയെന്തോന്നു ചെയ്യുന്നിദാനീം

ചട്ടമ്പിസ്വാമികൾ

വഹിച്ചേ നശിക്കൂ കൃതം കർമമേന്മ
ദഹിക്കും തപസ്സാൽ ക്ഷണം തത് കുരുഷ്വ

പെരുന്നെല്ലി

രഹസ്യം തദപ്യാര്യ! ചൊൽകേറെ രമ്യേ
മഹസ്സിങ്കലേതിൽ മനം ചേർത്തിടേണ്ടൂ?

ചട്ടമ്പിസ്വാമികൾ

ബഹിശ്ചോള്ളിലും ഭക്തിയോടെപ്പോഴും നീ
ഗുഹസ്യാംഘ്രിപദ്മം ഭജിക്കുന്നതേതാൻ

പെരുന്നെല്ലി

ഗുഹൻ താൻ കഥംഭൂതനെന്നുള്ളതേതും
മഹാത്മൻ ! ന ജാനേ മമ പ്രേമരാശേ !

ചട്ടമ്പിസ്വാമികൾ

മഹച്ചേദണുത്വം ച സർവം കവിഞ്ഞും
സുഹൃച്ചിത്തപദ്മത്തടങ്ങുന്നതും താൻ

പെരുന്നെല്ലി

ഇഹ പ്രോക്തമായൊന്നു കേട്ടേനിദാനീ-
മഹം തത്കഥം ചെയ്‌‌തിടേണ്ടു പ്രവീണാ!

ചട്ടമ്പിസ്വാമികൾ

അഹം വച്മി കേളഞ്ചൃഷീകം ച ജിത്വാ
മുഹുശ്ചാന്തരംഗേ ശുചൗ വേണമോർപ്പാൻ